സ്വര്‍ണം ഇനി പണയം വയ്ക്കാനാകില്ലേ? ഗോള്‍ഡ് ലോണില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ആര്‍ബിഐ
ന്യൂഡല്‍ഹി: സ്വര്‍ണ വായ്പകളെ കുറിച്ചുള്ള സമഗ്രമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്‌ഫോടനാത്മകമായ വളര്‍ച്ചയാണ് സ്വര്‍ണ വായ്പകളില്‍ ഉണ്ടായിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ നീക്കം. സ്വര്‍ണ വായ്പ നിയമങ്ങള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
2025 ജനുവരിയിലെ കണക്ക് അനുസരിച്ച് ബാങ്കുകളും എന്‍ബിഎഫ്സികളും സ്വര്‍ണ വായ്പ കുടിശ്ശികയില്‍ അസാധാരണമായ വര്‍ധനവാണ് കാണിച്ചത്. ഈ കാലയളവില്‍ 1.78 ലക്ഷം കോടി രൂപയാണ് കുടിശ്ശിക എന്നാണ് റിപ്പോര്‍ട്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ 76.9 ശതമാനം വര്‍ധനവാണ് ഇത് കാണിക്കുന്നത്. സ്വര്‍ണ വില കുതിച്ചുയരുന്നതോടെ സ്വര്‍ണ വായ്പ ബിസിനസ്സ് അതിവേഗം വളര്‍ച്ച കൈവരിച്ചു.

കടം വാങ്ങുന്നയാള്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സ്വര്‍ണം ലേലം ചെയ്യാന്‍ കഴിയും എന്നതിനാല്‍ ബാങ്കുകളും എന്‍ബിഎഫ്സികളും ഇത് ആകര്‍ഷകമായ ബിസിനസായാണ് കാണുന്നത്. സ്വര്‍ണം തിരിച്ചടയ്ക്കാനും വായ്പയുടെ കാലാവധി നീട്ടാന്‍ ആവശ്യപ്പെടാനും ആഗ്രഹിക്കുന്നുവെങ്കില്‍ വായ്പക്കാര്‍ ഇപ്പോള്‍ വായ്പയുടെ മുഴുവന്‍ മുതലും പലിശയും തിരിച്ചടയ്‌ക്കേണ്ടതുണ്ട്.
സ്വര്‍ണ്ണ വായ്പാ രീതികളെക്കുറിച്ച് ഒരു അവലോകനം നടത്തിയ റിസര്‍വ് ബാങ്ക് സ്വര്‍ണ വായ്പാ പ്രവര്‍ത്തനങ്ങളില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. വായ്പകളുടെ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനും മൂന്നാം കക്ഷികളെ ഉപയോഗിക്കുന്നതിലെ പോരായ്മകള്‍, ഉപഭോക്താവിന്റെ സാന്നിധ്യമില്ലാതെ സ്വര്‍ണത്തിന്റെ മൂല്യനിര്‍ണ്ണയം നടത്താതിരിക്കല്‍, വേണ്ടത്ര ജാഗ്രത പാലിക്കാതിരിക്കല്‍ എന്നിവ അവയില്‍ ചിലതാണ്.
കൂടാതെ സ്വര്‍ണ വായ്പകളുടെ അന്തിമ ഉപയോഗ നിരീക്ഷണത്തിന്റെ അഭാവം, ഉപഭോക്താവ് വീഴ്ച വരുത്തിയാല്‍ സ്വര്‍ണവും ആഭരണങ്ങളുും ലേലം ചെയ്യുന്ന സമയത്ത് കാണിക്കുന്ന സുതാര്യതയില്ലായ്മ, വായ്പ-മൂല്യം അനുപാതം നിരീക്ഷിക്കുന്നതിലെ ബലഹീനതകള്‍, റിസ്‌ക് വെയ്റ്റുകളുടെ തെറ്റായ പ്രയോഗം എന്നിവയും പ്രധാന പോരായ്മകളില്‍ ഉള്‍പ്പെടുന്നു.
സ്വര്‍ണ വായ്പകളിലെ വിടവുകള്‍ തിരിച്ചറിയുന്നതിനും സമയബന്ധിതമായി ഉചിതമായ പരിഹാര നടപടികള്‍ ആരംഭിക്കുന്നതിനുമായി സ്വര്‍ണ്ണ വായ്പകളിലെ നയങ്ങളും പ്രക്രിയകളും രീതികളും സമഗ്രമായി അവലോകനം ചെയ്യാന്‍ ആര്‍ബിഐ ബാങ്കുകളോടും എന്‍ബിഎഫ്സികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സ്വര്‍ണപ്പണയ വായ്പകള്‍ക്ക് നിയന്ത്രണങ്ങള്‍ പുറപ്പെടുവിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിന് പിന്നാലെ സ്വര്‍ണപ്പണയ വായ്പകള്‍ നല്‍കുന്ന കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, ഐഐഎഫ്എല്‍ ഫിനാന്‍സ് എന്നിവയുടെ ഓഹരി വില വലിയ നഷ്ടമാണ് നേരിട്ടത്.












Click it and Unblock the Notifications