ഈറോഡ് എംപി എ ഗണേശമൂർത്തി അന്തരിച്ചു; ആത്മഹത്യാ ശ്രമത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു
ചെന്നൈ; എംഡിഎംകെ മുതിർന്ന നേതാവും ഈറോഡ് എംപിയുമായ എ ഗണേശമൂർത്തി അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു ഗണേശമൂർത്തിയുടെ അന്ത്യം. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിച്ച് ഡിഎംകെ സഖ്യത്തിൽ ഗണേശമൂർത്തി വിജയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷം എംപിയായിരുന്ന ഗണേശമൂർത്തിക്ക് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി നേതൃത്വം സീറ്റ് നൽകിയില്ല. ഇതിന്റെ മനോവിഷമത്തിലാണ് അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സൂചനകളുണ്ടായിരുന്നു.

ഒരുപാട് പേരോട് താൻ വീണ്ടും മത്സരിക്കുന്നതായും, സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നും ഗണേശമൂർത്തി പറഞ്ഞിരുന്നു. എന്നാൽ ഇതിനിടെ ഈറോഡ് സീറ്റിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെയാണ് മത്സരിക്കുമെന്ന് അറിയിക്കുകയായിരുന്നു. പകരം വിരുതുനഗർ സീറ്റ് ഘടകകക്ഷിയായ എംഡിഎംകെയ്ക്ക് വിട്ടുനൽകുകയും ചെയ്‌തു. എന്നാൽ ഗണേശമൂർത്തിയ്ക്ക് പകരം ഇവിടെ എംഡിഎംകെയുടെ മുതിർന്ന നേതാവ് വൈക്കോയുടെ മകനെയാണ് ഇവിടെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്.
എന്നാൽ മുതിർന്ന നേതാവ് കൂടിയായ ഗണേശമൂർത്തിയെ അറിയിക്കാതെയാണ് നേതൃത്വം ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന. ഇതിന്റെ മനോവിഷമത്തിലാണ് അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 24 ഞായറാഴ്‌ച ഈറോഡിലെ പെരിയാർ നഗറിലെ സ്വന്തം വസതിയിൽ വച്ചാണ് ഗണേശമൂർത്തി ആതാഹത്യക്ക് ശ്രമിച്ചത്.
കീടനാശിനി കലർത്തിയ വെള്ളം കുടിക്കുകയായിരുന്നു എന്നാണ് സൂചന. ഇതിന് പിന്നാലെ അദ്ദേഹത്തെ ആദ്യം ഈറോഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ വിദഗ്‌ധ ചികിത്സക്കായി കോയമ്പത്തൂരിൽ എത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ തുടരുന്നതിടെ ഇന്ന് പുലർച്ചെയോടെ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്.
വൈകോയുടെ വിശ്വസ്‌തനും വലംകൈയുമായാണ് ഗണേശമൂർത്തി അറിയപ്പെടുന്നത്. വൈകോ ഡിഎംകെയിൽ നിന്ന് പുറത്തുവന്ന സ്വന്തം പാർട്ടി തുടങ്ങിയപ്പോൾ അദ്ദേഹത്തോടൊപ്പം 9 ജില്ലാ സെക്രട്ടറിമാരും ഡിഎംകെ വിട്ടിരുന്നു. അതിലൊരാളായിരുന്നു ഗണേശമൂർത്തി. മാധ്യമികയുടെ (എംഡിഎംകെ) പ്രധാന സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം.
ഗണേശമൂർത്തി ആശുപത്രിയിൽ കഴിയവേ വൈകോയും ദുരൈ വൈകോയും ഉൾപ്പെടെയുള്ള എംഡിഎംകെ നേതാക്കൾ കോയമ്പത്തൂർ ആശുപത്രിയിലെത്തി അദ്ദേഹത്തിണ്ട് ആരോഗ്യവിവരങ്ങൾ അന്വേഷിച്ചിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ ഉൾപ്പെടുന്ന സഖ്യത്തിന് ഗണേശമൂർത്തിയുടെ മരണം തിരിച്ചടിയാകുമോ എന്നാണ് ഇനി അറിയേണ്ടത്. പ്രത്യേകിച്ച് ജനസമ്മതനായ നേതാവായിരുന്നു ഗണേശമൂർത്തി എന്നതിനാൽ തന്നെ.












Click it and Unblock the Notifications