ചൈനീസ് വകഭേദത്തില്‍ പരിഭ്രാന്തരാകേണ്ടതില്ല, വാക്‌സിനേഷന്‍ മുഖ്യം; സെറം സിഇഒ
ന്യൂദല്‍ഹി: ചൈനയിലെ കൊവിഡ് വ്യാപനത്തില്‍ പരിഭ്രാന്തി വേണ്ട എന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി ഇ ഒ അഡാര്‍ പൂനവല്ല. അതേസമയം, കേന്ദ്ര സര്‍ക്കാരും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും നിശ്ചയിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ചൈനയില്‍ നിന്ന് വര്‍ദ്ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ആശങ്കാജനകമാണ്. മികച്ച വാക്‌സിനേഷന്‍ കവറേജും ട്രാക്ക് റെക്കോര്‍ഡും കണക്കിലെടുക്കുമ്പോള്‍ പരിഭ്രാന്തരാകേണ്ടതില്ല, അഡാര്‍ പൂനാവാല ട്വീറ്റ് ചെയ്തു. കൊവിഷീല്‍ഡ് കൊവിഡ് - 19 വാക്‌സിന്‍ നിര്‍മ്മിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി ഇ ഒയാണ് അഡാര്‍ പൂനവല്ല.

അതേസമയം വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ചൈനയില്‍ എണ്ണമറ്റ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക കണക്ക് പ്രകാരം ഇത് പ്രതിദിനം 2,000 മാത്രമാണ് എന്നാണ് പുറത്ത് വരുന്നത്. അതേസമയം ചൈനയിലെ 60 ശതമാനത്തിലധികം പേരും ലോക ജനസംഖ്യയുടെ 10 ശതമാനവും കൊവിഡ് ബാധിക്കാനും ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കാനും സാധ്യതയുണ്ട് എന്നാണ് മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ കെ പി ഫാബിയന്‍ പറയുന്നത്.
ലോക ജനസംഖ്യയുടെ 10 ശതമാനത്തെക്കുറിച്ച് പറയുമ്പോള്‍ ഏകദേശം 8 ബില്യണ്‍ ആണ്. അകായത് 10 ശതമാനം എന്നത് 800 മില്യണ്‍ ആണ്. അത് വളരെ വലിയ സംഖ്യയാണ് എന്നതില്‍ എന്താണ് സംശയം. ഇപ്പോള്‍ തീര്‍ച്ചയായും അത് ശരിയോ തെറ്റോ എന്ന് പറയാനുള്ള വൈദഗ്ധ്യം എനിക്കില്ല, അത് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല.
എന്നാല്‍ ചൈനയുടെ കൊവിഡ് പോരാട്ടരീതിയില്‍ എന്തോ സംഭനവിച്ചു എന്ന് തോന്നുന്നു. അവരുടെ വാക്‌സിന്‍ അത്ര നല്ലതല്ല, മെച്ചപ്പെട്ട വാക്‌സിന്‍ എടുക്കാനോ സ്വന്തം വാക്‌സിന്‍ മെച്ചപ്പെടുത്താനോ അവര്‍ വിസമ്മതിക്കുന്നു എന്നും കെ പി ഫാബിയന്‍ പറഞ്ഞു.
അതേസമയം ചൈനയില്‍ വ്യാപിക്കുന്ന കൊവിഡിന്റെ ഒമിക്രോണ്‍ സബ് വേരിയന്‍ ബി എഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിലായി മൂന്ന് പേരുടെ ഫലം പോസിറ്റീവ് ആണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും എല്ലാ കൊവിഡ് പോസിറ്റീവ് കേസുകളുടെയും സാമ്പിളുകള്‍ ഇന്‍സാകോഗ് ലാബുകളിലേക്ക് അയച്ച് പുതിയ വകഭേദങ്ങള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്താന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.












Click it and Unblock the Notifications