കർഷക മാർച്ച്; കണ്ണീർ വാതക പ്രയോഗത്തിനിടെ പരിക്കേറ്റ യുവ കർഷകൻ കൊല്ലപ്പെട്ടു
ചണ്ഡീഗഡ്: ഖനൗരി അതിർത്തിയിൽ കർഷക മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ യുവ കർഷകൻ കൊല്ലപ്പെട്ടു. 24 കാരനായ ശുഭ് കരൺ സിംഗാണ് കൊല്ലപ്പെട്ടത്. സംഘർഷത്തെ തുടർന്ന് പോലീസ് കർഷകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചിരുന്നു. ഇതിൽ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അതേസമയം കണ്ണീർവാതക പ്രയോഗത്തിൽ ഒരു കർഷകനും മരിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രചരിക്കുന്നത് കിംവദന്തിയാണെന്ന് ഹരിയാണ പോലീസ് എക്സിൽ കുറിച്ചു. സംഘർഷത്തിൽ ഡാറ്റാ സിംഗ്-ഖനൗരി അതിർത്തിയിൽ രണ്ട് പോലീസുകാർക്കും ഒരു പ്രതിഷേധക്കാരനും പരിക്കേറ്റിരുന്നു, ഇവർ ചികിത്സയിലാണ് എന്നാണ് പോസ്റ്റിൽ പോലീസ് വ്യക്തമാക്കിയത്.

ഇന്ന് രാവിലെയോടെയാണ് കർഷകർ വീണ്ടും ഡൽഹി ചലോ മാർച്ച് പുനഃരാരംഭിച്ചത്. കർഷകരെ നേടിയാൻ വലിയ പോലീസ് സന്നാഹത്തെ തന്നെ അതിർത്തിയിൽ വിന്യസിച്ചിരുന്നു. പഞ്ചാബ്-ഹരിയാണ അതിർത്തികളായ ശംഭു കനൗരി എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും കർഷകരെ തടയാനായി കോൺക്രീറ്റ് ബാരിക്കേഡുകളും മുള്ളുവേലികളും വലിയ ഷിപ്പിങ് കണ്ടെയ്നറുകളുമെല്ലാം പോലീസ് സ്ഥാപിച്ചിരുന്നു. എന്നാൽ ബാരിക്കേഡുകൾ തകർക്കാൻ കർഷകർ ശ്രമിച്ചതോടെ പോലീസ് കർഷകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു.
അതേസമയം അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ കർഷകരെ അഞ്ചാംവട്ട ചർച്ചയ്ക്കായി ക്ഷണിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. എംഎസ്‌പി,എഫ്ഐആർ പിൻവലിക്കൽ തുടങ്ങി കർഷകരുടെ എല്ലാ ആവശ്യങ്ങളും ചർച ചെയ്യാൻ സർക്കാർ തയ്യാറാണെന്നാണ് കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ട ബുധനാഴ്ച വ്യക്തമാക്കിയത്. കർഷകർ ഇതുവരെ തങ്ങളുടെ നിർദ്ദേശത്തോട് പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
'ഇതുവരെ കർഷകരുടെ ഭാഗത്ത് നിന്ന് പ്രതികരണം വന്നിട്ടില്ല. ചർച്ചകളുമായി മുന്നോട്ട് പോകാനും ഞങ്ങളുടെ നിലപാട് അവരെ അറിയിക്കാനുമാണ് കർഷകരെ ക്ഷണിച്ചത്. വിഷയത്തിൽ എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കി മുന്നോട്ട് പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്', മന്ത്രി വ്യക്തമാക്കി.
അതേസമയം തങ്ങൾ കൂടിയാലോചിച്ചതിന് ശേഷം മാത്രമേ ചർച്ചയിൽ പങ്കെടുക്കണോയെന്ന് തീരുമാനിക്കുകയുള്ളൂവെന്നാണ് കർഷക നേതാവ് സർവാൻ സിംഗ് പാന്ധേർ പ്രതികരിച്ചത്. എംഎസ്പി സംബന്ധിച്ച് സർക്കാർ നിയമം പാസാക്കിയാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളൂവെന്നും അദ്ദേഹം രാവിലെ പ്രതികരിച്ചിരുന്നു. 'ഞങ്ങൾ സമാധാനത്തോടെ മാർച്ച് തുടരും, നമ്മുടെ ജവാൻമാരെ ഞങ്ങൾ ആക്രമിക്കില്ല. സർക്കാർ എം എസ് പി സംബന്ധിച്ച് നിയമം കൈക്കൊണ്ടാൽ പ്രതിഷേധങ്ങൾ അവസാനിക്കും', എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.












Click it and Unblock the Notifications