'ഗാംഗുലിയെ കുറിച്ച് അസഭ്യം പറഞ്ഞു, എന്റെ വീട്ടുകാരെ തെറിവിളിച്ചു..'; ഗംഭീറിനെതിരെ തിവാരി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഗംഭീര്‍ തന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ചിട്ടുണ്ട് എന്നും മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട് എന്നും തിവാരി തുറന്നടിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും രഞ്ജി ട്രോഫിയില്‍ ഡല്‍ഹി ടീമിന് വേണ്ടിയും ഒന്നിച്ച് കളിച്ചിട്ടുള്ളവരാണ് തിവാരിയും ഗംഭീറും. 2015 ലെ രഞ്ജി ട്രോഫി മത്സരത്തിനിടെ ഗംഭീറും തിവാരിയും തമ്മില്‍ വലിയ വാക്‌പോര് നടന്നിരുന്നു. അന്ന് ഗംഭീര്‍ തന്റെ കുടുംബത്തെ അധിക്ഷേപിക്കുകയും സൗരവ് ഗാംഗുലിയെക്കുറിച്ച് മോശം കാര്യങ്ങള്‍ പറയുകയും ചെയ്തു എന്നാണ് തിവാരി പറയുന്നത്.

'ഡല്‍ഹിയില്‍ രഞ്ജി ട്രോഫി മത്സരത്തിനിടെ എന്നോട് വഴക്കിട്ടപ്പോള്‍, ഗൗതം ഗംഭീറിന്റെ വായില്‍ നിന്ന് വാക്കുകള്‍ എല്ലാവരും കേട്ടതാണ്. സൗരവ് ഗാംഗുലിയെ കുറിച്ച് മോശമായി സംസാരിച്ചിട്ടും എന്റെ കുടുംബത്തെ അധിക്ഷേപിച്ചിട്ടും ചില വ്യക്തികള്‍ അദ്ദേഹത്തെ സംരക്ഷിച്ചു. ഞാന്‍ പറഞ്ഞ അതേ പിആര്‍ ആണ് കളിക്കാരെ തിരഞ്ഞെടുക്കുന്നതും അവരെ പ്ലെയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കുന്നതും,' തിവാരി പറഞ്ഞു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഗംഭീറിന്റെ പല തീരുമാനങ്ങളേയും തിവാരി ചോദ്യം ചെയ്തിരുന്നു. ഓസീസ് പര്യടനത്തിലെ തോല്‍വിയില്‍ പലകോണില്‍ നിന്ന് ഗംഭീറിന് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ നിതീഷ് റാണയും ഹര്‍ഷിത് റാണയും സോഷ്യല്‍ മീഡിയയില്‍ ഗംഭീറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതും പിആര്‍ ഗെയിമിന്റെ ഭാഗമാണ് എന്നാണ് തിവാരി പറയുന്നത്.
'ഇരുവരും ഗംഭീറിന് കീഴില്‍ കെകെആറിന് വേണ്ടി കളിച്ചവരാണ്. അതിനാല്‍, ക്യാപ്റ്റനെന്ന നിലയില്‍ കെകെആറിനെ രണ്ട് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ച ആളുടെ പക്ഷത്തായിരിക്കും അവര്‍ നില്‍ക്കുക,' തിവാരി പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരെ പെര്‍ത്ത് ടെസ്റ്റ് കളിച്ച ഹര്‍ഷിത് റാണയെയും തിവാരി ചോദ്യം ചെയ്തു. 'ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരായ പരമ്പരകളില്‍ ആകാശ് ദീപ് മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും എന്തുകൊണ്ട് അദ്ദേഹം ടീമിലിടം നേടിയില്ല?
ആകാശ് ദീപ് എന്ത് തെറ്റാണ് ചെയ്തത്? ബംഗ്ലാദേശിനെതിരെയും ന്യൂസിനെതിരെയും അദ്ദേഹം അതിശയകരമായ സ്‌പെല്ലുകള്‍ എറിഞ്ഞു. പക്ഷേ നിങ്ങള്‍ അവനെ ഉപേക്ഷിച്ച് ഹര്‍ഷിത്തിനൊപ്പം പോയി,' തിവാരി ചൂണ്ടിക്കാട്ടി. താന്‍ വസ്തുതകളെ കുറിച്ചാണ് സംസാരിക്കുന്നത് എന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ല എന്നം തിവാരി പറഞ്ഞു.












Click it and Unblock the Notifications