ചരിത്രം കുറിച്ച് കൊല്‍ക്കത്ത മെട്രോ; രാജ്യത്തെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ട്രയല്‍ റണ്‍ വിജയകരം
കൊല്‍ക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. കൊല്‍ക്കത്ത മെട്രോയാണ് രാജ്യത്തിന് അഭിമാനമാകുന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരും എഞ്ചിനീയര്‍മാരും മാത്രമുള്ള മെട്രോ റേക്ക് ഹൂഗ്ലി നദിയുടെ അടിയിലൂടെ കൊല്‍ക്കത്ത മുതല്‍ ഹൗറ വരെയാണ് ഓടിയത്. കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് ആധുനിക ഗതാഗത സംവിധാനം ലഭ്യമാക്കുന്നതിനുള്ള വിപ്ലവകരമായ ചുവടുവെപ്പാണിത്.
മെട്രോ റെയില്‍വേ ജനറല്‍ മാനേജര്‍ പി ഉദയ് കുമാര്‍ റെഡ്ഡിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്‍ക്കത്തയിലെ മഹാകരന്‍ സ്റ്റേഷനില്‍ നിന്ന് ഹൗറ മൈതാന്‍ സ്റ്റേഷനിലേക്കാണ് യാത്ര ചെയ്തത്. കൊല്‍ക്കത്ത മെട്രോയുടെ കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയുടെ ഭാഗമാണ് ഹൂഗ്ലി നദിയിലൂടെ കടന്ന് പോകുന്ന രാജ്യത്തെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ടണല്‍. 500 മീറ്ററോളം ദൈര്‍ഘ്യമുള്ള ഇരട്ട തുരങ്ക പാതകളാണ് കെഎംആര്‍സി നിര്‍മ്മിച്ചിരിക്കുന്നത്.

ലണ്ടനെയും പാരീസിനെയും ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ടണല്‍ യൂറോസ്റ്റാറിനെ അനുസ്മരിപ്പിക്കുന്നതാണ് കൊല്‍ക്കത്തയിലെ അണ്ടര്‍വാട്ടര്‍ മെട്രോ റെയില്‍ പാത. വെള്ളത്തിനടിയില്‍ 10 നില കെട്ടിടത്തിന് തുല്യമായ ആഴത്തിലൂടെയാണ് ഹൂഗ്ലി നദിയിലൂടെ മെട്രോ ട്രെയിന്‍ സഞ്ചരിക്കുക. 1.4 മീറ്റര്‍ വീതിയുള്ള കോണ്‍ക്രീറ്റ് വളയങ്ങള്‍ ഉപയോഗിച്ചാണ് ഇരട്ടപാതയുടെ ടണല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഈ തുരങ്കങ്ങളിലേക്ക് വെള്ളം പ്രവേശിക്കുന്നത് തടയാന്‍ ഹൈഡ്രോഫിലിക് ഗാസ്‌കറ്റുകള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഹൗറ മെട്രോ സ്റ്റേഷനാണ് ഹൂഗ്ലി നദിയിലേക്കുള്ള പാതയുടെ സ്റ്റേഷന്‍. ഇതിന് 33 മീറ്റര്‍ (108.268 അടി) ആഴമുണ്ട്. രാജ്യത്തെ ഏറ്റവും ആഴമുള്ള സ്റ്റേഷനും ഇനി മുതല്‍ ഇതായിരിക്കും. നിലവില്‍, ഡല്‍ഹി മെട്രോയുടെ ഭാഗമായ ഹൗസ് ഖാസ് മെട്രോ സ്റ്റേഷന്‍ ആണ് രാജ്യത്ത് ഏറ്റവും ആഴത്തിലുള്ളത്.
ഭൂകമ്പം പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈ തുരങ്കപാതക്ക് എമര്‍ജന്‍സി എക്സിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഉണ്ടായിരിക്കും. ഏകദേശം 8600 കോടി രൂപ ചെലവഴിച്ചാണ് അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പാത തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ മെട്രോയും ഭൂഗര്‍ഭ റെയില്‍വേ പാതയുമായ കൊല്‍ക്കത്ത മെട്രോ റെയില്‍വേ ഇതിലൂടെ പുതിയ ചരിത്രമാണ് കുറിച്ചിരിക്കുന്നത്.
Tips for Typing Speed: ചറാപറാന്ന് വേഗത്തില്‍ ടൈപ്പ് ചെയ്യണോ.. ഇതാ ചില ട്രിക്കുകള്‍
അണ്ടര്‍ വാട്ടര്‍ മെട്രോ റെയില്‍ പദ്ധതിയുടെ ചെലവിന്റെ 48.5 ശതമാനം ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി ആണ് നിക്ഷേപിച്ചിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാതക്കുള്ള ടണല്‍ നിര്‍മാണത്തിനുള്ള യന്ത്രഭാഗങ്ങള്‍ ജര്‍മ്മനിയില്‍ നിന്നും ആണ് ഇറക്കുമതി ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications