'വീട് ഒഴിയാൻ സമ്മതമല്ലെന്ന്' വാടകക്കാരി; ഉടമയും കുടുംബവും പുറത്ത്, ഒരാഴ്ച താമസം കോണിപ്പടിയില്‍
നോയിഡ: വാടകക്കാരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുടമസ്ഥന് കോണിപ്പടിയില്‍ ഇരിക്കേണ്ടി വന്നത് ഒരാഴ്ച. തുടര്‍ന്ന് പൊലീസ് ഇടപെട്ട് തര്‍ക്കം അവസാനിച്ചതോടെയാണ് ഉടമയ്ക്കും കുടുംബത്തിനും വീട്ടില്‍ പ്രവേശിക്കാനായത്.ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ഗ്രേറ്റര്‍ നോയിഡ സെക്ടര്‍ 16ബിയിലുള്ള ഫ്‌ളാറ്റിന്റെ ഉടമസ്ഥരായ സുനില്‍ കുമാര്‍, രാഖി ഗുപ്ത ദമ്പതികള്‍ക്കാണ് ദുരവസ്ഥ ഉണ്ടായത്. ഇരുവരും മുംബൈയില്‍ നിന്ന് നോയിഡയിലെ സ്വന്തം വീട്ടിലെത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.
കെട്ടിടത്തിലെ പതിനഞ്ചാം നിലയിലുള്ള ഫ്ലാറ്റാണ് ഇവര്‍ വാടകയ്ക്ക് കൊടുത്തിരുന്നത്. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും വാടകക്കാരി വീട് ഒഴിയാൻ കൂട്ടാക്കിയില്ല. ജൂണില്‍ വീടൊഴിയണമെന്ന് മാസങ്ങള്‍ക്ക് മുന്‍പേ നിരവധി തവണ വാടകക്കാരിക്ക് മെസേജ് അയച്ചിരുന്നു. എന്നാല്‍ അവര്‍ മെസേജിനോട് ആദ്യം പ്രതികരിച്ചില്ല. പിന്നീട് ഒഴിയാമെന്ന് സമ്മതിച്ചു. ഇതുപ്രകാരമാണ് മുംബൈയില്‍ നിന്ന് ദമ്പതികള്‍ ഗ്രേറ്റര്‍ നോയിഡയിലെത്തിയത്. എന്നാല്‍ ഉടമസ്ഥര്‍ എത്തിയതോടെ വാടകക്കാരിയുടെ പെരുമാറ്റം മാറുകയായിരുന്നു.

ചിത്രം കടപാട് : twitter
ഉടമസ്ഥര്‍ എത്തിയപ്പോള്‍ വീടൊഴിയാന്‍ വാടകക്കാരിയായ സ്ത്രീ സമ്മതിച്ചില്ല. തര്‍ക്കങ്ങള്‍ ഏറെ നടന്നെങ്കിലും വീടൊഴിയാന്‍ കഴിയില്ലെന്നായിരുന്നു വാടകക്കാരിയുടെ നിലപാട്. ഇതോടെയാണ് ഉടമയും കുടുംബവും കോണിപ്പടിയില്‍ താമസം ആരംഭിച്ചത്. തുടര്‍ന്ന് താമസം ഒരാഴ്ച വരെ നീണ്ടു. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും വാടകകാരി നിലപാട് മാറ്റാതായതോടെ ഉടമസ്ഥര്‍ പോലീസിനേയും കോടതിയേയും സമീപിക്കുകയായിരുന്നു. ഇതോടെ വീടൊഴിയാമെന്ന് വാടകക്കാരി സമ്മതിച്ചു.
വീടൊഴിഞ്ഞെങ്കിലും ഇവരുടെ സാധനങ്ങള്‍ ഫ്‌ലാറ്റിനുള്ളില്‍ തന്നെയാണുള്ളത്. ഇത് മാറ്റാന്‍ സമയം വേണമെന്നാണ് വാടകക്കാരിയുടെ ആവശ്യം. വീട്ടുടമയായ രാഖി ഗുപ്ത തന്നെയാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ ചിത്രങ്ങളടക്കം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.












Click it and Unblock the Notifications