ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും: പക്ഷെ സസ്പെന്‍സ് ഒഴിയുന്നില്ല; ഏക്നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമോ?
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുംബൈയിലെ ചരിത്രപ്രസിദ്ധമായ ആസാദ് മൈതാനിയിൽ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. എന്‍ സി പിയില്‍ നിന്നും ശിവസേനയില്‍ നിന്നും ഓരോ ഉപമുഖ്യമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എന്‍ സി പിയില്‍ നിന്നും പാർട്ടി അധ്യക്ഷന്‍ അജിത് പവാർ ഉപമുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. ശിവസേനയില്‍ നിന്നും സാധ്യത മുന്‍മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്കാണെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ഏറെ നാള്‍ നീണ്ടു നിന്ന തർക്കങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരണത്തില്‍ മഹായുതി സഖ്യകക്ഷികള്‍ക്കിടയില്‍ സമാവായമുണ്ടായത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് ശിവസേന രംഗത്ത് എത്തിയതോടെയാണ് തർക്കം ഉടലെടുത്തത്. മുഖ്യമന്ത്രി സ്ഥാനം നേരത്തെ ബി ജെ പി വാഗ്ധാനം ചെയ്തിരുന്നുവെന്നും ശിവസേന നേതൃത്വം അവകാശപ്പെട്ടു. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ബി ജെ പി തയ്യാറായിരുന്നില്ല. തർക്കം രൂക്ഷമായതോടെ അമിത് ഷാ മൂന്ന് നേതാക്കളേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ചർച്ച നടത്തുകയായിരുന്നു. ഇതോടെയാണ് സഖ്യം സമവായത്തിലെത്തിയത്.

43 അംഗ മന്ത്രിസഭയില്‍ ഓരോ പാർട്ടികളുടെ വിഹിതം സംബന്ധിച്ചും ഇപ്പോഴും ചർച്ച തുടരുകയാണ്. 6-1 ഫോർമുലയാണ് സർക്കാർ രൂപീകരണത്തിന് ബി ജെ പി മുന്നോട്ട് വെച്ചിരിക്കുന്ന ആശയം. അതായത് ഓരോ ആറ് എം എൽ എമാർക്കും ഒരു മന്ത്രിയെന്ന രീതിയില്‍. ഈ ഫോർമുല പ്രകാരം ബി ജെ പിക്ക് 20 മുതൽ 22 വരെ മന്ത്രിപദവികള്‍ ലഭിക്കാം. ശിവസേനയ്ക്ക് 12 മന്ത്രി സ്ഥാനങ്ങളും എൻ സി പിയിലെ അജിത് പവാർ വിഭാഗത്തിന് 9 മുതൽ 10 വരെ മന്ത്രിസ്ഥാനങ്ങളുമായിരിക്കും ലഭിക്കുക.
288 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 230ലും വിജയിക്കാന്‍ സഖ്യത്തിന് സാധിച്ചിരുന്നു. ബി ജെ പി 132 സീറ്റ് സ്വന്തമാക്കിയപ്പോള്‍ ശിവസേന 57 സീറ്റും എൻ സി പി 41 സീറ്റും നേടി. അതേസമയം മറുവശത്ത് മഹാ വികാസ് അഘാഡി സഖ്യം വലിയ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. കോണ്‍ഗ്രസ് 37, ശിവസേന-യുബിടി 16, എന്‍ സി പി-എസ്പി 10 എന്നിങ്ങനെയായിരുന്നു പ്രതിപക്ഷത്തെ സീറ്റ് നില.












Click it and Unblock the Notifications