ഒരു കോടിയോളം രൂപയുടെ സ്വര്‍ണം സൂക്ഷിക്കാം, രേഖകള്‍ വേണ്ട; ഇന്ത്യയിലെ ഈ നിയമത്തെ കുറിച്ച് അറിയാമോ?
കേവലം ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ് സ്വര്‍ണം. അതിനാല്‍ തന്നെയാണ് സ്വര്‍ണ വില വര്‍ധിക്കുമ്പോഴും അതിന്റെ ഡിമാന്‍ഡിന് കാര്യമായ ഇടിവ് സംഭവിക്കാത്തത്. പത്ത് വര്‍ഷം മുന്‍പ് ഒരു പവന്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്ന് വിറ്റാല്‍ 50000 രൂപ വരെ ലാഭം കിട്ടും എന്നതാണ് സ്വര്‍ണത്തിന്റെ പ്രത്യേകത. ഇന്നത്തെ വിലയ്ക്ക് സ്വര്‍ണം വാങ്ങിയാല്‍ പത്ത് വര്‍ഷം കഴിഞ്ഞ് വില്‍ക്കുമ്പോള്‍ ലാഭം നിങ്ങളെ തേടിയെത്തും.
ഇതിനോടൊപ്പം തന്നെ ഇന്ത്യയില്‍ സ്വര്‍ണം ആളുകളുടെ ഇഷ്ട നിക്ഷേപ മാര്‍ഗമാകുന്നതിന് വേറെയും കാരണങ്ങളുണ്ട്. അതില്‍ ഒന്ന് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു നികുതി മാര്‍ഗ്ഗനിര്‍ദേശമാണ്. രേഖകളില്ലാതെ സ്വര്‍ണം കൈവശം വെക്കുന്നതിന് സഹായിക്കുന്ന നിയമമാണ് ഇത്. ഇന്നത്തെ വില അനുസരിച്ച് രേഖകളില്ലാതെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വരെ സ്വര്‍ണം നിയമപരമായി കൈവശം വയ്ക്കാന്‍ നിശബ്ദമായി അനുവദിക്കുന്നതാണ് ഇത്.

അതേസമയം ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിനായി അതിന്റെ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കും ആക്കം കൂട്ടുന്നു. ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ സാര്‍ത്തക് അഹൂജ കഴിഞ്ഞ ദിവസം ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പങ്ക് വെച്ച വിവരമാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 1994 മുതല്‍ അപ്ഡേറ്റ് ചെയ്യാത്ത, അധികം അറിയപ്പെടാത്ത ഈ നികുതി നിയമം എടുത്തുകാണിച്ചുകൊണ്ടാണ് അഹൂജ മുന്നറിയിപ്പ് നല്‍കിയത്.
''ഇന്ത്യയില്‍ ഒരു പഴയ നികുതി നിയമമുണ്ട്. അതിനാല്‍ ആളുകള്‍ക്ക് ഒരു നികുതിയും നല്‍കാതെ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം സൂക്ഷിക്കാന്‍ കഴിയും,'' അഹൂജ പറയുന്നു. 1994 ല്‍ പുറപ്പെടുവിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് നിര്‍ദ്ദേശപ്രകാരം വാങ്ങിയതിന്റെ തെളിവ് ഹാജരാക്കാതെ തന്നെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് നിശ്ചിത അളവില്‍ സ്വര്‍ണ്ണം കൈവശം വയ്ക്കാം.
വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം, അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം, പുരുഷന് 100 ഗ്രാം എന്നിങ്ങനെയാണ് ഈ നിയമത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. എന്നാല്‍ അക്കാലത്ത് ഒരു കിലോഗ്രാം സ്വര്‍ണത്തിന് 5 ലക്ഷം രൂപയില്‍ താഴെയായിരുന്നു വില. ഇന്ന് അതിന്റെ വില ഏകദേശം 87 ലക്ഷം രൂപയായി. ഇത് 10%-ല്‍ കൂടുതലുള്ള വാര്‍ഷിക വരുമാനമാണ്. ഈ മുപ്പത് വര്‍ഷത്തെ കാലയളവില്‍ ആളുകളുടെ വരുമാനമോ സ്വര്‍ണത്തിലെ സമ്പാദ്യമോ വര്‍ദ്ധിച്ച നിരക്കല്ല ഇത്.
സമ്പദ്വ്യവസ്ഥയുടെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിലെ അനുപാതമില്ലാത്ത വളര്‍ച്ചയാണ് ഇത് അടിവരയിടുന്നത് എന്നും അഹൂജ അഭിപ്രായപ്പെട്ടു. നികുതി ഉദ്യോഗസ്ഥര്‍ ഒരു വസ്തുവില്‍ റെയ്ഡ് നടത്തുമ്പോള്‍, സ്വത്തുക്കള്‍ വിലയിരുത്താനും എല്ലാ ഇനങ്ങള്‍ക്കും രസീതുകള്‍ ആവശ്യപ്പെടാനും അവര്‍ക്ക് ഇന്ത്യയിലെ നിയമപ്രതാരം അധികാരമുണ്ട്.
എന്നാല്‍ ഈ അധികാരം മുകളില്‍ പറഞ്ഞ അളവുകള്‍ക്ക് ഒഴികെയാണ് എന്നതാണ് ശ്രദ്ധേയം. 'ഇവിടെയാണ് കാര്യങ്ങള്‍ രസകരമാകുന്നത്. സ്വര്‍ണ വില വര്‍ധിക്കുന്നതിന് അനുസരിച്ച്, വെളിപ്പെടുത്താത്ത വരുമാനമുള്ള ആളുകള്‍ അത്തരം വരുമാനം സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നു. ഇത്തരത്തില്‍ ഒരു വിശദീകരണവും നല്‍കാതെ തന്നെ നിങ്ങള്‍ക്ക് 1 കോടി വിലയ്ക്ക് വാങ്ങാന്‍ കഴിയും', അഹൂജ ചൂണ്ടിക്കാട്ടി.
സ്വര്‍ണ്ണ വിലയിലെ സ്‌ഫോടനാത്മകമായ വര്‍ധനവും നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള ആശങ്കകളും ഉണ്ടായിരുന്നിട്ടും, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഈ പരിധികള്‍ പരിഷ്‌കരിച്ചിട്ടില്ല. ഉയര്‍ന്ന മൂല്യമുള്ളതും രേഖപ്പെടുത്താത്തതുമായ സ്വത്തിന് ഇത് നിയമപരമായ ഒരു അഭയം സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 'ഒരുപക്ഷേ ഈ പരിധികളില്‍ പുനഃപരിശോധന ആവശ്യമായി വന്നേക്കാം,' ഭാവിയിലെ പരിഷ്‌കാരങ്ങള്‍ ഒരു നിശ്ചിത തീയതിക്ക് ശേഷം വിവാഹിതരായ സ്ത്രീകള്‍ക്കുള്ള ഇളവുകള്‍ കുറച്ചേക്കാമെന്ന് അഹൂജ പറഞ്ഞു.












Click it and Unblock the Notifications