യുക്രൈന്‍ രക്ഷാപ്രവര്‍ത്തനം; ഇടി കേന്ദ്രമന്ത്രിയെ കണ്ടു, പാര്‍ലമെന്ററി സമിതിയിലും ചര്‍ച്ച
ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരെയും അടിയന്തരമായി നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ ഇടി മുഹമ്മദ് ബഷീര്‍ എംപി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അതിര്‍ത്തി രാജ്യങ്ങളായ ഹംഗറി, പോളണ്ട് റുമേനിയ എന്നിവ വഴി നാട്ടിലേക്ക് കൊണ്ടു വരുന്നവരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ഇപ്പോള്‍ ബങ്കറുകളില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും ഇടി അഭ്യര്‍ഥിച്ചു.

ഇന്നു ചേര്‍ന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിലും ഇടി ഇക്കാര്യം ഉന്നയിച്ചു. ഭക്ഷണം, വെള്ളം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റെഡ് ക്രോസുമായി സഹകരിച്ചു പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും ഇന്ത്യ യുക്രൈനുമായും റഷ്യയുമായും നല്ല ബന്ധം തുടരുന്നതിനാല്‍ റഷ്യന്‍ അതിര്‍ത്തികളില്‍ കഴിയുന്ന ആളുകളെ കൊണ്ടുവരുന്നതിനുള്ള സാധ്യതയും ആരായുകയാണെന്നും മന്ത്രി പറഞ്ഞു. അതിര്‍ത്തി രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നത്തിനുള്ള നടപടികള്‍ സ്വീകരിച്ചതയായും മന്ത്രി എംപിയെ അറിയിച്ചു.
നിരവധി പേര്‍ ഇതിനകം ഇന്ത്യയില്‍ എത്തിയെന്നും അതിര്‍ത്തിയിലെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വിദേശ കാര്യ മന്ത്രാലയത്തിന്റെ പാര്‍ലിമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ വിദേശകാര്യ വകുപ്പ് സെക്രട്ടറി വ്യക്തമാക്കി. ക്യാമ്പുകളില്‍ എത്തയവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ട്. യുക്രൈയിനില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും. വിദേശകാര്യമന്ത്രാലയവും എംബസിയും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി മുന്നോട്ടു പോവുകയാണ്. അവിടെ നിന്ന് മടങ്ങി വന്ന കുട്ടികള്‍ക്ക് തുടര്‍പഠനം നിര്‍വഹിക്കാനുള്ള സൗകര്യം ഒരുക്കും. ഹെല്‍പ് ലൈന്‍ സൗകര്യം വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ വിമാനസര്‍വീസുകള്‍ ഏര്‍പ്പാടാക്കുമെന്നും വിദേശകാര്യ സെക്രട്ടറി യോഗത്തില്‍ വ്യക്തമാക്കി .
ബങ്കറുകളിലും മറ്റും കഴിയുന്ന കുട്ടികള്‍ക്ക് ഭക്ഷണവും വെള്ളവും കിട്ടാത്ത സാഹചര്യമാണെന്നും വലിയ തോതിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും എംപി യോഗത്തില്‍ ആവശ്യപ്പെട്ടു. ഉക്രൈയിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ അതിര്‍ത്തി രാജ്യങ്ങളില്‍ എത്തിക്കുന്നതിന് വളരെയേറെ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. മണിക്കൂറുകളോളം ബസ്സില്‍ യാത്ര ചെയ്യേണ്ടതുണ്ട്. ഇന്ത്യ എല്ലാ രാജ്യങ്ങളുമായും നല്ല നയതന്ത്ര ബന്ധം പുലര്‍ത്തുന്നതിനാല്‍ ആളുകളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അവരുടെ സഹകരണം ഉറപ്പു വരുത്തണമെന്ന് എംപി ആവശ്യപ്പെട്ടു.












Click it and Unblock the Notifications