വൻ സ്വർണ നിക്ഷേപം;കർണാകയ്ക്ക് കോളടിച്ചു, ഹട്ടിയിൽ നിന്നുള്ളതിനേക്കാൾ അധികം,പക്ഷെ..
രാജ്യത്ത് സ്വർണ ഖനനം കാര്യമായി നടക്കുന്നത് കർണാടകയിലാണ്. അതായത് ഇന്ത്യയുടെ ആകെ സ്വർണ ഉത്പാദനത്തിൻറെ 80 ശതമാനത്തോളമെങ്കിലും ഇവിടെ നിന്നാണ്. പ്രധാനമായും ഹട്ടി ഖനിയിൽ നിന്നാണ് സ്വർണം ഉത്പാദിപ്പിക്കുന്നത്.
സ്വർണത്തിന് വില കുതിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് സ്വർണ ഉത്പാദന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.അതിനിടെയിതാ കർണാടകയിൽ വീണ്ടും ടണ്‍ കണക്കിന് സ്വർണ നിക്ഷേപം കണ്ടെത്തിയിരിക്കുകാണ്. എന്നാൽ സംരക്ഷിത വനമേഖലകളിലായതിനാൽ ഖനനാനുമതി ലഭിക്കാത്തത് പദ്ധതികളെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

സംസ്ഥാന ഖനന, ഭൂമിശാസ്ത്ര വകുപ്പ് 65 സ്ഥലങ്ങൾ പഠനത്തിനായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൊപ്പലിലും റായ്ച്ചൂരിലും വലിയ തോതിൽ സ്വർണവും ലിഥിയവും കണ്ടെത്തിയിട്ടുണ്ട്. 'കൊപ്പൽ ജില്ലയിലെ അമരാപൂർ ബ്ലോക്കിൽ നിന്ന് ഒരു ടൺ മണ്ണിൽ 12-14 ഗ്രാം സ്വർണമാണ് ലഭിച്ചത്. സാധാരണയായി ഒരു ടണ്ണിന് 2-3 ഗ്രാം സ്വർണമാണ് ലഭിക്കാറുള്ളത്. ഹട്ടി സ്വർണ്ണ ഖനികളിൽ ഇത് 2-2.5 ഗ്രാം വരെയാണ്. അതേസമയം കൊപ്പം പ്രദേശം അമരാപൂർ നിബിഡ വനത്തിനുള്ളിലായതുകൊണ്ട് ഖനനത്തിനായി വനാനുമതി ആവശ്യമാണ്',അധികൃതർ പറഞ്ഞു.
ജമ്മു കശ്മീർ താഴ്വരയ്ക്ക് ശേഷം രാജ്യത്ത് ലിഥിയം കണ്ടെത്തുന്ന രണ്ടാമത്തെ സ്ഥലമാണ് റായ്ച്ചൂരിലെ അമരേശ്വര. ഇവിടെയും വനാനുമതി ലഭ്യമായിട്ടില്ല. അനുമതി ലഭിച്ചാൽ ലിഥിയം ഖനനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കർണാടക മാറും. അപൂർവ ലോഹങ്ങളുടെ പഠനവും ഖനനവും നാല് ഘട്ടങ്ങളിലായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നിരീക്ഷണം, കുഴിയെടുക്കൽ, വേലികെട്ടൽ എന്നിവ ആദ്യ രണ്ട് ഘട്ടങ്ങളിൽ നടപ്പാക്കും. തുടർന്നുള്ളവ 500 മീറ്റർ വരെ തുരക്കലും പ്രാഥമിക ഖനനവുമാണ്. കൊപ്പലിലും റായ്ച്ചൂരിലും നിലവിൽ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായിട്ടുണ്ട്.
ലിഥിയം കണ്ടെത്തിയത് 2023 ൽ; പക്ഷെ ഖനനം നടക്കില്ല
വിശദമായ പഠനങ്ങൾക്ക് ശേഷം 2023ലാണ് ലിഥിയം നിക്ഷേപം കണ്ടെത്തിയത്. അമരാപൂരിൽ സ്വർണ നിക്ഷേപം 2020-ൽ തന്നെ സ്വർണം കണ്ടെത്തിയിരുന്നു. എന്നാൽ 2024-25-ഓടെയാണ് ഇവിടെ ഖനന പ്രവർണത്തങ്ങൾ തടങ്ങിയത്. രണ്ട് സ്ഥലത്തും ഇതുവരെ ഖനനം ആരംഭിച്ചിട്ടില്ല. അതേസമയം മേഖലയിലെ ഖനന മാഫിയകളിൽ നിന്ന് തങ്ങൾക്ക് കടുത്ത ഭീഷണി ഉണ്ടെന്നും ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്നും അധികൃതർ പറഞ്ഞു.
അതേസമയം അനുമതികൾ നൽകുന്നതിനായി തങ്ങൾക്ക് മേൽ സമ്മർദ്ദം ശക്തമാണെന്ന് വനംവകുപ്പ് ഉദ്യോസ്ഥർ പറഞ്ഞു. ലിഥിയം ഖനനം ലിംഗ്സുകൂർ റിസർവ് വനത്തിലും സ്വർണ്ണം കുഷ്ടഗിയിലെ അമരാപൂർ റിസർവ് വനത്തിലുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. സംരക്ഷിത വനമേഖലകൾ ഖനനത്തിനായി തുറന്നുനൽകുന്നത് പാരിസ്ഥിതികമായി ഗുണകരമല്ല,അധികൃതർ ചൂണ്ടിക്കാട്ടി.
ഖനന, ഭൂമിശാസ്ത്ര വകുപ്പ് 57 സ്ഥലങ്ങളിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായും 8 സ്ഥലങ്ങളിൽ സ്വകാര്യ ഏജൻസികളുമായും ചേർന്നാണ് പ്രവർത്തിക്കുന്നത്. 6,73,660.39 ഹെക്ടർ പ്രദേശത്താണ് പഠനം നടക്കുന്നത്. പ്ലാറ്റിനം ഗ്രൂപ്പ് ലോഹങ്ങൾ, ബോക്സൈറ്റ്, ചെമ്പ്, കോബാൾട്ട്, നിക്കൽ, സിലിമനൈറ്റ്, ടങ്സ്റ്റൺ, വനേഡിയം, യുറേനിയം, വജ്രം, കൊളംബൈറ്റ്-ടാന്റലൈറ്റ്, മാംഗനീസ്, ക്രോമൈറ്റ്, കയാനൈറ്റ്, സെനോടൈം തുടങ്ങിയ അപൂർവ ഭൗമ മൂലകങ്ങളുടെ ഖനനത്തിനുള്ള സാധ്യതകളാണ് പ്രധാനമായും തേടുന്നത്.












Click it and Unblock the Notifications