തൊഴിലിടത്തിൽ സ്ത്രീകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പ്രവർത്തിയും ലൈംഗിക പീഡനം; മദ്രാസ് ഹൈക്കോടതി
ചെന്നൈ: പോഷ് നിയമത്തിൽ നിർണായക നിരീക്ഷവുമായി മദ്രാസ് ഹൈക്കോടതി. ജോലിയിടങ്ങളിൽ സ്ത്രീകൾക്ക് ബുദ്ധി മുട്ടുണ്ടാക്കുന്നതോ അസ്വസ്ഥത വരുത്തുന്നതോ ആയ ഏതൊരു പ്രവൃത്തിയും ലൈംഗിക പീഡനമായി കണക്കാക്കാമെന്നാണ് കോടതിയുടെ നിരീക്ഷണം. ഇതിന് പിന്നിലെ ഉദ്ദേശ്യം എന്ത് തന്നെയായാലും അത് പരിഗണിക്കേണ്ടതില്ലെന്നും കോടതി.
തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ തടയാനുള്ള നിയമമാണ് പോഷ് എന്ന പേരിൽ അറിയപ്പെടുന്നത്. യുഎസ് കോടതി വിധി ഉദ്ധരിച്ചുകൊണ്ടാണ് ജസ്‌റ്റിസ് ആർഎൻ മഞ്ജുള ഉത്തരവ് വ്യക്തമാക്കിയത്. ഏതെങ്കിലും രീതിയിലുള്ള വാക്കോ പെരുമാറ്റമോ അനുചിതമായാണ് സ്ത്രീകൾക്ക് അനുഭവപ്പെടുന്നതെങ്കിൽ അത് ലൈംഗികപീഡനത്തിന്റെ പരിധിയിൽ വരുന്നതാണ് എന്ന് കോടതി അറിയിച്ചു.

എച്ച്സിഎൽ ടെക്നോളജീസിലെ മൂന്ന് വനിതാ ജീവൻക്കാർ മേലുദ്യോഗസ്ഥർക്കെതിരെ സമർപ്പിച്ച പരാതി ലൈംഗികപീഡനമല്ലെന്ന ലേബർ കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. സർവീസ് ഡെലിവറി മാനേജർ പാർത്ഥസാരഥിക്കെതിരെ അതേ സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാരാണ് പരാതി നൽകിയത്.
വനിതാ ജീവനക്കാർ പരാതി ഉന്നയിച്ചതോടെ കമ്പനി മആരോപണ വിധേയനായ ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു. ജോലിക്കിടെ ഇയാൾ തന്റെ പദവി ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു വനിതാ ജീവനക്കാരുടെ പരാതി. ജോലിസമയത്ത് ഇയാൾ പിറകിൽ വന്ന് നിൽക്കുകയും സ്ഥിരമായി ഹസ്‌തദാനം ചെയ്യാൻ നിർബന്ധിക്കുകയും തോളിൽ തൊടുമെന്നും പരാതിക്കാർ ആരോപിച്ചിരുന്നു.
കുറ്റം ചെയ്‌തയാൾ തന്റെ ഉള്ളിൽ എന്ത് ചിന്തിക്കുന്നു എന്നതല്ല മാന്യത. മറിച്ച് ഇയാളുടെ പ്രവർത്തനം സ്ത്രീകൾക്ക് എങ്ങിനെ അനുഭവപ്പെടുന്നു എന്നതിലാണ് കാര്യമെന്ന് കോടതി നിരീക്ഷിച്ചു. ന്യായബോധത്തിന്റെ മാനദണ്ഡം സ്ത്രീകൾക്ക് ഈ അക്രമം എങ്ങിനെ അനുഭവപ്പെട്ടു എന്നതിലാണെന്നും നേരെ മറിച്ചല്ലെന്നുംമദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സഹപ്രവർത്തകരുമായി ഇടപഴകുമ്പോൾ നിശ്ചിത മാന്യത ഉറപ്പാക്കണം. നേരത്തെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പുറത്താക്കപ്പെട്ട മാനേജർ പാർത്ഥസാരഥിയെ അനുവദിച്ചില്ല എന്ന പേരിൽ ലേബർ കോടതി വനിതാ ജീവനക്കാരുടെ പരാതി തള്ളിയിരുന്നു. എന്നാൽ ദൃശ്യങ്ങളുടെ ആവശ്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ലേബർ കോടതി ഉത്തരവ് തള്ളിയത്.
എന്താണ് പോഷ് നിയമം?
ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക പീഡനം തടയുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കിയ നിയമമാണിത്. 2013 ഡിസംബർ 9നാണ് ഇത് പ്രാബല്യത്തിൽ വന്നത്. തൊഴിലിടങ്ങളിലെ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ രജിസ്‌റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതായി സമീപകാല റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പോഷ് നിയമത്തിന്റെ പ്രസക്തിയും.












Click it and Unblock the Notifications