'600 കോടിയുടെ അഴിമതി', പത്ത് ദിവസത്തെ കസ്റ്റഡി വേണമെന്ന് ഇഡി, കെജ്രിവാളിന് രക്തസമ്മർദ്ദം കുറഞ്ഞു
ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ മുഖ്യ സൂത്രധാരന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. 43 മിനുറ്റ് നീണ്ട വാദത്തില്‍ കെജ്രിവാളിനെതിരെ ഇഡി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ചോദ്യം ചെയ്യലിനായി കെജ്രിവാളിനെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു.
വിചാരണക്കോടതിയായ ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് ഉച്ചയോടെ കെജ്രിവാളിനെ ഹാജരാക്കിയത്. വാദം നടക്കവേ രക്തസമ്മര്‍ദ്ദം കുറഞ്ഞ കെജ്രിവാളിനെ പ്രത്യേക മുറിയിലേക്ക് മാറ്റി. മദ്യനയക്കേസില്‍ കെജ്രിവാളിനെ പ്രതിയാക്കാനുളള നിര്‍ണായക മൊഴികളും മൊഴികളെ സാധൂകരിക്കുന്ന തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഇഡി അവകാശപ്പെടുന്നത്.

600 കോടിയുടേതാണ് മദ്യനയ അഴിമതിക്കേസ് എന്ന് ഇഡി പറയുന്നു. മദ്യനയ രൂപീകരണത്തില്‍ അരവിന്ദ് കെജ്രിവാള്‍ നേരിട്ട് ഇടപെടല്‍ നടത്തിയിട്ടുണ്ട്. സൗത്ത് ലോബിക്ക് വേണ്ടി കാര്യങ്ങള്‍ നീക്കിയതിന് പകരം പ്രതിഫലവും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ 45 കോടി രൂപയുടെ അഴിമതിപ്പണം ആം ആദ്മി പാര്‍ട്ടി 2022ലെ പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചു, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയില്‍ വാദിച്ചു.
പണമൊഴുക്കിന്റെ വഴി തങ്ങള്‍ പരിശോധിച്ചു. നാല് വഴികളിലൂടെയാണ് ഗോവയിലേക്ക് പണം എത്തിയത്. ഈ ആരോപണങ്ങളെല്ലാം തന്നെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ ശരിവെച്ചിട്ടുളളതുമാണ്. ഇയാള്‍ക്ക് നോട്ടുകളായിട്ടാണ് പണം നല്‍കിയിരുന്നത്. ആപിനും സൗത്ത് ലോബിക്കും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് മലയാളിയായ വിജയ് നായര്‍ ആണ്. ഡല്‍ഹി ഗതാഗത വകുപ്പ് മന്ത്രി കൈലാഷ് ഗെഹ്ലോട്ട് നല്‍കിയ വീട്ടില്‍ ആയിരുന്നു ഇയാള്‍ താമസിച്ചിരുന്നത് എന്നും ഇഡി പറഞ്ഞു.












Click it and Unblock the Notifications