സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ട് വീണ്ടും അക്രമികള്‍: വെടിവെയ്പ്പ്, ബൈക്കില്‍ കടന്ന പ്രതികളെ തേടി പൊലീസ്
മുംബൈ: ബോളിവുഡ് സൂപ്പർ താരം സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ട് വീണ്ടും അക്രമകാരികള്‍. താരത്തിന്റെ വീടിന് നേർക്ക് ആക്രമണം നടന്നതായി പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതൻ അന്തരീക്ഷത്തിലേക്ക് നിരവധി റൗണ്ട് വെടിയുതിർത്ത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിയുതിർത്ത വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും പൊലീസ് വ്യക്തമാക്കുന്നു. അധോലോക സംഘങ്ങളില്‍ നിന്നും നിരന്തരം ഭീഷണി നേരിടുന്ന താരമാണ് സല്‍മാന്‍. നേരത്തേയും അദ്ദേഹത്തിനെതിരെ ആക്രമണ ശ്രമങ്ങള്‍ ഉണ്ടായിരുന്നു.

ജയിലിലുള്ള ഗ്യാങ്സ്റ്റര്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ തുറന്ന ഭീഷണക്കത്ത് തന്നെ താരത്തിന് ലഭിച്ചിട്ടുണ്ട്. തന്റെ ജീവിത ലക്ഷ്യം തന്നെ സല്‍മാന്‍ ഖാനെ വധിക്കുകയാണെന്ന് വ്യക്തമാക്കിയ ക്രിമിനലാണ് ലോറന്‍സ് ബിഷ്ണോയി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സല്‍മാന്‍ ഖാന്റെ വീടിന് സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലയാളികള്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനേയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പഞ്ചാബ് ഡി ജി പിയും നേരത്തെ വ്യക്തമാക്കിയിരുന്നു. സിദ്ദു മൂസെവാല വധക്കേസിലെ പ്രതി കപില്‍ പണ്ഡിറ്റിനെ ചോദ്യം ചെയ്തതോടെയാണ് ഈ വിവരം പുറത്തുവന്നത്. കാനഡ ആസ്ഥാനമായുള്ള ഒളിവില്‍ കഴിയുന്ന ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്ണോയ്, സമ്പത്ത് നെഹ്റ എന്നിവരിലൂടെ സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ട് പണ്ഡിറ്റിനെ സമീപിച്ചതായും പൊലീസ് വ്യക്തമാക്കി.
സച്ചിൻ ബിഷ്ണോയി, സന്തോഷ് യാദവ് എന്നിവരും സല്‍മാന്‍ ഖാന്റെ വീട് നിരീക്ഷിച്ച സംഘത്തിലുണ്ടായിരുന്നു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവൻ ഗോൾഡി ബ്രാർ ആണ് ക്വട്ടേഷൻ നൽകിയത്. ഇദ്ദേഹത്തെ പിടികൂടാന്‍ കഴിയുമോയെന്ന ശ്രമം ആരംഭിച്ചതായും ഇന്റർപോൾ വഴി ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അന്ന് വ്യക്തമാക്കി.
സല്‍മാന്‍ ഖാനെ 2018ല്‍ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ലോറന്‍സ് തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. . കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടാണ് സല്‍മാന്‍ ഖാനെ 2018ല്‍ വധിക്കാന്‍ പദ്ധതിയിട്ടത് എന്നാണ് ലോറന്‍സ് ബിഷ്‌ണോയ് പറഞ്ഞത്. പഞ്ചാബ് പൊലീസിന്റെ ചോദ്യം ചെയ്യലിലായിരുന്നു ഈ വിവരവും പുറത്ത് വന്നത്.












Click it and Unblock the Notifications