മുഖ്യമന്ത്രി സ്ഥാനം വേണം, ഇല്ലെങ്കില്‍ എംഎല്‍എയായി തുടര്‍ന്നോളാം; ഖാര്‍ഗെയോട് ഡികെ ശിവകുമാര്‍
ദില്ലി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടം മുറുകുന്നു. ഡികെ ശിവകുമാര്‍ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അടുത്ത മുഖ്യമന്ത്രിയാവാനുള്ള തന്റെ ആഗ്രഹം ശിവകുമാര്‍ ഖാര്‍ഗെയെ അറിയിച്ചിരിക്കുകയാണ്. 2019ല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് തകര്‍ന്ന ശേഷം പാര്‍ട്ടി കെട്ടിപ്പടുത്ത് ശക്തമായ നിലയിലെത്തിക്കാന്‍ താന്‍ മുന്നില്‍ നിന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു.
ശിവകുമാറും, സിദ്ധരാമയ്യയും ഖാര്‍ഗെയോ കാണാനും, കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്താനുമായി ദില്ലിയിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണവും ഇതിനിടയില്‍ ചര്‍ച്ചയാവുന്നുണ്ട്. താന്‍ പലപ്പോഴും മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്ത ചരിത്രമാണ് ഉള്ളതെന്ന് ശിവകുമാര്‍ ഖാര്‍ഗെയോട് പറഞ്ഞു.സിദ്ധരാമയ്യക്ക് ഇതിനോടകം മുഖ്യമന്ത്രി സ്ഥാനം ലഭിച്ച് കഴിഞ്ഞതാണെന്ന് ഖാര്‍ഗെയോട് ശിവകുമാര്‍ പറഞ്ഞു.

താന്‍ പലതവണ പദവികള്‍ സിദ്ധരാമയ്യക്കായി വിട്ടുകൊടുത്തു. ആദ്യം മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് പ്രതിപക്ഷ നേതൃസ്ഥാനവും അദ്ദേഹത്തിനാണ് ലഭിച്ചതെന്ന് ഖാര്‍ഗെയെ ശിവകുമാര്‍ ബോധ്യപ്പെടുത്തി.
തനിക്ക് ഇനി മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍, പാര്‍ട്ടിയില്‍ വെറും എംഎല്‍എയായി തുടര്‍ന്നോളാമെന്നും ശിവകുമാര്‍ പറഞ്ഞു. സിദ്ധരാമയ്യയുടെ ഭരണകാലയളവ് കര്‍ണാടകയിലെ ദുര്‍ഭരണത്തിന് ഉദാഹരണമാണെന്നും ശിവകുമാര്‍ പറഞ്ഞതിലുണ്ട്. മുഖ്യമന്ത്രി പദത്തിനായി അതിശക്തമായ വാദങ്ങളാണ് ശിവകുമാര്‍ മുന്നോട്ട് വെച്ചത്.
സിദ്ധരാമയ്യയുടെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്തെ പ്രമുഖ വിഭാഗമായ ലിംഗായത്തുകള്‍ അദ്ദേഹത്തിന് എതിരായിരുന്നുവെന്നും ശിവകുമാര്‍ ചൂണ്ടിക്കാണിച്ചു. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കും വലിയ റോള്‍ മുഖ്യമന്ത്രിയെ നിര്‍ണയിക്കുന്നതില്‍ ഉണ്ടാവാനാണ് സാധ്യത.
പാര്‍ട്ടി എംഎല്‍എമാരുടെ രഹസ്യ ബാലറ്റ് പിന്തുണ ആര്‍ക്കാണെന്ന് കൂടി അറിയേണ്ടതുണ്ട്. ഇതിന്റെ ഫലം സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അറിയിക്കും. അതിന് ശേഷമാണ് തീരുമാനമെടുക്കുക. നിലവില്‍ സോണിയാ ഗാന്ധി ഷിംലയിലാണ്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര നിരീക്ഷകര്‍ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്.
45 മിനുട്ടോളമാണ് ഖാര്‍ഗെയുമായി ശിവകുമാര്‍ സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്തുകൊണ്ട് തനിക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടണമെന്നത് മാത്രമാണ് ശിവകുമാര്‍ പറഞ്ഞത്. എന്നാല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്നാണ് ശിവകുമാര്‍ പറയുന്നത്. രണ്ടുപേരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ന് കണ്ടിരുന്നു.
എന്നാല്‍ യോഗത്തില്‍ തീരുമാനമൊന്നും ഉണ്ടായില്ല. രണ്ടുപക്ഷവും പിടിക്കാതെയാണ് ഖാര്‍ഗെ സംസാരിച്ചത്. അതേസമയം അടുത്ത ഘട്ട യോഗം നാളെ നടക്കും. നിലവില്‍ മുന്‍തൂക്കം സിദ്ധരാമയ്യക്കാണ്. എംഎല്‍എമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. ശിവകുമാര്‍ പക്ഷേ സമുദായ വോട്ട് മുന്നില്‍ കാണിച്ചാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്താന്‍ നോക്കുന്നത്.












Click it and Unblock the Notifications