കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവ്, 60 ലക്ഷം രൂപ പിഴ
പാട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി (രാഷ്ട്രീയ ജനതാദള്‍) തലവനുമായ ലാലു പ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സി ബി ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. അതേസമയം ശിക്ഷാ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ലാലുപ്രസാദ് യാദവിന്റെ അഭിഭാഷകന്‍ അറിയിച്ചു. ലാലു പ്രസാദ് യാദവ് ഇതിനോടകം ശിക്ഷ അനുഭവിച്ചതാണെന്നും അദ്ദേഹം വാദിച്ചു.
ഫെബ്രുവരി 15 നാണ് ലാലു പ്രസാദ് യാദവിനെതിരായ അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണക്കേസിലും അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 139.35 കോടി രൂപയുടെ ഡോറണ്ട ട്രഷറി കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ിരിക്കുന്നത്. 950 കോടിയുടെ കാലിത്തീറ്റ കുംഭകോണക്കേസുകളുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളില്‍ ലാലു പ്രസാദ് യാദവ് ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

Recommended Video

ചൈബാസ ട്രഷറി കേസില്‍ 37.7 കോടിയുടേയും 33.13 കോടിയുടേയും ദിയോഘര്‍ ട്രഷറിയില്‍ നിന്ന് 89.27 കോടിയുടേയും ദുംക ട്രഷറിയില്‍ നിന്ന് 3.76 കോടിയുടേയും അഴിമതി നടത്തിയെന്നാണ് ഇതിന് മുന്‍പത്തെ നാല് കേസുകള്‍. 2018-ല്‍ ദുംക കേസില്‍ ശിക്ഷിക്കപ്പെട്ടതിന് 60 ലക്ഷം രൂപ പിഴയും ലാലുവിന് വിധിച്ചിരുന്നു. 2017 ഡിസംബര്‍ മുതല്‍ ജയിലിലായ, ലാലുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ശിക്ഷയുടെ ഭൂരിഭാഗവും അനുഭവിച്ചത്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അദ്ദേഹത്തെ ദല്‍ഹിയിലെത്തിച്ചത്. മൂന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് അരങ്ങേറിയ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട നാല് കേസുകളില്‍ 14 വര്‍ഷം തടവിന് ലാലു ശിക്ഷിക്കപ്പെട്ടിരുന്നു. ലാലുപ്രസാദ് യാദവ് അടക്കം 99 പ്രതികള്‍ക്കെതിരായ വാദം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ പ്രത്യേക സി ബി ഐ കോടതിയിലാണ് നടക്കുന്നത്. 170 പേരാണ് കേസില്‍ പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 55 പേര്‍ മരിച്ചു. ഏഴ് പേര്‍ സര്‍ക്കാര്‍ സാക്ഷികളായി, രണ്ട് പേര്‍ അവര്‍ക്കെതിരായ കുറ്റങ്ങള്‍ അംഗീകരിച്ചു. ആറ് പേര്‍ ഇപ്പോഴും ഒളിവിലാണ്.
ലാലു പ്രസാദ് യാദവിനെ കൂടാതെ മുന്‍ എം പി ജഗദീഷ് ശര്‍മ്മ, അന്നത്തെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി എ സി) ചെയര്‍മാന്‍ ധ്രുവ് ഭഗത്, മൃഗസംരക്ഷണ സെക്രട്ടറി ബെക്ക് ജൂലിയസ്, മൃഗസംരക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ എം പ്രസാദ് എന്നിവരാണ് മുഖ്യ പ്രതികള്‍. കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ 64 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അതില്‍ ആറെണ്ണത്തിലാണ് ലാലു പ്രസാദ് യാദവിനെ കക്ഷിയാക്കിയത്.
ഇതില്‍ അഞ്ച് കേസുകള്‍ ബീഹാര്‍ വിഭജനത്തിന് ശേഷം ജാര്‍ഖണ്ഡിലേക്ക് മാറ്റുകയും ഒരെണ്ണം പട്‌നയില്‍ തീര്‍പ്പാക്കുകയും ചെയ്തിരുന്നു. 1990-91 ലും 1995-96 കാലയളവിലും മൃഗസംരക്ഷണ വകുപ്പിന് (എ എച്ച് ഡി) കാലിത്തീറ്റയും മരുന്നുകളും ഉപകരണങ്ങളും വാങ്ങാനെന്ന പേരിലല്‍ ട്രഷറിയില്‍ നിന്ന് അനധികൃതമായ പണം പിന്‍വലിച്ചു എന്നതാണ് കാലിത്തീറ്റ കുംഭകോണം.












Click it and Unblock the Notifications