കാമുകനൊപ്പം പോയി, കടത്തിയതെന്ന് പരാതി
ഇന്‍ഡോര്‍: കാമുകനൊപ്പം ചുറ്റാന്‍ പോയി നേരം വൈകി വീട്ടിലെത്തിയ 15 കാരി മാതാപിതാക്കളോട് പറഞ്ഞത് രണ്ട് പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്ന്. അച്ഛനമ്മമാരുടെ അടി പേടിച്ചാണ് പെണ്‍കുട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ടതായി കഥയുണ്ടാക്കിയത്. എന്നാല്‍ സംഭവം പോലീസ് അന്വേഷിക്കാന്‍ തുടങ്ങിയതോടെ കള്ളി പൊളിഞ്ഞു.
ജനുവരി 14നായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വരുന്ന വഴി ഒരു വാന്‍ ഡ്രൈവറും മറ്റ് രണ്ടുപേരും കൂടി തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. തട്ടിക്കൊണ്ടുപോയി തന്നെ വിജനമായ സ്ഥലത്ത് വെച്ച് കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ പരാതി വിശ്വസിച്ച് അജ്ഞാതരായ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണവും തുടങ്ങി.

പെണ്‍കുട്ടി പറയുന്ന കഥയില്‍ പലതും വിശ്വസിക്കാനാവാതെ പോലീസ് കുഴങ്ങിയതാണ് കഥയിലെ വഴിത്തിരിവ്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ മാനഭംഗത്തിന് ഇരയായിട്ടില്ല എന്നായിരുന്നു ഫലം. സംശയം തോന്നിയ പോലീസ് പരാതിക്കാരിയെ തന്നെ നന്നായി ഒന്ന് ചോദ്യം ചെയ്തു. അപ്പോഴാണ് സത്യം മണിമണിയായി പുറത്തുവന്നത്.
കാമുകനായ ധര്‍മേന്ദ്ര പരിഹറിന്റെ കൂടെ കറങ്ങിനടക്കുകയാരുന്നു പെണ്‍കുട്ടി. വീട്ടിലെത്താന്‍ വൈകിയപ്പോള്‍ അടിപേടിച്ചാണ് തട്ടിക്കൊണ്ടുപോകപ്പെട്ടതായി കള്ളം പറഞ്ഞതെന്ന് പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചു. പരാതിക്ക് ഒരു പഞ്ച് കിട്ടാന്‍ വേണ്ടിയാണ് ബലാത്സംഗ കഥ കൂടി ചേര്‍ത്തത്. എന്തായാലും പെണ്‍കുട്ടിയുടെ കാമുകനായ പരിഹറിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പോലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications