വ്യാജ ബോംബ് ഭീഷണിക്ക് അറുതിയില്ല; 24 മണിക്കൂറിനിടെ 3 വിമാനങ്ങളെ കൂടി ബാധിച്ചു, ആശങ്ക തുടരുന്നു
ന്യൂഡൽഹി: രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് കടുത്ത ആശങ്ക നൽകികൊണ്ട് വീണ്ടും വ്യാജ ബോംബ് ഭീഷണി തുടർക്കഥയാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വിമാന സർവീസുകളെയാണ് ബോംബ് ഭീഷണി ബാധിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര വ്യത്യാസമില്ലാതെ വിമാനങ്ങൾക്ക് ബോംബ് ഭീഷണി വന്നതോടെ ആശങ്കയിലാണ് യാത്രക്കാരും അധികൃതരും.
ദുബായിലേക്ക് പോവുന്ന ജയ്‌പൂർ വിമാനത്തിനെയും ബോംബ് ഭീഷണി ബാധിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ദുബായ്-ജയ്‌പൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ വൈകുകയായിരുന്നു. രാവിലെ 6.10നാണ് ടേക്ക് ഓഫ് നിശ്ചയിച്ചിരുന്നതെങ്കിലും 7.45ന് മാത്രമാണ് വിമാനം ദുബായിലേക്ക് പുറപ്പെട്ടത്.

ബോംബ് ഭീഷണിയെ തുടർന്ന് നടത്തിയ പരിശോധനകൾക്ക് ശേഷമാണ് വിമാനം പറന്നുയർന്നത്. ഇന്നലെ വൈകീട്ട് ബെംഗളുരുവിൽ നിന്ന് മുംബൈയിലേക്കുള്ള ആകാശ എയർ വിമാനത്തിനെയാണ് ടേക്ക് ഓഫിന് തൊട്ട് മുൻപ് ഭീഷണി ബാധിച്ചത്. ഇതോടെ വിമാന സർവീസിനെ സാരമായി ബാധിക്കുകയായിരുന്നു. തുടർന്ന് വിദഗ്‌ധ പരിശോധന നടത്തുകയും ചെയ്‌തു.
കൂടാതെ ഡൽഹിയിൽ നിന്നുള്ള ലണ്ടനിലേക്കുള്ള വിസ്‌താര വിമാനം വഴിതിരിച്ചു വിടേണ്ടി വന്നു. വിമാനം ഫ്രാങ്ക്ഫുർട്ടിലേക്കാണ് വഴിതിരിച്ചുവിട്ടത്. തുടർന്ന് വിശദ പരിശോധനകൾക്ക് ശേഷം ഇവിടെ നിന്ന് ലണ്ടനിലേക്ക് തന്നെ യാത്ര തിരിച്ചിട്ടുണ്ട്. ഇതടക്കം മൂന്നോളം വിമാന സർവീസുകളെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വ്യാജ ബോംബ് ഭീഷണി ബാധിച്ചിരിക്കുന്നത്.
ഇതോടെ യാത്രക്കാർ ഉൾപ്പെടെ കടുത്ത ആശങ്കയിലാണ്. വിഷയത്തിൽ വ്യോമയാന മന്ത്രാലയം ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ വ്യാജ ബോംബ് ഭീഷണിക്ക് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. കേന്ദ്രമന്ത്രി രാം മോഹൻ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.
ഇതുവരെയുള്ള സംഭവങ്ങളിൽ ഏറിയ പങ്കും കൗമാരക്കാർ ഉൾപ്പെടെ യാതൊരു കാരണവുമല്ലാതെ ചെയ്‌തത് ആണെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം മുംബൈയിൽ സംഭവുമായി ബന്ധപ്പെട്ട ഒരു പതിനേഴ് വയസുകാരനെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഉൾപ്പെടെ ബോംബ് ഭീഷണി ഉയർത്തിയ വ്യക്തിയെയാണ് പിടികൂടിയത്.
നിലവിലെ സാഹചര്യത്തിൽ ഇത്തരം ഭീഷണികൾ പടച്ചുവിടുന്ന ആളുകളെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചിരിക്കുന്നത്. കൂടാതെ കൂടുതൽ കർശനമായ നിയമങ്ങൾ നടപ്പാക്കാൻ മന്ത്രാലയം ഒരുങ്ങുന്നുണ്ടെന്ന സൂചനയും നായിഡു നൽകുകയുണ്ടായി. ഈ ആഴ്‌ച്ച മാത്രം പതിനഞ്ചിൽ അധികം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെയാണ് ആശങ്ക വർധിച്ചത്.












Click it and Unblock the Notifications