'മോദി മന്ത്രിസഭയിലെ കുടുംബ വാഴ്ച'; ബിജെപിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
ഡൽഹി: ബി ജെ പിയുടേത് കുടുംബവാഴ്ചയെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് നേതാക്കളുടെ ത്യാഗത്തെ കുടുംബാധിപത്യമെന്ന് പരിഹസിച്ചവർ അധികാരം കൈമാറിയത് സർക്കാർ കുടുംബങ്ങളിലേക്കാണെന്ന് മൂന്നാം മന്ത്രിസഭയിലെ അംഗങ്ങളുടെ നിയമനത്തിൽ മനസിലാകുമെന്ന് രാഹുൽ ട്വീറ്റിൽ കുറിച്ചു. മോദി മന്ത്രിസഭയിലെ അംഗങ്ങൾ ഏതൊക്കെ നേതാക്കളുടെ ബന്ധുക്കളാണെന്ന പട്ടികയും രാഹുൽ എക്സിൽ പങ്കുവെച്ചു.
'പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും തലമുറകളെ കുടുംബവാഴ്ചയെന്ന് വിളിച്ചവർ 'സർക്കാർ കുടുംബങ്ങളിലേക്ക്' അധികാരം കൈമാറുന്നതാണ് കാണുന്നത്. വാക്കിലും പ്രവൃത്തിയിലുമുള്ള ഈ വ്യത്യാസത്തെയാണ് നരേന്ദ്ര മോദി എന്നു വിളിക്കുന്നത്'- രാഹുൽ കുറിച്ചു. 20 നേതാക്കളുടെ പട്ടികയും രാഹുൽ പങ്കുവെച്ചിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡയുടെ മകൻ എച്ച് ഡി കുമാരസ്വാമി, മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ കൊച്ചുമകൻ ജവന്ത് ചൗധരി, ബിഹാർ മുഖ്യമന്ത്രി റാവോ കർപൂരി താക്കൂറിന്റെ മകൻ റാം നാഥ് താക്കൂർ, ഹരിയാണ മുൻ മുഖ്യമന്ത്രി റാവോ ബിരേന്ദ്ര സിംഗിന്റെ മകൻ റാവോ ഇന്ദ്രജിത്ത് സിംഗ്, മുൻ ഉത്തർപ്രദേശ് എംപി ജിതേന്ദ്ര പ്രസാദയുടെ മകൻ ജിതിൻ പ്രസാദ, മുൻ ഉത്തർപ്രദേശ് മന്ത്രി മഹാരാജ് ആനന്ദ് സിംഗിൻ്റെ മകൻ കീർത്തി വർധൻ സിംഗ്,
മാധവ റാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ സിന്ധ്യ, മുൻ അരുണാചൽ സ്പീക്കർ റിൻചിൻ ഖാരുവിന്റെ മകൻ കിരൺ റിജിജു, ഏക്നാഥ് ഷിൻഡെയുടെ മരുമകൾ രക്ഷാ ഖഡ്സെ, റാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ, ജയശ്രീ ബാനർജിയുടെ മരുമകൻ ജെ പി നഡ്ഡ,ബി എസ് പി, അപ്നാദൾ സ്ഥാപകൻ ബഹുജൻ സോണലാൽ പട്ടേലിൻ്റെ മകൾ അനുപ്രിയ പട്ടേൽ, ഓം പ്രകാശ് പാസ്വാന്റെ മകൻ കമലേഷ് പാസ്വാൻ തുടങ്ങിയ നേതാക്കളുടെ പേരാണ് രാഹുൽ പങ്കിട്ടത്.
ഞായറാഴ്ചയായിരുന്നു മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രി ഉൾപ്പെടെ 72 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. കേരളത്തിൽനിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും മന്ത്രിസഭയിൽ ഉൾപ്പെട്ടു. മുൻ മന്ത്രിസഭയിലെ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, എസ്.ജയശങ്കർ, ധർമേന്ദ്ര പ്രധാൻ,അശ്വിനി വൈഷ്ണവ്, ഭൂപേന്ദർ യാദവ്, പീയൂഷ് ഗോയൽ, വീരേന്ദ്രകുമാർ, ഹർദീപ് സിങ് പുരി എന്നിവരെല്ലാം പുതിയ മന്ത്രിസഭയിലും ഇടംപിടിച്ചു. ഇവരുടെ വകുപ്പുകളിലൊന്നും മാറ്റമില്ല.












Click it and Unblock the Notifications