പൊലീസിനെ കണ്ട് വിരളില്ല... മരിച്ചാലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; 'ഞങ്ങള്‍ ഹിന്ദുസ്ഥാനികള്‍'
ന്യൂഡല്‍ഹി: ആവശ്യങ്ങള്‍ അംഗീകരിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന കര്‍ഷക സംഘടനാ നേതാക്കള്‍. ശംഭു അതിര്‍ത്തിയില്‍ വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു കര്‍ഷകരുടെ പ്രതികരണം. ഡല്‍ഹി ചലോ മാര്‍ച്ചുമായി മുന്നോട്ട് പോകും എന്നും നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ ശംഭു അതിര്‍ത്തിയില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്നത് എന്നും കര്‍ഷകര്‍ വ്യക്തമാക്കി.
'ഞങ്ങളുടെ ആവശ്യം വ്യക്തമാണ്. കര്‍ഷകരുടെ ആവശ്യം നിറവേറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പൊലീസ്, ടിയര്‍ ഗ്യാസുകള്‍, ജലപീരങ്കി എന്നിവയെല്ലാം മുന്‍പും ഞങ്ങള്‍ കണ്ടതാണ്. അതില്‍ നിന്നൊന്നും പിന്തിരിഞ്ഞോടില്ല. ഞങ്ങള്‍ പാകിസ്ഥാനില്‍ നിന്നുള്ളവരല്ല. ഹിന്ദുസ്ഥാനികളാണ്,' കര്‍ഷകര്‍ പറഞ്ഞു. പൊലീസുകാരുടെ പ്രകോപനത്തില്‍ വീഴില്ല. തങ്ങള്‍ ശാന്തമായി തന്നെ പ്രതിഷേധിക്കും എന്നും കര്‍ഷകര്‍ വ്യക്തമാക്കി.

എം എസ് പി എന്ന ആവശ്യത്തില്‍ നിന്ന് തങ്ങള്‍ പിന്നോട്ടില്ല എന്നും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഞങ്ങള്‍ ഡല്‍ഹി അതിര്‍ത്തി വിടില്ല. അണ്ണാ ഹസാരേയും ബാബാ രാംദേവും ഡല്‍ഹിയില്‍ സമരം നടത്തിയിട്ടില്ലേ എന്നും പിന്നെ എന്തിനാണ് തങ്ങളെ തടയുന്നത് എന്നും ഒരു കര്‍ഷകന്‍ ചോദിച്ചു.
പൊലീസ് തങ്ങള്‍ക്കൊരു പ്രശ്‌നമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്ര ദിവസത്തേക്കുള്ള സമരമാണ് എന്ന് പറയാന്‍ പറ്റില്ല. മരണം വരെ സമരം ചെയ്യാന്‍ തങ്ങള്‍ ഒരുക്കമാണ് എന്നും കര്‍ഷകര്‍ വ്യക്തമാക്കി. ഫെബ്രുവരി 13 നാണ് കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ചത്. അതേസമയം കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഇന്ന് കേന്ദ്രവും കര്‍ഷക നേതാക്കളും മൂന്നാം വട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ്.
കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ മുണ്ട, പിയൂഷ് ഗോയല്‍, നിത്യാനന്ദ് റായ് എന്നിവര്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി ഇന്ന് വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കൂടിക്കാഴ്ച നടത്തും. ഇരുപക്ഷവും തമ്മില്‍ മുമ്പ് നടത്തിയ കൂടിക്കാഴ്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. അതേസമയം ആദ്യദിനം മാര്‍ച്ചിന് നേരെ പൊലീസ് നടപടിയുണ്ടായിരുന്നു.
പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ ഭേദിക്കാന്‍ ശ്രമിച്ച കര്‍ഷകരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications