ഏപ്രില്‍ മാസത്തിലെ അവസാന ഒമ്പത് ദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 20,657 കൊവിഡ് മരണം
ദില്ലി: കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ ഏപ്രിൽ 20 നും 28 നും ഇടയിൽ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 20,000 ത്തിലധികം മരണങ്ങൾ. ഏപ്രിൽ മാസത്തിൽ ആകെ റിപ്പോർട്ട് ചെയ്തതിന്റെ പകുതിയിലധികവും അവസാനത്തെ ഈ ഒമ്പത് ദിനിങ്ങളിലാണെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഏപ്രിൽ ഒന്നിനും 28 നും ഇടയിൽ ഇന്ത്യയിൽ 38,260 മരണങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒൻപത് ദിവസങ്ങളിൽ, അതായത് ഏപ്രിൽ 20 മുതൽ രാജ്യത്ത് ആകെ 20,657 മരണങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നാണ് മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് ഓരോ ദിവസവും ദൈനംദിന കേസുകളുടെയും മരണങ്ങളുടെയും കാര്യത്തിൽ വലിയ വര്‍ധനവാണ് ഉണ്ടാവുന്നത്. ബുധനാഴ്ചയും ഇന്ത്യയിൽ റെക്കോർഡ് പുതിയ കേസുകളും മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,60,960 കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,79,97,267 ആയി ഉയർന്നു. ദിവസേനയുള്ള മരണസംഖ്യ ആദ്യമായി 3,000 കടക്കുകയും ചെയ്തു. 3293 പേര്‍ കഴിഞ്ഞ ദിവസം മരിച്ചപ്പോള്‍ ആകെ മരണ സഖ്യ രണ്ട് ലക്ഷം കടന്നു.

മഹാരാഷ്ട്ര, ദില്ലി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചൊവ്വാഴ്ച ദില്ലിയിലും മഹാരാഷ്ട്രയിലും റെക്കോർഡ് മരണ നിരക്കാണ് ഉണ്ടായത്. മഹാരാഷ്ട്ര (895), ദില്ലി (381), ഉത്തർപ്രദേശ് (264), ഛത്തീസ്ഗഢ് (246), കർണാടക (180), ഗുജറാത്ത് (170), ജാർഘഢ് (131), രാജസ്ഥാൻ (121), പഞ്ചാബ് (100), മധ്യപ്രദേശ് (98) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കഴിഞ്ഞ ദിവസത്തെ മരണ നിരക്ക്.












Click it and Unblock the Notifications