തെലങ്കാനയില്‍ ഓടികൊണ്ടിരിന്ന ട്രെയിനില്‍ വന്‍ തീപിടിത്തം: 4 ബോഗികള്‍ കത്തി നശിച്ചു
ഹൈദരാബാദ്: തെലങ്കാനയില്‍ ഓടികൊണ്ടിരുന്ന ട്രെയിനില്‍ വന്‍ തീപിടിത്തം. ഹൗറ-സെക്കന്ദരാബാദ് ഫലക്‌നുമ എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. നാല് ബോഗികള്‍ പൂർണ്ണമായി കത്തി നശിച്ചു. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യാത്രക്കാരെ ബോഗികളിൽ നിന്ന് ഒഴിപ്പിച്ചതിനാൽ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ആർക്കും കാര്യമായ പരിക്ക് പറ്റിയിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഹൈദരാബാദിൽ നിന്ന് 45 കിലോമീറ്റർ അകലെ തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ പഗിഡിപള്ളി, ബൊമ്മൈപള്ളി എന്നീ ഗ്രാമങ്ങൾക്കിടയില്‍ വെച്ചാണ് ട്രെയിനില്‍ തീ പടരുന്നത് ശ്രദ്ധയിപ്പെട്ടത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് കണ്ടെത്തല്‍. റെയിൽവേ അധികൃതരുടെ സമയോചിതമായ ഇടപെടലാണ് ആളപായം ഒഴിവാക്കിയതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

കോച്ചിൽ നിന്ന് പുകയും തീയും ഉയർന്നതോടെ ഉടൻ തന്നെ ട്രെയിൻ നിർത്തി ആളെ പുറത്തിറക്കുകയായിരുന്നു. പരിഭ്രാന്തരായ തൊട്ടടുത്ത ബോഗികളിലുണ്ടായിരുന്ന ആളുകളും വളരെ വേഗത്തില്‍ ട്രെയിനില്‍ നിന്നും ഇറങ്ങി. ഇതിന് ശേഷമാണ് തീ കൂടുതല്‍ ബോഗികളിലേക്ക് പടരുന്നത്. കൂടുതല്‍ റെയിൽവേ അധികൃതരും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി.
ഷോർട്ട് സർക്യൂട്ടിന്റെ കാരണങ്ങൾ ഇതുവരെ അറിവായിട്ടില്ല. ഹൗറയിൽ നിന്ന് പുറപ്പെട്ട ഫലക്‌നുമ എക്‌സ്പ്രസ് സെക്കന്ദരാബാദിലേക്ക് എത്തുന്നതിനും ഏതാനും കിലോമീറ്ററുകള്‍ കൂടി ശേഷിക്കയേയാണ് അപകടമുണ്ടായത്. പിന്നീട് അപകടത്തില്‍പ്പെട്ട കോച്ചുകൾ വേർപെടുത്തുകയും സുരക്ഷാ പരിശോധനകൾ ഉറപ്പാക്കുകയും ചെയ്ത ശേഷം ട്രെയിന്‍ യാത്ര തുടർന്നു.
അതേസമയം, ചാർജർ പോയിന്റ് സമീപം നിന്നുകൊണ്ട് ഒരു യാത്രക്കാരന്‍ പുകവലിക്കുന്നത് കണ്ടതായി മറ്റൊരു യാത്രക്കാരന്‍ റെയില്‍വേ അധികൃതരോട് വെളിപ്പെടുത്തിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ അധികൃതർ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസും റെയില്‍വേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധർ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തും.
അതേസമയം, 290 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ബാലസോർ റെയിൽ അപകടത്തിലേക്ക് നയിച്ചത് സിഗ്‌നല്‍ ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരുടെ പിഴവും അശ്രദ്ധയുമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സിഗ്‌നല്‍ ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിലെ പല തലങ്ങളിലുമുള്ള വീഴ്ചകളാണ് അപകടത്തിന് കാരണമെന്നാണ് സൗത്ത്-ഈസ്റ്റേൺ സോണിലെ റെയിൽവേ സുരക്ഷാ കമ്മീഷണർ എ എം ചൗധരിയുടെ റിപ്പോർട്ടില്‍ പറയുന്നത്.












Click it and Unblock the Notifications