ബംഗാൾ സന്ദർശനം റദ്ദാക്കി ദില്ലിയിലേക്ക് മടങ്ങി അമിത് ഷാ: തലസ്ഥാനത്തേക്ക് അഞ്ച് തൃണമൂൽ നേതാക്കളും
ദില്ലി: പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃണമൂൽ കോൺഗ്രസിൽ നിന്ന് ചോർച്ച ശക്തമാകുന്നു. അഞ്ച് തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കാണാൻ ദില്ലിയിലേക്ക് എത്തിയിട്ടുള്ളത്. ഏപ്രിൽ- മെയ് മാസങ്ങളിൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഏറ്റവും ഒടുവിൽ അഞ്ച് പേരാണ് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നിട്ടുള്ളത്.

അഞ്ച് പേർ ബിജെപിയിൽ
മുൻ തൃണമൂൽ നേതാക്കളായ രാജിബ് ബാനർജി, ബൈശാലി ദാൽമിയ, പ്രബീർ ഘോഷാൽ, രതിൻ ചക്രബർത്തിയും രുദ്രനിൽ ഘോഷ് ഇന്ന് ദില്ലിയിൽ വെച്ച് ബിജെപിയിൽ ചേർന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായാണ് വെളിപ്പെടുത്തിയത്. അവരുടെ പ്രവർത്തനങ്ങൾ ബിജെപിയുടെ ബംഗാളിന് വേണ്ടിയുള്ള പോരാട്ടത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ഷാ ട്വിറ്ററിൽ കുറിച്ചു.

അപ്രതീക്ഷിത നീക്കം
വാരാന്ത്യത്തിൽ പശ്ചിമബംഗാൾ സന്ദർശനം നടത്താനും റാലി നടത്താനും ലക്ഷ്യമിട്ടാണ് അമിത് ഷാ ബംഗാളിലേക്ക് പോയതെങ്കിലും ഈ പദ്ധതി റദ്ദാക്കി അമിത് ഷാ ദില്ലിയിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂൽ വിട്ട നേതാക്കളും ഷായെ കാണാൻ ദില്ലിയിലേക്ക് എത്തിയിട്ടുള്ളത്. കൊൽക്കത്തയിലും ഹൌറയിലും റാലി നടത്തിയ ശേഷം ദില്ലിയിലേക്ക് മടങ്ങാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.

ദില്ലിയിലേക്ക് പറന്നു
പശ്ചിമബംഗാളിൽ നിന്ന് ദില്ലിയിലെത്തിയ തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ മുകുൾ റോയ്, കൈലാസ് വിജയ് വർഗീയ, എന്നിവരുടെ സാന്നിധ്യത്തിലാണ് അമിത് ഷായുടെ വസതിയിലെത്തിയ നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. ഹൌറയിലെ റാലിയിൽ വെച്ച് ഇവർ ബിജെപിയിൽ ചേരുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.

ചാർട്ടേഡ് വിമാനത്തിൽ
"അമിത് ഷാ എന്നെ വിളിച്ച് ഉത്തരവാദിത്തങ്ങൾ തനിക്ക് കൈമാറാൻ ആഗ്രഹിക്കുന്നതായി അറിയിക്കുകയായിരുന്നു. അതിനാൽ എനിക്ക് ദില്ലിയിലേക്ക് പോകാൻ ചാർട്ടേഡ് വിമാനം ഒരുക്കിയിരിക്കുകയാണെന്നാണ് രാജിവച്ച പശ്ചിമ ബംഗാളിലെ മുൻ വനം മന്ത്രി രാജിബ് ബാനർജിയുടെ പ്രതികരണം.

അഞ്ച് പേർ ദില്ലിയിലേക്ക്
ബാലിയിൽ നിന്നുള്ള തൃണമൂൽ എംഎൽഎ, ബൈശാലി ദാൽമിയ, ഉത്തർപാറ എംഎൽഎ പ്രഭിർ ഘോഷാൽ, ഹ ഹൌറ മേയർ രതിൻ ചക്രബർത്തി, മുൻ എംഎൽഎ, അഞ്ച് തവണ സിവിൽ ചീഫ് റാണഘട്ട് പാർത്ഥ സാരതി ചാറ്റർജി എന്നിവരാണ് കൊൽക്കത്തയിൽ നിന്ന് ദില്ലിയിലേക്ക് പോയത്.












Click it and Unblock the Notifications