കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി, ജമ്മുവിലെ വിവിധ ഇടങ്ങളിൽ പ്രകമ്പനം
ശ്രീനഗർ: ലഡാക്കിലെ കാർഗിലിൽ ഭൂചലനം. വെള്ളിയാഴ്‌ച പുലർച്ചെയോടെയാണ് റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതാതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ജമ്മു കശ്‌മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ന് പുലർച്ചെ 2.50ന് 15 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ജമ്മുവിലെയും ശ്രീനഗറിലെയും നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ഭൂചലനം അനുഭവപ്പെട്ടതായി അവകാശപ്പെട്ടിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉൾപ്പെടെ അടയാളപ്പെടുത്തി നാഷണൽ സെന്റർ ഫോർ സീസ്മോളജി എക്‌സ് പോസ്‌റ്റ് പങ്കുവച്ചിരുന്നു. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച് ഭൂചലനത്തിൽ ഇതുവരെയും ആളപായമില്ല.

ആർക്കും പരിക്കേൽക്കുകയോ കാര്യമായ നാശ നഷ്‌ടങ്ങൾ ഉണ്ടാവുകയോ ചെയ്‌തതായി എവിടെ നിന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. തുടർചലനങ്ങൾ ഉണ്ടാകുമ്പോൾ ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഭൂകമ്പബാധിത പ്രദേശങ്ങളിലെ ഘടനാപരമായ നാശനഷ്‌ടങ്ങൾ വിലയിരുത്തുന്നതിന്റെ നടപടികൾ പുരോഗമിക്കുകയാണ്.
ലേയും ലഡാക്കും രാജ്യത്തെ സീസ്‌മിക് സോൺ-IV ലാണ് സ്ഥിതി ചെയ്യുന്നത്, അതായത് ഭൂകമ്പ സാധ്യതയുടെ കാര്യത്തിൽ അവ വളരെ ഉയർന്ന അപകട മേഖലയിലാണ് എന്നർത്ഥം. ടെക്റ്റോണിക്കലായി സജീവമായ ഹിമാലയൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ലേയും ലഡാക്കും ഇടയ്ക്കിടെയുള്ള ഭൂചലനങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളാണ്.
ഭൂകമ്പ സാധ്യത, മുൻകാലങ്ങളിൽ ഉണ്ടായ ഭൂകമ്പങ്ങൾ, പ്രദേശത്തിന്റെ ടെക്റ്റോണിക് സജ്ജീകരണം എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ഭൂകമ്പ സാധ്യതാ പ്രദേശങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നത്. II മുതൽ V വരെയുള്ള വിഭാഗങ്ങളായാണ് ഈ മേഖലകളെ തരംതിരിച്ചിരിക്കുന്നത്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്സ് (ബിഐഎസ്) രാജ്യത്തെ നാല് ഭൂകമ്പ മേഖലകളായി തിരിച്ചിരിക്കുന്നു, അതായത് സോണുകൾ V, IV, III, II എന്നിങ്ങനെ. സോൺ V ഏറ്റവും ഉയർന്ന ഭൂകമ്പ സാധ്യത പ്രതീക്ഷിക്കുന്ന മേഖലയാണ്, അതേസമയം സോൺ II ഏറ്റവും കുറഞ്ഞ ഭൂകമ്പ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.












Click it and Unblock the Notifications