ജി20യില്‍ പങ്കെടുത്തില്ലെങ്കില്‍ നഷ്ടം ചൈനയ്ക്ക്; ഇന്ത്യക്കൊരു പ്രശ്‌നവുമില്ലെന്ന് കേന്ദ്ര മന്ത്രി
ദില്ലി: ജി20 യോഗത്തില്‍ നിന്ന് ചൈന വിട്ടുനില്‍ക്കുന്നത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ലെന്ന് ഇന്ത്യ. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗാണ് പ്രതികരണവുമായി എത്തിയത്. ചൈന പങ്കെടുക്കില്ലെന്ന് കരുതി യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല. അതവരുടെ മാത്രം നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.
ജി20 രാജ്യങ്ങളില്‍ ചൈന ഒഴിച്ചുള്ള പ്രതിനിധികള്‍ ശ്രീനഗറില്‍ ഇന്നലെ എത്തിയിട്ടുണ്ട്. മൂന്നാമത് ജി20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗമാണ് ശ്രീനഗറില്‍ നടക്കുന്നത്. അതേസമയം പാകിസ്താനില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ചൈന പങ്കെടുക്കാതിരിക്കുന്നതെന്നാണ് സൂചന. കശ്മീര്‍ ഇന്ത്യയുടെ മേഖലയല്ലെന്നും, സ്വതന്ത്രമാണെന്നുമുള്ള നിലപാടാണ് ചൈന ആവര്‍ത്തിക്കുന്നത്.

ചൈന പിന്‍മാറിയത് ലഡാക്ക് വിഷയത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണോ എന്ന ചോദ്യത്തിന്, അക്കാര്യം വിദേശകാര്യ മന്ത്രാലയം പ്രതികരിക്കുമെന്നായിരുന്നു ജിതേന്ദ്ര സിംഗ് പറഞ്ഞു. പല വേദികളിലായി പരിപാടി നടക്കുന്നത്. പ്രതിനിധികള്‍ക്ക്, അവര്‍ സന്ദര്‍ശിക്കുന്ന സ്ഥലത്തെ കുറിച്ച് കൃത്യമായൊരു ധാരണ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
യൂറോപ്പിലെ പോലെ ചെറിയൊരു രാജ്യമല്ല നമ്മുടേത്. ഇന്ത്യ ഒരു വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കശ്മീരിലെ ജനങ്ങള്‍ എല്ലാം മറന്നു മുന്നോട്ട് പോയി കഴിഞ്ഞു. പാകിസ്താന്‍ എന്തെങ്കിലും പറയുന്നതില്‍ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
കശ്മീരിലെയും ശ്രീനഗറിലെയും ജനങ്ങളോട് നിങ്ങള്‍ കാര്യങ്ങള്‍ ചോദിക്കൂ. അവര്‍ പക്ഷേ എളുപ്പത്തില്‍ സംസാരിച്ചെന്ന് വരില്ല. എന്നാല്‍ തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുത്തത് കാരണം, ജനങ്ങള്‍ക്കുള്ള ഭയം ഇല്ലാതായിട്ടുണ്ടെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. നേരത്തെ കശ്മീരിലെ ജനങ്ങള്‍ എല്ലാം മറന്ന് മുന്നോട്ട് പോവുകയാണെന്ന് മന്ത്രി അവകാശപ്പെട്ടിരുന്നു.
പൊതുനിരത്തിലെ ജനങ്ങള്‍ക്ക് തീവ്രവാദത്തെ തുടര്‍ന്ന് രണ്ട് തലമുറകളിലായിട്ട് പ്രിയപ്പെട്ട നഷ്ടപ്പെടുന്ന കാഴ്ച്ചയായിരുന്നുവെന്നും, അതിപ്പോള്‍ മാറിയെന്നും സിംഗ് വ്യക്തമാക്കി. അതേസമയം ഇന്ത്യ ടൂറിസം സാധ്യത ശക്തമാക്കാന്‍ കൂടിയാണ് ശ്രീനഗറില്‍ തന്നെ ജി20 യോഗം നടത്തുന്നത്.
ഒരിക്കല്‍ കൂടി കശ്മീരിനെ ഷൂട്ടിംഗ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. മുമ്പ് ബോളിവുഡ് ചിത്രങ്ങള്‍ ധാരാളമായി ഇവിടെ ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വേണ്ടത്ര സ്ഥല സൗകര്യങ്ങള്‍ ഇല്ലാതായതോടെ ഷൂട്ടിംഗ് വലിയ തോതില്‍ കുറഞ്ഞിരുന്നു. ഇവിടേക്കുള്ള ഗതാഗതവും, മറ്റ് അടിസ്ഥാന സൗകര്യങ്ങളുമാണ് ഇപ്പോഴും ഷൂട്ടിംഗിന് അടക്കം വെല്ലുവിളിയാവുന്നത്.
ജി20 യോഗത്തില്‍ പങ്കെടുക്കാന്‍ സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര്‍ എത്തിയിട്ടുണ്ട്. ആര്‍ആര്‍ആര്‍ താരം രാംചരണ്‍ അടക്കമുള്ളവരാണ് എത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുന്നൂറോളം സിനിമകളുടെയും സീരിയലുകളുടെയും ഷൂട്ടിംഗ് കശ്മീരില്‍ നടന്നുവെന്നാണ് മന്ത്രി കിഷന്‍ റെഡ്ഡി അവകാശപ്പെടുന്നത്.












Click it and Unblock the Notifications