ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണം; അവകാശവാദം ഉന്നയിക്കാന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി കോണ്‍ഗ്രസ്
പനജി: വോട്ടെണ്ണലിന് മിനിറ്റുകള്‍ മാത്രം ശേഷിക്കെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുന്നതിനായി ഗവര്‍ണറോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടി കോണ്‍ഗ്രസ്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയ്ക്ക് രാജ്ഭവനിലേക്ക് എത്തുന്നതിന് അനുമതി വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017 ല്‍ പറ്റിയ പോലെ അബദ്ധം പറ്റാതിരിക്കാന്‍ കരുനീക്കം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഗോവയില്‍ തൂക്കുമന്ത്രിസഭയുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥികളില്‍ വിശ്വാസമുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. തങ്ങള്‍ക്കുവേണ്ടി അക്ഷീണം പ്രചാരണം നടത്തിയ തങ്ങളുടെ ബ്ലോക്കുകളിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സ്ഥാനാര്‍ത്ഥികള്‍ക്ക് ശക്തമായ ബന്ധമുണ്ട്. അവര്‍ തമ്മിലുള്ള ബന്ധം പാര്‍ട്ടിയോടുള്ള വിശ്വസ്തത ഉറപ്പാക്കുമെന്നും കഴിഞ്ഞ ദിവസം ചിദംബരം പറഞ്ഞിരുന്നു.

ഓരോ സ്ഥാനാര്‍ത്ഥിയും തന്റെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവെന്നും അവരില്‍ പലരും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് വിജയിപ്പിക്കാന്‍ ബ്ലോക്ക് പ്രവര്‍ത്തകര്‍ അഹോരാത്രം പ്രയത്നിച്ചു. അതാണ് സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് കൂറ് പുലര്‍ത്തും എന്നുള്ള ഏറ്റവും വലിയ ഉറപ്പ്, ചിദംബരം വ്യക്തമാക്കി. കോണ്‍ഗ്രസിനായി മത്സരിച്ചവര്‍ തോറ്റാലും ജയിച്ചാലും പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കുമെന്നും ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും ചിദംബരം അവകാശപ്പെട്ടു.എല്ലാ സ്ഥാനാര്‍ത്ഥികളോടും സംസാരിച്ചതിനാല്‍ കഴിഞ്ഞ ആഴ്ചയേക്കാള്‍ ഇന്ന് എനിക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,' ചിദംബരം പറഞ്ഞു. മാത്രമല്ല ബി ജെ പി ഇതര മുന്നണി രൂപീകരിക്കാന്‍ മറ്റ് ചെറിയ പാര്‍ട്ടികളുമായി പ്രവര്‍ത്തിക്കാന്‍ തന്റെ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഗോവയില്‍ ഇത്തവണ ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും മത്സരത്തിനുണ്ട്. ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസ്, എം ജി പിയുമായി സഖ്യത്തിലുമാണ് മത്സരിക്കുന്നത്. 40 അംഗ ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 14 നാണ് നടന്നത്. 2017 ലെ തിരഞ്ഞെടുപ്പില്‍ ഗോവയിലെ 40 ല്‍ 17 സീറ്റും കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാല്‍ 13 സീറ്റുകള്‍ നേടിയ ബി ജെ പി ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു.
രണ്ട് വര്‍ഷത്തിന് ശേഷം, 15 കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് മാറി. കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് ബാബു കാവ്‌ലേക്കറെ ബി ജെ പി ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications