റിസര്‍വ് ബാങ്ക് വാങ്ങിക്കൂട്ടിയത് 3 ടണ്‍ സ്വര്‍ണം... കാരണമെന്ത്? വില ഇനിയും ഉയരുമെന്നുള്ള മുന്നറിയിപ്പോ?
സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആണ് എല്ലാവരും കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന നേരിയ മാറ്റം പോലും അറിയാന്‍ പലരും താല്‍പര്യം പ്രകടിപ്പിക്കാറുമുണ്ട്. വില കുറയുമ്പോള്‍ സ്വര്‍ണം വാങ്ങിയിട്ട് വില കൂടുമ്പോള്‍ അത് വില്‍ക്കുക എന്നതാണ് പൊതുവെയുള്ള രീതി. അതേസമയം സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് വ്യക്തികള്‍ മാത്രമല്ല എന്നതാണ് കൗതുകം.
റിസര്‍വ് ബാങ്ക് വരെ സ്വര്‍ണം വാങ്ങി ശേഖരം എന്ന നിലയില്‍ സൂക്ഷിക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് എന്നല്ല ലോകത്തെ പല സെന്‍ട്രല്‍ ബാങ്കുകളും ഇത്തരത്തില്‍ സ്വര്‍ണം ശേഖരിച്ച് വെക്കുന്നുണ്ട്. വേള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഫെബുവരിയില്‍ മാത്രം മൂന്ന് ടണ്‍ സ്വര്‍ണമാണ് റിസര്‍വ് ബാങ്ക് വാങ്ങിയിരിക്കുന്നത്. ഇതോടെ ആര്‍ ബി ഐയുടെ സ്വര്‍ണ ശേഖരം 790.2 ടണ്‍ ആയി ഉയര്‍ന്നു.

എന്തുകൊണ്ടാണ് റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങുന്നത് എന്ന് അറിയാമോ? അനിശ്ചിത്വം കുറക്കാനും, ആസ്തികള്‍ വൈവിധ്യവല്‍ക്കരിക്കാനും സ്വര്‍ണം സഹായിക്കും എന്നതിനാലാണ് റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങി കൂട്ടുന്നത്. കൊവിഡ്, റഷ്യ- യുക്രൈന്‍ യുദ്ധം എന്നിവ കാരണം ആഗോള സാമ്പത്തിക വ്യവസ്ഥ കഴിഞ്ഞ കുറെ നാളായി അനിശ്ചിതത്വത്തിലാണ്. യൂറോപ്പില്‍ സാമ്പത്തിക മാന്ദ്യം എന്ന പ്രതീതി ഇതിനോടകം ഉണ്ടായിട്ടുമുണ്ട്.
ഈ സാഹചര്യത്തില്‍ പണപ്പെരുപ്പ കാലയളവില്‍ സ്വര്‍ണം സെന്‍ട്രല്‍ ബാങ്കുകളുടെ മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തില്‍ മികച്ച വളര്‍ച്ച നല്‍കും. അതിനാലാണ് റിസര്‍വ് ബാങ്ക് അടക്കമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നത്. ആസ്തികളുടെ വൈവിധ്യവല്‍ക്കരണവും സ്വര്‍ണ ശേഖരം വഴി സാധ്യമാകും. 2022 സെപ്തംബറില്‍ സെന്‍ട്രല്‍ ബാങ്കിന് 537.27 ബില്യണ്‍ ഡോളറിന്റെ ഫോറെക്‌സ് കരുതല്‍ ശേഖരം ആണ് ഉണ്ടായിരുന്നത്.
ഇതില്‍ 42.21 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണവും ഉണ്ടായിരുന്നു. ബാക്കിയുള്ളവ പ്രധാനമായും വിദേശ കറന്‍സികളായിരുന്നു. എന്നാല്‍ പണപ്പെടുപ്പത്തിലെ അനിശ്ചിതാവസ്ഥ കറന്‍സി ശേഖരത്തേയും ബാധിക്കും. അതിനാല്‍ ഫിയറ്റ് കറന്‍സിയുടെ മൂല്യത്തിലുണ്ടാകുന്ന ഏതൊരു ഇടിവും സ്വര്‍ണ കരുതല്‍ ശേഖരം ഉയര്‍ത്തുന്നതിലൂടെ നേരിടാം എന്നതിനാലാണ് റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങുന്നത്.
Screen Time: കംപ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്നാണോ നിങ്ങളുടെ ജോലി? ഇതാ ചില പൊടിക്കൈകള്‍
നിലവില്‍ ലോകത്തെ ആകെ സ്വര്‍ണ ശേഖരത്തിന്റെ 8 ശതമാനവും ഇന്ത്യയുടെ കൈവശമാണ് എന്നതാണ് കൗതുകം ജനിപ്പിക്കുന്ന മറ്റൊരു വസ്തുത. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 760.42 ടണ്‍ സ്വര്‍ണമായിരുന്നു ഇന്ത്യയുടെ പക്കലുണ്ടായിരുന്നത്. പിന്നീടുള്ള ഓരോ പാദത്തിലും രാജ്യം സ്വര്‍ണ ശേഖരം ഉയര്‍ത്തുകയായിരുന്നു. 2022 ല്‍ ഏകദേശം 70 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 1,136 ടണ്‍ സ്വര്‍ണമാണ് വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങികൂട്ടിയത്.
2020 നും 2022 നും ഇടയില്‍ സന്‍ട്രല്‍ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയ ബാങ്ക് റിസര്‍വ് ബാങ്ക് ആയിരുന്നു. 132.34 മെട്രിക് ടണ്‍ സ്വര്‍ണം ആണ് 2020 ഏപ്രിലിനും 2022 സെപ്റ്റംബറിനും ഇടയില്‍ റിസര്‍വ് ബാങ്ക് വാങ്ങിയത്. അതിനാല്‍ തന്നെ ലോകത്തെ ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപമുള്ള ബാങ്കുകളില്‍ ഒന്നാണ് റിസര്‍വ് ബാങ്ക്. രാജ്യാന്തര ആഭ്യന്തര വിപണികളില്‍ സ്വര്‍ണവില ഉയരുമ്പോള്‍ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണത്തിലേയ്ക്ക് തിരിയുന്നതിന് കാരണം വ്യക്തമായില്ലേ.
അതേസമയം കേരളത്തില്‍ 45000 ത്തില്‍ എത്തിയ സ്വര്‍ണം കഴിഞ്ഞ രണ്ട് ദിവസമായി താഴോട്ടാണ്. ഇന്ന് പവന് 80 രൂപ കുറഞ്ഞതോടെ 44640 രൂപയില്‍ ആണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5580 രൂപയും ആയിട്ടുണ്ട്. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ച സ്ഥിതിക്ക് സ്വര്‍ണത്തിന് ഒരു പരിധിക്കപ്പുറം വില കുറയാനുള്ള സാധ്യത ഇല്ലെന്നാണ് വിപണിയില്‍ നിന്നുള്ള പ്രതികരണം.












Click it and Unblock the Notifications