ബിഎസ് യെഡിയൂരപ്പയുടെ കൊച്ചുമകള്‍ തൂങ്ങി മരിച്ച നിലയില്‍, കണ്ടെത്തിയത് വസന്ത്നഗറിലെ ഫ്ളാറ്റിൽ
ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ കൊച്ചുമകള്‍ മരിച്ച നിലയില്‍. സൗന്ദര്യ നീരജ് ആണ് മരണപ്പെട്ടത്. വസന്ത്‌നഗറിലെ ഫ്‌ളാറ്റില്‍ ആണ് സൗന്ദര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഡോക്ടര്‍ ആയ സൗന്ദര്യ എംഎസ് രാമയ്യ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഡോ. നീരജ് ആണ് ഭര്‍ത്താവ്.
സൗന്ദര്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബൗറിംഗ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. സൗന്ദര്യയ്ക്കും നീരജിനും നാല് മാസം പ്രായമുളള കുഞ്ഞുണ്ട്. പ്രസവത്തിന് ശേഷം സൗന്ദര്യയ്ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഇന്ന് രാവിലെ സൗന്ദര്യയെ മുറിയില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടതിന് പിന്നാലെ വീട്ടുകാര്‍ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അവിടെ നിന്നാണ് ബൗറിംഗ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയത്. ഇവിടെ ശസ്ത്രക്രിയാ വിഭാഗത്തില്‍ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ ആയിരുന്നു സൗന്ദര്യ. കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി ഡി സുധാകര്‍ സൗന്ദര്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറി സന്ദര്‍ശിച്ചു.
സൗന്ദര്യയ്ക്ക് പ്രസവശേഷമുളള മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. അക്കാര്യത്തില്‍ സംശയങ്ങളൊന്നുമില്ല. സൗന്ദര്യയ്ക്ക് പ്രസവശേഷമുളള വിഷാദരോഗമുണ്ടായിരുന്നു എന്ന് തങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമായിരുന്നു. യെഡിയൂയപ്പ തികച്ചും അസ്വസ്ഥനാണ്. സൗന്ദര്യയും ഭര്‍ത്താവും മികച്ച ദമ്പതികളായിരുന്നു എന്നും ഡി സുധാകര്‍ കൂട്ടിച്ചേര്‍ത്തു. സൗന്ദര്യയുടെ ഭര്‍ത്താവ് ഡോ. നീരജ് എംഎസ് രാമയ്യ കോളേജിലെ റേഡിയോളജിസ്റ്റാണ്. സൗന്ദര്യ സര്‍ജറിയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി പൂര്‍ത്തിയാക്കിയത് എംഎസ് കോളേജില്‍ നിന്നായിരുന്നു.












Click it and Unblock the Notifications