മുന്‍ ഒഡീഷ മുഖ്യമന്ത്രിയും മുന്‍എംപിയും കോണ്‍ഗ്രസിലേക്ക്: ലോക്സഭ തിരഞ്ഞെടുപ്പില്‍ കരുത്താവും
ഭുവനേശ്വർ: മുൻ ഒഡീഷ മുഖ്യമന്ത്രിയും മുന്‍ എംപിയും കോണ്‍ഗ്രസില്‍ ചേരുന്നു. മുന്‍ മുഖ്യമന്ത്രി ഗിരിധർ ഗമാംഗും മുൻ കോരാപുട്ട് എംപി ജയറാം പാംഗിയുമാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഗമാംഗും പാംഗിയും കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് ജേപൂരിലെ കോൺഗ്രസ് എം എൽ എ താരപ്രസാദ് ബഹിനിപതി വ്യക്തമാക്കിയത്. ഇരു നേതാക്കളുമായും വ്യക്തിപരമായ ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ് താരപ്രസാദ് ബഹിനി.
ഗമാംഗ് ഈ മേഖലയിലെ പ്രമുഖ ഗോത്ര നേതാവും 9 തവണ കൊരാപുട്ട് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയുമായിരുന്നു. 1999 ലാണ് അദ്ദേഹം ഒഡീഷയുടെ മുഖ്യമന്ത്രി കസേരയിലേക്ക് ഗമാംഗ് എത്തുന്നത്. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോണ്‍ഗ്രസ് വിട്ട് ഗമാംഗ് 2015 ലാണ് ബി ജെ പിയിലേക്ക് ചുവടുമാറ്റുന്നത്. എന്നാല്‍ ഈ വർഷം ജനുവരിയില്‍ ബി ജെ പിയും വിട്ട അദ്ദേഹം അടുത്തിടെ കെ ചന്ദ്രശേഖര റാവുവിന്റെ ബി ആർ എസില്‍ ചേർന്നിരുന്നു.

'ഒഡീഷ മുഖ്യമന്ത്രിയായും പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി സി സി) പ്രസിഡന്റായും ഗമാംഗ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നെങ്കിലും സോണിയ ഗാന്ധിക്കും കോൺഗ്രസ് ഹൈക്കമാൻഡിനും എതിരെ ഗാംങ് ഒരക്ഷരം മിണ്ടിയില്ല. അതിനാൽ, അദ്ദേഹം ഉടൻ കോൺഗ്രസിൽ തിരിച്ചെത്തിയേക്കും' ബഹിനിപതി അവകാശപ്പെട്ടു.
ഒപിസിസി പ്രസിഡന്റ് ശരത് പട്ടനായകിന്റെയും കോരാപുട്ട് എംപി സപ്തഗിരി ഉലകയുടെയും സാന്നിധ്യത്തിൽ ഒഡീഷയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി എ ചെല്ലകുമാറുമായി ഗമാംഗും മകന്‍ സിരിഷ് ഗമാംഗ് അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. എ ഐ സിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ശുഭവാർത്തയായിരിക്കും അപ്പോള്‍ കേള്‍ക്കാന്‍ സാധിക്കുകയെന്നും ബഹിനിപതി പറഞ്ഞു.
കോൺഗ്രസിൽ ചേരാനുള്ള തങ്ങളുടെ ആഗ്രഹം നേരത്തെ അറിയിച്ചിട്ടുണ്ടെന്ന് ഗമാംഗിന്റെ മകൻ സിരിഷും മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2009 ൽ ബിജെഡി സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് ബിജെപിയിൽ ചേരുകയും ചെയ്ത ജയറാം പാംഗിയും കോൺഗ്രസിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി ബഹിനിപതി പറഞ്ഞു. പൊട്ടങ്കി സെഗ്‌മെന്റിൽ നിന്ന് നാല് തവണ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഇദ്ദേഹം.
ഒഡീഷയിൽ ബി ആർ എസിന് പാർട്ടി വിപുലീകരണ പദ്ധതികള്‍ ഇല്ലാത്തതിനാലാണ് ഗമാങ് കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. 2009 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവായ ഗമാങിനെ പരാജയപ്പെടുത്തിയാണ് ജയറാം പാങ്ങി ലോക്സഭയിലേക്ക് എത്തുന്നതെന്നാണ് ശ്രദ്ധേയം. അതേസമയം അതേസമയം, മറ്റ് പാർട്ടികളുടെ നേതാക്കളെയും മുമ്പ് പാർട്ടി വിട്ടുപോയവരെയും കോൺഗ്രസ് സ്വാഗതം ചെയ്യുമെന്ന് ഒപിസിസി പ്രസിഡന്റ് ശരത് പട്‌നായിക് വ്യക്തമാക്കി.












Click it and Unblock the Notifications