ജമ്മു കാശ്‌മീരിലെ കിഷ്ത്വാറിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു, കത്വയിൽ രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ കിഷ്ത്വാറിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് സൈനികർ വീരമൃത്യു വരിച്ചു, രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. നേരത്തെ മേഖലയിൽ ഭീകരർ പതിയിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാ സേന തിരച്ചിൽ നടത്താനായി എത്തിയത്.
കിഷ്ത്വാറിലെ ഛത്രൂ പ്രദേശത്ത് വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. ജമ്മു കാശ്‌മീർ പോലീസുമായി ചേർന്നുള്ള സംയുക്ത ഓപ്പറേഷനാണ് മേഖലയിൽ നടന്നത്. വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. തുടർന്നുണ്ടായ വെടിവെപ്പിൽ സൈനികർക്ക് പരിക്കേൽക്കുകയായിരുന്നു. കൂടാതെ കത്വ മേഖലയിൽ രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്‌തിരുന്നു.

സുരക്ഷാ സേന പ്രദേശം വളഞ്ഞിട്ടുണ്ടെന്നും പ്രസ്‌തുത ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു. വൈറ്റ് നൈറ്റ് കോർപ്‌സ് എക്‌സിൽ പങ്കുവച്ച പോസ്‌റ്റിലാണ് ഇക്കാര്യം അറിയിച്ചത്. കിഷ്ത്വാറിലെ ഏറ്റുമുട്ടലിൽ ഉൾപ്പെട്ട അതേ ഭീകരർ ജൂലൈയിൽ ഡോഡയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടവരാണെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, റൈസിങ് സ്‌റ്റാർ കോർപ്‌സ് ഖണ്ഡാര കത്വയിൽ നടത്തിയ ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് എകെ 47 തോക്ക്, യുഎസ് നിർമ്മിത എം4 കാർബൈൻ, പിറ്റൾ, മാഗസിനുകൾ, വടിവാൾ, മൊബൈൽ ഫോൺ, ടാർപോളിൻ, മറ്റ് യുദ്ധസമാന സാമഗ്രികൾ എന്നിവ സുരക്ഷാ സേന കണ്ടെടുത്തു.
സെപ്റ്റംബർ 18ന് തെക്കൻ കാശ്‌മീരിലെ അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ, കുൽഗാം ജില്ലകളിലെ 16 സീറ്റുകൾക്കൊപ്പം ചിനാബ് താഴ്‌വര മേഖലയിലെ ദോഡ, കിഷ്ത്വാർ, റംബാൻ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന എട്ട് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഈ ഏറ്റുമുട്ടലുകൾ നടന്നത്. ജമ്മു, കത്വ, സാംബ ജില്ലകളിൽ യഥാക്രമം സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിലായി രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ഒക്ടോബർ എട്ടിനാണ് നടക്കുക.
നീണ്ട പത്ത് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് കാശ്‌മീർ താഴ്വരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ജമ്മു കാശ്‌മീരിന്റെ സംസ്ഥാന പദവി, പ്രത്യേക അവകാശങ്ങൾ എടുത്ത് മാറ്റിയ ശേഷം ആദ്യമായാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്, അതുകൊണ്ട് മേഖലയിലാകെ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications