'കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിലേറും', 136 സീറ്റുകൾ ഉറപ്പിച്ച് നേതൃത്വം, സർവ്വേ ഫലം
2023 ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് കർണാടക. 2018 ൽ ജെ ഡി എസുമായി സഖ്യത്തിൽ അധികാരത്തിലേറിയിട്ടും ബിജെപിയുടെ ഓപ്പറേഷൻ താമരയിൽ ഭരണം നഷ്ടമാകുകയായിരുന്നു. നഷ്ടപ്പെട്ട ഭരണം ഇക്കുറി തിരിച്ച് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. സംസ്ഥാനത്ത് സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നാണ് നേതൃത്വം പറയുന്നത്.

2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 104 സീറ്റ് നേടി ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസ് 80 സീറ്റിലേക്ക് ഒതുങ്ങി. ജെ ഡി എസിന് 37 സീറ്റും ലഭിച്ചു. ഇതോടെ ബി ജെ പിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്താൻ കോൺഗ്രസും ജെ ഡി എസും കൈകോർത്തു അധികാരം പിടിക്കുകയും ചെയ്തു. എന്നാൽ ഭരണത്തിലേറി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും സഖ്യത്തിനുള്ള അസ്വാരസ്യങ്ങൾ മുതലെടുത്ത് ബി ജെ പി സംസ്ഥാനത്ത് ഓപ്പറേഷൻ താമര' പയറ്റുകയായിരുന്നു. ഇരു പാർട്ടികളിൽ നിന്നുമായി 17 ഓളം എം എൽ എമാരെ ബി ജെ പിയിൽ എത്തിച്ച് കൊണ്ടായിരുന്നു ഇത്.

എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ബി ജെ പിക്ക് ഓപ്പറേഷൻ താമര പയറ്റാൻ ഇനി സാധിക്കില്ലെന്നാണ് കോൺഗ്രസ് വെല്ലുവിളിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തിൽ ഇത്തവണ സംസ്ഥാന ഭരണം നേടിയെടുക്കുമെന്നും കോൺഗ്രസ് പറയുന്നു. പാർട്ടി നടത്തിയ ആഭ്യന്തര സർവ്വേ ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് നേതാക്കളുടെ പ്രതികരണം.

221 അംഗ നിയമസഭയിൽ 136 വരെ സീറ്റുകൾ വരെ നേടാൻ കോൺഗ്രസിന് സാധിക്കുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു. 'ബി ജെ പിക്ക് 66 സീറ്റുകൾ മാത്രമേ ലഭിക്കാൻ സാധിക്കൂവെന്നാണ് സർവ്വേയിലെ കണ്ടെത്തൽ. സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. ബി ജെ പിയുടെ ദുർഭരണത്തിൽ മടുത്ത ജനം കോൺഗ്രസിന്റെ സംശുദ്ധ ഭരണമാണ് ഇനി ആഗ്രഹിക്കുന്നത്', ഡി കെ ശിവകുമാർ പറഞ്ഞു.

സംസ്ഥാനത്ത് ബി ജെ പിക്ക് ഉയർത്തിക്കാട്ടാൻ പോലും ഒരു നേതാവില്ല. അതിനാലാണ് കേന്ദ്ര നേതാക്കൾ കർണാടകത്തിൽ വന്ന് പോകുന്നത്. ഞങ്ങളെ സംബന്ധിച്ച് കരുത്തനായ നേതാവ് ഉണ്ട്. ദേശീയ അധ്യക്ഷനായ മല്ലികാർജ്ജുൻ ഖാർഗെ സംസ്ഥാനത്തിന്റെ ഓരോ മുക്കും മൂലയും അറിയുന്ന സമർത്ഥനായ നേതാവാണ്. ഏതൊക്കെ മേഖലകളിൽ ഏതൊക്കെ നേതാക്കൾ പ്രചരണം നയിക്കണമെന്ന കാര്യത്തിൽ ഞങ്ങൾ തീരുമാനമെടുക്കും, ഡി കകെ മാധ്യമങ്ങളോട് പറഞ്ഞു.

മറ്റ് പാർട്ടികളിൽ നിന്നും നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറാൻ തിരക്ക് കൂട്ടുകയാണ്. മന്ത്രി ആർ അശോക പറഞ്ഞത് തിരഞ്ഞെടുപ്പിന് മുൻപ് 10 കോൺൺഗ്രസ് എം എൽ എമാർ ബി ജെ പിയിൽ ചേരുമെന്നാണ്. എന്നാൽ ഞങ്ങൾക്കും ഞങ്ങളുടേതായ ലിസ്റ്റുണ്ടെന്നാണ് അവർക്ക് നൽകാനുള്ള മറുപടി', ശിവകുമാർ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് കോൺഗ്രസിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. ഏറ്റവും ഒടുവിലായി യെല്ലാപൂരിൽ നിന്നുള്ള മുൻ ബി ജെ പി എം എൽ എ വി എസ് പാട്ടീലാണ് കോൺഗ്രസിൽ ചേർന്നത്. മുൻ ഹിരേകെരൂർ എം എൽഎ യും ലിംഗായത്ത് നേതാവുമായ യു ജി ബണക്കറിനെ അടുത്തിടെ കോൺഗ്രസ് പാർട്ടിയിൽ എത്തിച്ചിരുന്നു. 10 ഓളം ബി ജെ പി എം എൽ എസിമാർ ഉടൻ രാജിവെച്ച് കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുണ്ട്. ഇതിൽ 3 പേർ ഇതിനോടകം രാജി സന്നദ്ധത അറിയിക്കുകയും കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications