ഉസ്താദ് ബിസ്മില്ല ഖാന്റെ മകന്റെ വീട്ടില്‍ മോഷണം, വെള്ളി ഷെഹ്നായികള്‍ മോഷണം പോയി
ഉസ്താദ് ബിസ്മില്ല ഖാന്റെ മകന്റെ വീട്ടില്‍ മോഷണം. ഉസ്താദ് ബിസ്മില്ല ഖാന്റെ അഞ്ച് വെളളി ഷെഹ്നായികള്‍ മോഷണം പോയി.
വാരണാസി : അന്തരിച്ച ഷെഹ്നായി മാന്ത്രികന് ബിസ്മില്ല ഖാന്റെ ഷെഹ്നായികള്‍ മോഷണം പോയി. ബിസ്മില്ല ഖാന്റെ മകന് കാസിം ഹുസൈന്റെ വാരണാസിയിലെ വീട്ടില്‍ നിന്നാണ് ഷെഹ്നായികള്‍ മോഷണം പോയത്. വീട് കുറച്ചു ദിവസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു.
ഞായറാഴ്ച ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. അഞ്ച് വെള്ളി ഷെഹ്നായികളാണ് മോഷണം പോയിരിക്കുന്നത്. അദ്ദേഹത്തിനു ലഭിച്ച ചില സമ്മാനങ്ങളും മോഷണം പോയിട്ടുണ്ട്.
നവംബര്‍ 30നാണ് കുടുംബം ഇവിടെനിന്ന് പോയത്. ഞായറാഴ്ച രാത്രിയോടെയാണ് ഇവര്‍ തിരിച്ചെത്തിയത്. പ്രധാന കവാടത്തിന്റെ പൂട്ട് പൊളിച്ചിരിക്കുന്നത് കണ്ടു. അകത്ത് കയറി നോക്കിയപ്പോഴാണ് ഷെഹ്നായിയും സമ്മാനങ്ങളും മോഷണം പോയത് അറിഞ്ഞത്.
മോഷണം പോയ ഷെഹ്നായികളില് ഒരെണ്ണം വളരെയേറെ പ്രധാനപ്പെട്ടതാണെന്ന് കാസിം ഹുസൈന് പറയുന്നു. മുഹ്റത്തിന്റെ അഞ്ചാംനാളും ഏഴാം നാളും പിതാവ് വായിക്കുന്നതായിരുന്നു അതെന്നും അദ്ദേഹം.മുന്‍ പ്രധാനമന്ത്രി നരസിംഹറാവു, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ തുടങ്ങിയ പ്രമുഖര്‍ പിതാവിന് സമ്മാനിച്ചതാണ് ഇവയെന്നു കബീര്‍ പറയുന്നു.
സംഭവത്തില്‍ കാസിംഹുസൈന് പോലീസില്‍ പരാതി നല്കി. ഫോറന്‍സിക് വിദഗ്ധരും ഡോഗ്സ്ക്വാഡും പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.