പെരുമാറ്റച്ചട്ട ലംഘനമെന്ന് പരാതി, ഹിമന്ത ബിശ്വയ്ക്കും പ്രിയങ്ക ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂ ഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മയ്ക്കും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തിങ്കളാഴ്ച വൈകിട്ടോടെ നോട്ടീസിന് മറുപടി നല്‍കാനാണ് ഇരുനേതാക്കളോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അനുവദിച്ചിരിക്കുന്ന സമയത്തിനുളളില്‍ നേതാക്കള്‍ മറുപടി നല്‍കുന്നില്ലെങ്കില്‍ അവര്‍ക്ക് വിഷയത്തില്‍ ഒന്നും പറയാനില്ലെന്ന് അനുമാനിക്കുമെന്നും അതിന് ശേഷം ഇരുവരേയും വീണ്ടും ബന്ധപ്പെടാതെ തന്നെ ആവശ്യമായ നടപടികളിലേക്ക് കടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് എതിരെ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഛത്തീസ്ഗഡിലെ ഏക മുസ്ലീം എംഎല്‍എയായ മുഹമ്മദ് അക്ബറിനെതിരെ ഹിമന്ത അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാണ് പരാതി. ഒക്ബര്‍ 18ന് ഛത്തീസ്ഗഡിലെ കവാര്‍ധയില്‍ ആണ് അക്ബറിനെതിരെ അസം മുഖ്യമന്ത്രി വിവാദ പ്രസംഗം നടത്തിയത്.
പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി നല്‍കിയിരിക്കുന്നത് രാജസ്ഥാന്‍ ബിജെപിയാണ്. പ്രധാനമന്ത്രിയുടെ വ്യക്തിപരമായ മതവിശ്വാസത്തെക്കുറിച്ച് തെറ്റായ പരാമര്‍ശം പ്രിയങ്ക നടത്തി എന്നാണ് ആരോപണം. ഒരു വ്യക്തിയും വിശ്വസിക്കുന്ന മൂര്‍ത്തിയും തമ്മിലുളള ബന്ധം പൊതുപരിശോധനയ്ക്ക് വിധേയമാക്കേണ്ടതല്ലെന്നും പ്രിയങ്കയുടെ പ്രസ്താവന ഒരു ഭക്തനെ പൊതുജനമധ്യത്തില്‍ വില കുറച്ച് കാട്ടുന്നത് ആണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു.












Click it and Unblock the Notifications