മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയുടെ കാറിന് നേരെ കല്ലേറ്: അനില്‍ ദേശ്മുഖിന്റെ തലയ്ക്ക് പരിക്കേറ്റു
മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖ് നു നേരെ ആക്രമണം. നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു അനില്‍ ദേശ്മുഖിന്റെ കാറിന് നേരെ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി നാഗ്പുർ ജില്ലയിലെ കടോളിന് സമീപം ജലാൽഖേഡ റോഡിൽ ബെൽഫറ്റയ്ക്ക് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ദേശ്മുഖിനെ ഉടന്‍ തന്നെ സമീപത്തുള്ള കടോള്‍ സിവില്‍ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ അലക്സിസ് ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു.
ശരത് പവാർ നയിക്കുന്ന എന്‍ സി പി (എസ്പി)യുടെ മുതിർന്ന നേതാവാണ് അനില്‍ ദേശ്മുഖ്. കല്ലേറില്‍ മുന്‍നേതാവിന്റെ നെറ്റിയിലാണ് പരിക്കേറ്റത്. നാഗ്പുർ ജില്ലയിലെ കടോൾ നിയമസഭാ മണ്ഡലത്തിലെ നാർഖേഡിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനചെയ്ത് മടങ്ങുകയായിരുന്നു അദ്ദേഹം. അനില്‍ ദേശ്മുഖിനെ സിടി സ്കാന്‍ ഉള്‍പ്പെടേയുള്ള പരിശോധനകള്‍ക്ക് വിധേയമാക്കിയതായും പരിക്ക് ഗുരുതരമല്ലെങ്കിലും അലക്സിസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയാണെന്നും നാഗ്പൂർ റൂറൽ പൊലീസ് സൂപ്രണ്ട് (എസ്പി) ഹർഷ് പൊദ്ദാർ വ്യക്തമാക്കി.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉത്തരവാദികളായ എല്ലാവരേയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഹർഷ് പൊദ്ദാർ പറഞ്ഞു. കടോൾ നിയമസഭ സീറ്റിലെ സിറ്റിങ് എം എല്‍ എയായ അനില്‍ ദേശ്മുഖിന്റെ മകന്‍ സലീല്‍ ദേശ്മുഖാണ് ഇത്തവണ മണ്ഡലത്തില്‍ എം വി എ സഖ്യത്തിന്റെ ഭാഗമായി ജനവിധി തേടുന്നത്.
മുന്‍ എം വി എ സർക്കാറിലെ ആഭ്യന്തര മന്ത്രിയായിരുന്ന അനില്‍ ദേശ്മുഖിനെ കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി കുറ്റങ്ങൾ ചുമത്തി 2021 ൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. നിലവിൽ ജാമ്യത്തില്‍ കഴിയുന്ന അദ്ദേഹം കടോള്‍ മണ്ഡലം നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ്. 1995 മുതല്‍ 2009 വരെ തുടർച്ചയായി മണ്ഡലത്തില്‍ നിന്നും ജയിച്ച് വന്നിരുന്ന ദേശ്മുഖ് 2014 ല്‍ ബി ജെ പിയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ച് പിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
അതേസമയം, അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം വി എ പ്രവർത്തകർ രാത്രിയോടെ തന്നെ കടോള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹേബ് തൊറാട്ട് ആക്രമണത്തെ അപലപിക്കുകയും, നാഗ്പൂർ ജില്ലയിൽ നിന്നുള്ള ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് നേരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു. 'ആഭ്യന്തര മന്ത്രിയുടെ ജന്മദേശമായ ജില്ലയിൽ ക്രമസമാധാനമില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അടിയന്തര ഇടപെടൽ വേണം' അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications