ഇന്ത്യയില്‍ തന്നെയുണ്ട് ആവശ്യത്തിന് സ്വര്‍ണം.. കുഴിച്ചെടുക്കാന്‍ ഇതാണ് പറ്റിയ സമയം; ഗ്രാമിന് 4500 രൂപ മാത്രം!
സ്വര്‍ണ ഉപഭോഗത്തില്‍ വളരെ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലുണ്ടാകുന്ന മാറ്റങ്ങളെ സാകൂതം നിരീക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍. ആഗോള സ്വര്‍ണ ഉല്‍പാദനത്തില്‍ ഇന്ത്യയുടെ പങ്ക് ഏകദേശം 0.05% ആണ്. അതേസമയം വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പ്രകാരം ഇന്ത്യന്‍ സ്ത്രീകള്‍ 24000 ടണ്‍ സ്വര്‍ണമാണ് കൈവശം വെച്ചിരിക്കുന്നത് എന്നാണ് പറയുന്നത്.
നിലവിലെ ഉയര്‍ന്ന സ്വര്‍ണ വില കണക്കിലെടുക്കുമ്പോള്‍, ആഭ്യന്തര പര്യവേക്ഷണവും ഖനനവും വര്‍ധിപ്പിക്കുന്നതിന് ഇതിലും അനുയോജ്യമായ ഒരു നിമിഷം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല എന്ന് ഹട്ടി ഗോള്‍ഡ് മൈന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ പ്രഭാകര്‍ ശങ്കുര്‍മത് പറയുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വര്‍ണ ഖനന കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യ.

6000 മുതല്‍ 8000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടെ സ്വര്‍ണം ഖനനം ചെയ്തിരുന്നുവെന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. പുരാതന ഇന്ത്യക്കാര്‍ 900-ലധികം സ്ഥലങ്ങളില്‍ സ്വര്‍ണത്തിനായി പാനിംഗ് ഉപയോഗിച്ച് ഖനനം ചെയ്തിരുന്നു. പല സ്ഥലങ്ങളിലും ഇന്നും പാനിംഗ് നടക്കുന്നുണ്ട്. കര്‍ണാടകയിലെ ഹട്ടിയിലെ സ്വര്‍ണ്ണ ഖനിയില്‍ നിന്നുള്ള തടി സാമ്പിളുകളുടെ കാര്‍ബണ്‍ ഡേറ്റിംഗ് സൂചിപ്പിക്കുന്നത് ഏകദേശം 4000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വര്‍ണ്ണ ഖനനം ആരംഭിച്ചുവെന്നാണ്.
ആദ്യകാല ഖനനക്കാര്‍ പാനിംഗ് പോലുള്ള പ്രാഥമിക രീതികളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഭൂഗര്‍ഭ ഖനികളില്‍ നിന്ന് വെള്ളം നീക്കം ചെയ്യുന്നതിനുള്ള രീതികളോടൊപ്പം, തീയിടല്‍, പാറകള്‍ പൊട്ടുന്നതിനായി ശമിപ്പിക്കല്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ അവര്‍ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തു. ആധുനിക യുഗത്തിന് വളരെ മുമ്പ് തന്നെ ഖനനത്തെ കുറിച്ചുള്ള വിപുലമായ ധാരണയുണ്ടായിരുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
പുരാതന ഇന്ത്യന്‍ സ്വര്‍ണ ഖനനത്തിന്റെ പാരമ്പര്യം പര്യവേക്ഷകര്‍, ഖനിത്തൊഴിലാളികള്‍, ഗവേഷകര്‍, നിക്ഷേപകര്‍ എന്നിവരില്‍ കൗതുകമുളവാക്കുന്നതാണ് എന്ന് പ്രഭാകര്‍ പറയുന്നു. 1851 ല്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സ്വര്‍ണത്തിനായുള്ള വ്യവസ്ഥാപിത പര്യവേക്ഷണം ആരംഭിച്ചിരുന്നു. ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ് അനുസരിച്ച് രാജ്യത്തെ മൊത്തം സ്വര്‍ണ്ണ അയിര് ശേഖരവും വിഭവങ്ങളും 502 ദശലക്ഷം ടണ്‍ ആണ്.
അതില്‍ 655 ടണ്‍ സ്വര്‍ണ്ണ ലോഹത്തിന്റെ അംശം ഉണ്ട്. 400-ലധികം സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ വിഭവങ്ങള്‍ക്ക്, സ്വര്‍ണ്ണ ഖനനത്തിനുള്ള സാധ്യതയും പ്രായോഗികതയും വിലയിരുത്തുന്നതിന് വിപുലമായ പര്യവേക്ഷണവും ഖനനവും ആവശ്യമാണ്. 1884 മുതല്‍ 2001 വരെ പ്രവര്‍ത്തിച്ചിരുന്ന കോലാര്‍ സ്വര്‍ണപ്പാടങ്ങള്‍, ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ആഴമേറിയതും ഏറ്റവും ഉല്‍പ്പാദനക്ഷമവുമായ ഖനികളില്‍ ഒന്നായിരുന്നു.
സാമ്പത്തികമായി ലാഭകരമല്ലാത്തതിനാല്‍ അടച്ചുപൂട്ടുന്നതിന് മുമ്പ് 800 ടണ്ണിലധികം സ്വര്‍ണം വിളവ് നല്‍കിയിരുന്ന പാടങ്ങളായിരുന്നു ഇവ. ഇന്ന് പ്രാഥമിക സ്വര്‍ണ ഉത്പാദനം പ്രതിവര്‍ഷം ഏകദേശം 2 ടണ്ണായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രധാനമായും കര്‍ണാടകയിലെ ഹട്ടി, ഉട്ടി, ഹിര-ബുദ്ദിനി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ ഖനികളിലാണ് ഇപ്പോള്‍ ഖനനം നടക്കുന്നത്.
ചെമ്പ് ഖനനത്തിന്റെ ഉപോല്‍പ്പന്നമായി കുറച്ച് അധിക സ്വര്‍ണം വീണ്ടെടുക്കുന്നു. ആഗോളതലത്തില്‍ ഇന്ത്യ രണ്ടാമത്തെ വലിയ സ്വര്‍ണ വിപണിയാണ്. വാര്‍ഷിക ഡിമാന്‍ഡ് ഏകദേശം 800 ടണ്ണാണ്. ലോകത്തിലെ സ്വര്‍ണ ഡിമാന്‍ഡിന്റെ ഏകദേശം 25% ശതമാനമാണ് ഇത്. എന്നിരുന്നാലും രാജ്യത്തിനുള്ളില്‍ ആഭ്യന്തരമായി സ്വര്‍ണ വിതരണം വളരെ കുറവാണ്. മാത്രമല്ല അതിന്റെ ഭീമമായ ആവശ്യം പ്രധാനമായും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഒന്നാണ് രത്‌ന-ആഭരണ മേഖല. ആഗോള ആഭരണ ഉപഭോഗത്തില്‍ ഏകദേശം 29% സംഭാവന ചെയ്യുകയും ഏകദേശം 6.1 ദശലക്ഷം വിദഗ്ധ, അര്‍ദ്ധ-വിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. ആഭ്യന്തര സ്വര്‍ണ ഉപഭോഗത്തിന്റെ 85% ആഭരണങ്ങളിലാണ്. കൂടാതെ ഇലക്ട്രോണിക്‌സ് (6%), മെഡലുകള്‍, നാണയങ്ങള്‍ (2%), മറ്റ് ഉപയോഗങ്ങള്‍ (2%) എന്നിവയ്ക്കും സ്വര്‍ണം ഉപയോഗിക്കുന്നു.
നിലവില്‍, ഭൂഗര്‍ഭ ഖനികളില്‍ നിന്ന് സ്വര്‍ണം ഉത്പാദിപ്പിക്കുന്നതിന് ഗ്രാമിന് ഏകദേശം 4500 രൂപ ചിലവാകും, അതേസമയം വിപണി വില്‍പ്പന വില ഗ്രാമിന് ശരാശരി 8,000 രൂപയാണ്. 1884-ല്‍ കര്‍ണാടകയില്‍ സ്വര്‍ണ്ണ ഉത്പാദനം 5.3 ടണ്‍ ആയിരുന്നു. അന്ന് സ്വര്‍ണത്തിന്റെ വില്‍പ്പന വില ഗ്രാമിന് 2.50 രൂപ മാത്രമായിരുന്നു. 1906-ല്‍ ഉത്പാദനം 14.7 ടണ്ണായി ഉയര്‍ന്നെങ്കിലും ഇന്ന് പ്രതിവര്‍ഷം 1.8 ടണ്‍ മാത്രമാണ്.
ഇന്ത്യയിലെ പര്യവേക്ഷണവും ഖനനവും ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് ഇപ്പോള്‍ ഏറ്റവും അനുയോജ്യമായ സമയമാണിത് എന്ന് പ്രഭാകര്‍ പറയുന്നു. കാരണം സ്വര്‍ണ വിപണി എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. പര്യവേക്ഷണം ചെയ്യപ്പെട്ടതും നിര്‍വചിക്കപ്പെട്ടതുമായ സ്വര്‍ണ്ണ അയിര് വിഭവങ്ങള്‍ ഉപയോഗപ്പെടുത്താതെ വിടുന്നത് സമ്പത്ത് മണ്ണിനടിയില്‍ സൂക്ഷിക്കുന്നതിന് തുല്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് സമ്പദ്വ്യവസ്ഥയ്ക്ക് ഒരു ഗുണവും ഉണ്ടാക്കില്ല. സജീവമായ സ്വര്‍ണ്ണ ഖനനം തൊഴില്‍, ഗ്രാമീണ ഉപജീവനമാര്‍ഗ്ഗങ്ങള്‍, കറന്റ് അക്കൗണ്ട് കമ്മി, വിശാലമായ സാമൂഹിക-സാമ്പത്തിക വികസനം എന്നിവയില്‍ ഗുണപരമായ സ്വാധീനം ചെലുത്തും. സ്വര്‍ണ ഖനനം ആരംഭിക്കുന്നതിന് ഇന്ത്യയ്ക്ക് ഗണ്യമായ സാധ്യതയുണ്ട്. അതിനാല്‍, പര്യവേക്ഷണം, വികസനം, പുതിയ സ്വര്‍ണ്ണ ഖനികള്‍ സ്ഥാപിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു പ്രധാന ദേശീയ ശ്രമത്തിന് നയപരവും തീരുമാനങ്ങള്‍ എടുക്കുന്നതിലും ഉയര്‍ന്ന തലങ്ങളില്‍ മുന്‍ഗണന നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്തിടെ ഹട്ടിക്ക് പുറമെ കില്ലര്‍ഹട്ടിയിലും ചിന്നികട്ടിയിലുമായി കര്‍ണാടകയിലെ മറ്റ് രണ്ട് ഇടങ്ങളിലും സ്വര്‍ണ്ണ പര്യവേക്ഷണ നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നാഷണല്‍ മിനറല്‍സ് എക്‌സ്‌പ്ലോറേഷന്‍ ട്രസ്റ്റ് കമ്മീഷന്‍ ചെയ്യുന്ന അഞ്ച് സ്വര്‍ണ്ണ പര്യവേക്ഷണ പദ്ധതികളില്‍ ഇവ രണ്ടും ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നതാണ്.
കില്ലര്‍ഹട്ടി സൈറ്റ് കൊപ്പല്‍, റായ്ച്ചൂര്‍ ജില്ലകളിലാണ് വ്യാപിച്ച് കിടക്കുന്നത്. ചിന്നിക്കട്ടി ഹാവേരി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റ് മൂന്ന് പദ്ധതികള്‍ ജാര്‍ഖണ്ഡ്, ഒഡീഷ, ലഡാക്ക് എന്നിവിടങ്ങളിലാണ്. സ്വര്‍ണ്ണവും അനുബന്ധ ധാതുക്കളും തിരിച്ചറിയുന്നതിനായി വിശദമായ ഭൂമിശാസ്ത്ര മാപ്പിംഗും സാമ്പിളിംഗും അടക്കമുള്ള നടപടികളാണ് ഇവിടെ നടക്കുന്നത്. വിജയകരമായി സ്വര്‍ണം ഖനനം ചെയ്‌തെടുക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് ഏറെ ഗുണപരമാകും ഇത്.
സ്വര്‍ണവില അനുദിനം റെക്കോഡില്‍ മുത്തമിടുന്ന ഈ ഘട്ടത്തില്‍ അത് രാജ്യത്തിന് വലിയ ഉത്തേജനമാകും. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പ്രധാനമായും യു എ ഇയില്‍ നിന്നാണ് ഇന്ത്യയിലേക്ക് സ്വര്‍ണം എത്തിക്കുന്നത്. അതേസമയം സ്വന്തമായി സ്വര്‍ണം ഉത്പാദിപ്പിക്കാന്‍ സാധിച്ചാല്‍ ഇറക്കുമതിയ്ക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല. ഇത് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില നിയന്ത്രിച്ച് നിര്‍ത്താന്‍ കാരണമാകും.
നിലവില്‍ രാജ്യത്തെ പ്രവര്‍ത്തനക്ഷമമായ ഏക സ്വര്‍ണ ഖനി കര്‍ണാടകയിലെ ഹട്ടി ഖനിയാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹട്ടി ഗോള്‍ഡ് മൈന്‍സ് കമ്പനിക്ക് കീഴിലായി ഹട്ടി, ഉട്ടി എന്നീ പേരുകളില്‍ രണ്ട് ഖനികളാണ് ഉള്ളത്. പ്രതിവര്‍ഷം ഏകദേശം 1.8 ടണ്‍ സ്വര്‍ണമാണ് ഈ ഖനികളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നത്.












Click it and Unblock the Notifications