സ്വർണ വില കുതിച്ചുയർന്നു: സാധാരണക്കാരന്റെ മാത്രമല്ല, ആന്ധ്രാ സർക്കാറിന്റെ ആ 'മോഹവും' പാതിവഴിയില്‍
ഹൈദരാബാദ്: സമീപ കാലത്ത് ചെറിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും മുന്‍ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വർണ വിലയില്‍ വലിയ വർധനവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് മാസത്തില്‍ നിരക്ക് സർവ്വ കാല റെക്കോർഡില്‍ എത്തുകയും ചെയ്തു. വിലയിലെ ഈ വർധനവ് സ്വർണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന പലരേയും സംബന്ധിച്ച തിരിച്ചടിയായി മാറിയിട്ടുണ്ടാകും. കേവലം വ്യക്തികളെ മാത്രമാല്ല ഒരു സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതികളിലൊന്നിനെ തന്നെ ഈ വിലവർധനവ് ബാധിച്ചുവെന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാർത്ത.
ആന്ധ്രാ പ്രദേശിലെ യാദാദ്രി ക്ഷേത്രത്തിലെ 56 അടി ഉയരമുള്ള ഗോപുരത്തിന് സ്വർണം പൂശാനുള്ള സംസ്ഥാന സർക്കാറിന്റെ പദ്ധതിക്കാണ് സ്വർണ വിലയിലെ വർധനവ് തിരിച്ചടിയായി മാറിയിരിക്കുന്നത്. പദ്ധതി പ്രഖ്യാപിച്ചതോടെ സ്വർണം ദാനം ചെയ്യുന്നതില്‍ ഭക്തർക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമൊക്കെ വലിയ താൽപര്യമായിരുന്നു. എന്നാല്‍ സ്വർണ വിലയിലെ വർധനവോടെ ഈ താല്‍പര്യം കുറഞ്ഞു വരുന്നുവെന്നാണ് റിപ്പോർട്ട്.

തുടക്കത്തില്‍ സ്വർണം സംഭാവനയായി ഒഴുകി എത്തിയതോടെ പദ്ധതി പെട്ടെന്ന് തന്നെ പൂർത്തീകരിക്കാന്‍ സാധിക്കുമെന്നായിരുന്നു സർക്കാർ കരുതിയിരുന്നത്. എന്നാല്‍ സ്വർണ വിലയിലെ വർധനവോടെ ആളുകള്‍ സംഭാവന നല്‍കുന്നത് പണത്തിന്റെ രൂപത്തിലാക്കി. ഇതോടെ സ്വർണം പൂശുന്ന ജോലികൾക്ക് ആവശ്യമായ സ്വർണത്തിന്റെ ക്ഷാമം വലിയ തോതില്‍ നേരിട്ടതായി ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ മുതിർന്ന ജീവനക്കാരനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ച ഖുത്ബുല്ലാപൂർ ബിആർഎസ് എംഎൽഎ കെപി വിവേകാനന്ദ ഗൗഡ് സ്വർണം പൂശുന്നതിനായി 55.35 ലക്ഷം രൂപ സംഭാവന നല്‍കിയതായും ജീവനക്കാർ കൂട്ടിച്ചേർത്തു. "ശില്പിയുടെ കണക്കനുസരിച്ച്, ഞങ്ങൾക്ക് ഏകദേശം 800 കിലോഗ്രാം സ്വർണം ആവശ്യമാണ്, ഇന്നുവരെയായി ഞങ്ങളുടെ കൈയിൽ 400 കിലോ സ്വർണം ലഭിച്ചു. ഗോപുരത്തിന്റെ സ്വർണം പൂശുന്നതിന് സ്വമേധയാ സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ജനങ്ങളോട് അഭ്യർത്ഥിച്ചതുമുതൽ മന്ത്രിമാരും എംഎൽഎമാരും കോർപ്പറേറ്റുകളും സ്വർണം നൽകുന്നുണ്ട്'', ക്ഷേത്ര ജീവനക്കാരന്‍ പറഞ്ഞു.
സ്വർണം സംഭാവനയിൽ വർധനയുണ്ടായില്ലെങ്കിൽ സ്വർണം പൂശുന്ന ജോലികൾ വലിയ തോതില്‍ വൈകാതിരിക്കാൻ ലഭിക്കുന്ന പണം ഉപയോഗിച്ച് സ്വർണം വാങ്ങുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഗോപുരത്തിന്റെ ചെമ്പ് പൂശൽ പൂർത്തിയായാൽ ഒരു മാസത്തിനുള്ളിൽ സ്വർണം പൂശൽ തുടങ്ങാനാണ് സാധ്യത.
ഗോപുര നിർമ്മാണത്തിനായി 12,000 കിലോഗ്രാം ചെമ്പാണ് ക്ഷേത്രം വാങ്ങിയിരിക്കുന്നത്. തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദഗ്ധ ശിൽപി ആർ.രവീന്ദ്രന്റെ മേൽനോട്ടത്തിൽ വിദഗ്ധരായ 45 കരകൗശല വിദഗ്ധർ അടങ്ങുന്ന സംഘമാണ് ഗോപുരത്തിന്റെ നിർമ്മാണ പ്രവർത്തികള്‍ നടത്തുന്നത്.
"ഗോപുരത്തിന്റെ ചെമ്പ് പൂശുന്ന ജോലി കഴിഞ്ഞ വർഷം ജനുവരിയിൽ ആരംഭിച്ചു, അത് ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. അതിനുശേഷം സ്വർണം പൂശുന്ന ജോലികൾ മറ്റ് കരകൗശല വിദഗ്ധർ ഏറ്റെടുക്കും. വിമാന ഗോപുരത്തിൽ സ്വർണം പൂശിയാൽ 100 വർഷം വരെ തിളക്കം നിലനിൽക്കുമെന്നാണ് പ്രതീക്ഷ'' ക്ഷേത്രം ജീവനക്കാർ പറഞ്ഞു.












Click it and Unblock the Notifications