വെള്ളത്തില്‍ മുങ്ങി ഡല്‍ഹി, ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി, പ്രശ്‌നം പരിഹരിക്കാനിറങ്ങി മന്ത്രിമാര്‍
ന്യൂഡല്‍ഹി: കനത്ത മഴയില്‍ മുങ്ങി ഡല്‍ഹി നഗരം. രാജ്യ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലാണ്. ഗതാഗതം അടക്കം തടസ്സപ്പെട്ടിരിക്കുകയാണ്. ഡല്‍ഹിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഞായറാഴ്ച്ചത്തെ അവധി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ റദ്ദാക്കിയിരിക്കുകയാണ്. എല്ലാ മന്ത്രിമാരും, ഉദ്യോഗസ്ഥരും സജീവമായി രംഗത്തുണ്ടാവണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് കെജ്രിവാള്‍.
പ്രശ്‌ന ബാധിത മേഖലകള്‍ സന്ദര്‍ശിക്കണമെന്ന് ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട് അദ്ദേഹം. മേയറും, മന്ത്രിമാരും ചേര്‍ന്ന് പ്രശ്‌ന ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി അതീഷി ഇന്ന് വെള്ളിപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിലക് ബ്രിഡ്ജി മേഖലയാണ് ആദ്യം സന്ദര്‍ശിക്കുക. അതേസമയം എഎപി സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് അടക്കം ഉയരുന്നത്. പലയിടത്തും ഡ്രെയിനേജുകള്‍ നിറഞ്ഞൊഴുകി. അധികൃതരുടെ അനാസ്ഥയാണ് പലരും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വളരെ മോശം ഭരണമാണ് കെജ്രിവാളിന്റേതെന്ന് ഡല്‍ഹി നിവാസികള്‍ ആരോപിച്ചു. ഡല്‍ഹി നഗരത്തില്‍ പലയിടത്തും വെള്ളം നിറഞ്ഞ് കിടക്കുന്ന വീഡിയോകള്‍ ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. വാഹനങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇന്നലെ 126 മില്ലിമീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ ലഭിച്ചതെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. മണ്‍സൂണില്‍ ലഭിക്കേണ്ട മഴയുടെ 15 ശതമാനമാണ് 12 മണിക്കൂറില്‍ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച്ചയും കനത്ത മഴയാണ് ഡല്‍ഹിയിലാകെ രേഖപ്പെടുത്തിയത്. റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ യാത്രക്കാര്‍ക്കെല്ലാം വലിയ ബുദ്ധിമുട്ടുണ്ടായിരിക്കുകയാണ്. ദീര്‍ഘനേരമാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. ശനിയാഴ്ച്ച രാവിലെ എട്ടരയ്ക്കും പതിനൊന്നരയ്ക്കും ഇടയില്‍ 21.4 മില്ലി മീറ്റര്‍ മഴയാണ് സഫ്ദര്‍ജങ് കേന്ദ്രം രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 153 മില്ലമീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്.
1982 ജൂലായിക്ക് ശേഷം പ്രതിദിനം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മഴയാണിത്. കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും വൈദ്യുതിയും, ഇന്റര്‍നെറ്റും തടസ്സപ്പെട്ടിരിക്കുകയാണ്. ആശുപത്രികളെ അടക്കം ഇത് ബുദ്ധിമുട്ടിക്കുന്നുണ്ട്.ഡല്‍ഹിയിലെ ഡ്രെയിനേജ് സംവിധാനങ്ങളാണ് ഏറ്റവും രൂക്ഷ വിമര്‍ശനം നേരിടുന്നത്. കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് ഡല്‍ഹിയിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രമായ കൊണോട്ട് പ്ലേസിലെ കടകളില്‍ അടക്കം വെള്ളം കയറിയിരുന്നു.ഇതേ തുടര്‍ന്ന് മിന്റോ ബ്രിഡ്ജ് അണ്ടര്‍പാസും അടച്ചിരുന്നു.
ഡല്‍ഹിയിലെ തദ്ദേശ സ്ഥാപനങ്ങളുടെ മുന്നൊരുക്കങ്ങളൊന്നും ഫലം കണ്ടില്ലെന്നാണ് വിമര്‍ശനം. പാതി വെള്ളത്തില്‍ മുങ്ങി ആളുകള്‍ നടന്നുപോകുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്. എന്‍സിആര്‍ മേഖലയും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇവിടെയും ഗതാഗതം തടസ്സപ്പെട്ടു. ഗുരുഗ്രാമില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് ഉള്ളത്.












Click it and Unblock the Notifications