സ്വർണക്കൂമ്പാരമല്ലേ ഇന്ത്യയുടെ കൈയ്യിൽ; 32000 ടൺ..3.5 ട്രില്യൺ ഡോളർ വരും
ഇന്ത്യ തകർന്ന സമ്പദ് വ്യവസ്ഥ ആണെന്നായിരുന്നു അടുത്തിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഹസിച്ചത്. 'റഷ്യയുമായി ഇന്ത്യ എന്തുചെയ്യുന്നു എന്നത് എനിക്ക് വിഷയമല്ല. അവർക്ക് അവരുടെ തകർന്ന സമ്പദ്‌വ്യവസ്ഥകളുമായി ഒരുമിച്ച് മുന്നോട്ട് പോകാം, എനിക്ക് അതൊരു പ്രശ്‌നമല്ല' എന്നായിരുന്നു ട്രംപിന്റെ പരാമർശം.
എന്നാൽ ഇന്ത്യ യഥാർത്ഥത്തിൽ തകർന്ന സമ്പദ് വ്യവസ്ഥയാണോ? രാജ്യത്തിന്റെ സ്വർണ സമ്പാദ്യം മാത്രം മതി അല്ലെന്ന് തെളിയിക്കാൻ എന്ന് പറയുകയാണ് കംപ്ലീറ്റ് സർക്കിളിലെ മാനേജിംഗ് പാർട്ണറും സിഐഒയുമായ ഗുർമീത് ചദ്ദ. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വർണ ശേഖരം ഇന്ന് ഇന്ത്യൻ വീടുകളിൽ ഉണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തിക ശക്തി ഇത് പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം ഏകദേശം 26,000 ടൺ സ്വർണ്ണം ഉണ്ട്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പക്കൽ 900 ടൺ. ക്ഷേത്രങ്ങൾക്കും ഗുരുദ്വാരകൾക്കും ചേർന്ന് 4,000 ടൺ സ്വർണവും, അതായത് മൊത്തം 32,000 ടൺ സ്വർണ്ണം. ഏകദേശം 3.5 ട്രില്യൺ ഡോളർ. നമ്മുടേത് ഒരു തകർന്ന സമ്പദ്‌വ്യവസ്ഥയാണോ?', ഛദ്ദ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തിന്റെ ജിഡിപി കണക്കുകളും ട്രംപിന്റെ വാദങ്ങൾ തള്ളുന്നു. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ 2025) മൊത്ത ആഭ്യന്തര ഉത്പാദനം (GDP) 7.8 ശതമാനമാണ് രേഖപ്പെടുത്തിയത്. ഇത് അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു. തൊട്ടുമുമ്പത്തെ പാദത്തിൽ 7.4 ശതമാനം വളർച്ചയും, ഒരു വർഷം മുമ്പ് ഇതേ പാദത്തിൽ 6.7 ശതമാനം വളർച്ചയും രേഖപ്പെടുത്തിയിരുന്നു. ഇത് ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ വേഗതയാണ് സൂചിപ്പിക്കുന്നത്.
ഒരു 'തകർന്ന' സമ്പദ്‌വ്യവസ്ഥ എന്നതിന് വിപരീതമായി, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ ആഭ്യന്തര ഉപഭോഗം, സേവന മേഖലയിലെ മികച്ച പ്രകടനം, വർദ്ധിച്ചുവരുന്ന ഉൽപ്പാദന പ്രവർത്തനങ്ങൾ എന്നിവയുടെ പിന്തുണയോടെ ബഹുമുഖ മേഖലകളിൽ വളരുകയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ചദ്ദയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.രാജ്യത്തിന്റെ വൻ സ്വർണ ശേഖരവും, വർദ്ധിച്ചുവരുന്ന ജിഡിപിയും, സ്ഥിരതയുള്ള സ്ഥൂലസാമ്പത്തിക സൂചകങ്ങളും വിമർശകർ അവകാശപ്പെടുന്നതിനേക്കാൾ ശക്തമാണെന്ന് പലരും കുറിച്ചു.
ഇന്ത്യൻ കുടുംബങ്ങളിലെ ഒളിഞ്ഞിരിക്കുന്ന 'സ്വർണ ശേഖരം'
സ്വർണത്തോട് ഇന്ത്യക്കാർക്കുള്ള ഭ്രമം പ്രത്യേകം പറഞ്ഞ് അറിയിക്കേണ്ടതില്ലല്ലോ. ആഭരണമായി വാങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. അങ്ങനെ കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽ ഏകദേശം 12000 ടൺ സ്വർണമാണ് ഇന്ത്യക്കാർ വാങ്ങിക്കൂട്ടയത് എന്നാണ് അടുത്തിടെ വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞത്. 2010 മുതല്‍ 2024 വരെയുളള കാലയളവിലാണ് ഇന്ത്യക്കാര്‍ ഇത്രയധികം സ്വര്‍ണ്ണം വാങ്ങിയത് എന്നാണ് കണക്കുകൾ. അതായത് സ്വർണം സ്വർണ വില കത്തിക്കയറി തുടങ്ങിയ കൊവിഡിന് ശേഷമുള്ള സമയത്തും ആളുകൾ സ്വർണം വാങ്ങാൻ മടിച്ചിട്ടില്ലെന്ന്. ഇതില്‍ ആഭരണങ്ങളായി എത്ര ടൺ സ്വർണം വാങ്ങിയെന്ന് അറിയുമോ? 8,000 ടണിലധികം . 2025 ആയപ്പോഴേക്കും രാജ്യത്തെ വീടുകളിലെ സ്വർണം 25,000 ടൺ ആയത്രേ. ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ 40 ശതമാനമാണിത്. യുഎസ് അടക്കമുള്ള അഞ്ച് രാജ്യങ്ങളുടെ ആകെയുള്ള സ്വർണശേഖരത്തിനെക്കാൾ കൂടുതലാണിത്.ദക്ഷിണേന്ത്യയിലെ സ്ത്രീകളുടെ കൈവശമാണ് ഏറ്റവും കൂടുതൽ സ്വർണമുള്ളത്. രാജ്യത്തെ മൊത്തം സ്വർണത്തിന്റെ 40 ശതമാനവും ദക്ഷിണേന്ത്യക്കാരുടെ കൈകളിലാണ്. അതിൽ തന്നെ തമിഴ്നാട്ടുകാരുടെ കൈയ്യിൽ മാത്രം 28 ശതമാനം ഉണ്ട്.












Click it and Unblock the Notifications