സ്വർണം വാങ്ങിക്കൂട്ടി ഇന്ത്യൻ വ്യാപാരികൾ; ഇതാണ് കാരണം.. വരാനിരിക്കുന്നത് ചാകര
സ്വർണ വില കേരളത്തിൽ വീണ്ടും റെക്കോഡ് തൊട്ടു. ഇന്നലത്തെ വിലയെ അപേക്ഷിച്ച് ഗ്രാമിന് 65 രൂപയാണ് ഇന്ന് വർധിച്ചത്. നിലവിൽ 9470 രൂപയാണ് ഗ്രാമിന് വില. പവന് വില 520 രൂപ ഉയർന്ന് 75,760 രൂപയായി. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 170 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.
ആഗോള വിപണിയിൽ വില കുതിക്കുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന് മേൽ ട്രംപ് ചെലുത്തുന്ന സമ്മർദ്ദങ്ങളാണ് ഇപ്പോൾ സ്വർണവിലയെ സ്വാധീനിക്കുന്നത്. ഫെഡറൽ ഖിസർവ് ഗവർണറായിരുന്ന ലീസ കുക്കിനെ പുറത്തിക്കായ ട്രംപിന്റെ നടപടി വലിയ പ്രതിസന്ധിക്കാണ് വഴിവെച്ചത്.

നിലവിൽ ഫെഡ് ചെയർമാനായ ജെറോം പവലിനെ രാജിവെപ്പിക്കാനുള്ള നീക്കത്തിലാണ് ട്രംപ് ഭരണകുടം. ട്രംപ് സർക്കാർ പവലിന് പകരക്കാരനെ തേടുകയാണ്. ഇത്തരത്തിൽ ഫെഡ് റിസർവ്വിന് മേലുള്ള സമ്മർദ്ദങ്ങൾ വിപണിയിൽ കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിക്ഷേപകർ വ്യാപകമായി സ്വർണത്തിലേക്ക് നീങ്ങുകയാണ്. പെരുമ ഉയരുന്നത് സ്വർണത്തിന് വിലക്കുതിപ്പിലേക്കാണ് നയിക്കുന്നത്.
അതേസമയം വില ഉയരുന്നുണ്ടെങ്കിലും സ്വർണം വാങ്ങിക്കൂട്ടുകയാണ് ഇപ്പോൾ ഇന്ത്യൻ വ്യാപാരികൾ. ഈ ആഴ്ച ഇന്ത്യയിൽ ഭൗതിക സ്വർണത്തിന്റെ വിൽപന വർധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റ് രാജ്യങ്ങളിലുള്ളവർ സ്വർണം വാങ്ങാൻ മടിച്ച് നിൽക്കുകയാണ്, അതിനിടയിലാണ് ഇന്ത്യൻ വ്യാപാരികളിൽ നിന്നും അനുകൂല പ്രതികരണം ഉണ്ടായത്.
ഔദ്യോഗിക വിലയേക്കാൾ ഒരു ഔൺസിന് 4 ഡോളർ അധികം നൽകിയാണത്രേ സ്വർണം വാങ്ങിയത്. 6 ശതമാനം ഇറക്കുമതി നികുതിയും 3 ശതമാനം വിൽപ്പന നികുതിയും ഉൾപ്പെടെയുള്ള വിലയാണിത്. കഴിഞ്ഞയാഴ്ച 2-3 ഡോളർ വരെ കിഴിവുണ്ടായിരുന്നിടത്താണിത്.
'വില ഉയർന്നതോടെ ആഴ്ചകളോളം ജ്വല്ലറികൾ സ്വർണം വാങ്ങിയിരുന്നില്ല. എന്നാൽ ഇപ്പോൾ വില കാര്യമായി കുറയുന്നില്ലെന്ന് കണ്ടതോടെയാണ് ഉത്സവ സീസൺ കൂടി കണക്കിലെടുത്ത് ഇപ്പോൾ സ്വർണം വാങ്ങി തുടങ്ങിയത്', വ്യാപാരികളിൽ ഒരാൾ പറഞ്ഞു. ഒക്ടോബറിൽ ദസറയും ദീപാവലിയുമൊക്കെ നടക്കാനിരിക്കുകയാണ്. സ്വർണം വാങ്ങുന്നത് ഉത്തമമെന്ന് വിശ്വാസികൾ കരുതുന്ന മാസം കൂടിയാണിത്. അതിനാൽ കൂടിയാണ് ഇനി വിലയെ കാത്ത് നിൽക്കേണ്ടെന്ന ചിന്തയിലേക്ക് വ്യാപാരികൾ എത്തിയത്.
വെള്ളിയാഴ്ച, ആഭ്യന്തര സ്വർണ വില 10 ഗ്രാമിന് ഏകദേശം 102,000 രൂപയായിരുന്നു. ഈ മാസമാദ്യം വില 102,250 എന്ന റെക്കോഡും തൊട്ടു. 'മൂന്ന് മാസമായി സ്വർണ്ണം 100,000 രൂപയ്ക്ക് അടുത്താണ്. ഉപഭോക്താക്കൾ വിലയോട് ഏകദേശം പൊരുത്തപ്പെട്ട് കഴിഞ്ഞു. അതുകൊണ്ട് തന്നെ സാവധാനം ആണെങ്കിലും അവർ ജ്വല്ലറികളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്', മുംബൈയിൽ നിന്നുള്ള സ്വകാര്യ ഡീലർമാരിൽ ഒരാൾ പ്രതികരിച്ചു.
ഇനിയും പ്രതീക്ഷ വേണ്ട?
സ്വർണ വില ഇനിയും ഉയരുമോയെന്നാണ് ആഭരപ്രേമികൾ ഉറ്റുനോക്കുന്നത്. ട്രംപ് ഭരണകുടവും ഫെഡറൽ റിസർവ്വും തമ്മിലുള്ള തർക്കം മൂക്കുന്നത് പ്രതിസന്ധി കൂടുതലാക്കും. ഇനി സർക്കാരിന്റെ നിർദേശം അനുസരിച്ച് ഫെഡറൽ റിസർവ്വ് അടുത്ത ധനനിർണയ സമിതി യോഗത്തിൽ പലിശ നിരക്ക് കുറച്ചാൽ അതും സ്വർണത്തെ ബാധിക്കും, വില കുതിച്ചുയരാൻ കാരണമാകും. എന്തായാലും വർഷാവസാനം സ്വർണത്തിന് വില കൂടാൻ തന്നെയാണ് സാധ്യത എന്നാൽ വിദഗ്ധർ പലരും ചൂണ്ടിക്കാട്ടുന്നത്. ഔൺസിന് 3700 ഡോളർ വരെയാണ് ചിലർ പ്രവചിക്കുന്നത്. 4000 ഡോളർ വരെ ഉയരുമെന്ന പ്രവചനങ്ങളും ഉണ്ട്. അത്തരത്തിലൊരു വർധനവുണ്ടായാൽ കേരളത്തിൽ സ്വർണവില പവന് ഒരു ലക്ഷം തൊട്ടേക്കും.












Click it and Unblock the Notifications