യുഎഇയോ ചൈനയോ? സ്വർണ വില ഏറ്റവും കുറവ് എവിടെ? ഇന്ത്യയേക്കാള്‍ ആയിരങ്ങള്‍ വ്യത്യാസം
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണ ഉപഭോഗമുള്ള രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. പ്രധാനപ്പെട്ട സ്വർണ ഖനികള്‍ ഒന്നും ഇല്ലാത്ത ഇന്ത്യ തങ്ങള്‍ക്ക് ആവശ്യമായ സ്വർണ്ണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നു. ആഫ്രിക്കന്‍ സ്വർണത്തിന്റെ വലിയ വിപണിയായ യു എ ഇ, സ്വിറ്റ്സർലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും സ്വർണം വാങ്ങുന്നത്.
സ്വർണ്ണ ഇറക്കുമതി 6 ശതമാനം തീരുവയും ഇന്ത്യ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനാലാണ് യു എ ഇ അടക്കമുള്ള മറ്റ് വിപണികളേക്കാള്‍ ഇന്ത്യയയില്‍ സ്വർണ വില കൂടിയിരിക്കുന്നത്. നേരത്തെ 15 ശതമാനമുണ്ടായിരുന്ന സ്വർണത്തിന്റെ ഇറക്കുമതി തീരുവ 2024 ലെ ബജറ്റിലാണ് 6 ശതമാനത്തിലേക്ക് കുറക്കുന്നത്. പഴയ തീരുവ നിരക്ക് തന്നെയാണ് ഇപ്പോഴും തുടരുന്നതെങ്കില്‍ സ്വർണത്തിന് നിലവിലേതിനേക്കാള്‍ ഏറെ ഉയർന്ന വില ആളുകള്‍ നല്‍കേണ്ടി വന്നേനെ.

ചൈനയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ തോതില്‍ സ്വർണ ഉത്പാദനം അവർക്കുണ്ട്. ലോകത്തെ തന്നെ പല ശ്രദ്ധേയമായ സ്വർണ ഖനികള്‍ ചൈനയില്‍ സ്ഥിതി ചെയ്യുന്നു. അടുത്തിടെ ഹുനാൻ പ്രവിശ്യയിലെ ഖനിയില്‍ വൻ സ്വർണശേഖരം കൂടി ചൈന കണ്ടെത്തിയിരുന്നു. ഈ ശേഖരത്തിൻ്റെ മൂല്യം നൂറുകണക്കിന് ബില്യൺ രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്.
ഹുനാൻ പ്രവിശ്യയിലെ പിംഗ്ജിയാങ് കൗണ്ടിയിലെ വാംഗു മേഖലയിലാണ് സ്വർണ്ണ ഖനി സ്ഥിതി ചെയ്യുന്നത്. ഹുനാൻ പ്രൊവിൻഷ്യൽ ജിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കണക്കനുസരിച്ച്, ഖനിയുടെ പ്രധാന പ്രദേശത്തെ മൊത്തം സ്വർണ്ണ ശേഖരം ഇപ്പോൾ 300.2 ടണ്ണിൽ എത്തിയിട്ടുണ്ട്. 1000 ടണ്ണിലധികം സ്വർണ്ണമാണ് പുതുതായി കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. 600 ബില്യൺ യുവാൻ (ഏകദേശം 7 ലക്ഷം കോടി രൂപ) ആണ് പുതുതായി കണ്ടെത്തിയ സ്വണത്തിന്റെ മൂല്യമായി കണക്കാക്കുന്നത്.
ഇന്ത്യയിലേയും ചൈനയിലേയും സ്വർണ വിലകള്‍ താരതമ്യം ചെയ്യുമ്പോഴും വലിയ വ്യത്യാസം നമുക്ക് കാണാന്‍ സാധിക്കും. നമ്മുടെ നാട്ടില്‍ സ്വർണ വില പിടിവിട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. കേരള വിപണിയിലേക്ക് വരികയാണെങ്കില്‍ റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നേറുകയായിരുന്നു അടുത്തകാലം വരെ സ്വർണ വില. വെള്ളിയാഴ്ച 240 രൂപ കുറഞ്ഞ് പവന്‍ നിരക്ക് 63920 ലേക്ക് എത്തി. ഗ്രാമിന്30 രൂപ കുറഞ്ഞ് 7990 രൂപ എന്ന നിരക്കിലുമാണ് വില്‍പ്പന.
പവന്റെ വിപണി വില 63920 രൂപയാണെങ്കിലും പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പടെ ഒരു പവന്‍ സ്വര്‍ണം ആഭരണമായി വാങ്ങാന്‍ 68000 രൂപയോളം നല്‍കേണ്ടി വരും. ട്രംപിന്റെ വ്യാപാര നയത്തിലെ ആശങ്കകളാണ് സ്വര്‍ണ വിലയിലെ കുതിപ്പിന് പിന്നിലെ പ്രധാന കാരണം. നാല് ആഴ്ചക്കിടെ മാത്രം ഏഴായിരം രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരക്കുന്നത്.
ചൈനയിലെ വില നിലവാരത്തിലേക്ക് വരികയാണെങ്കില്‍ വിവിധ വെബ്സൈറ്റുകള്‍ പ്രകാരം ബുധനാഴ്ചത്തെ വില 625.46 യുവാനാണ്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 7511 രൂപ. പവന്‍ നിരക്കിലാണെങ്കില്‍ ചൈനയില്‍ 60088 രൂപ നല്‍കണം. അതായത് ഇന്ത്യയിലേതിനേക്കാള്‍ 3832 രൂപ കുറവാണ് ചൈനയില്‍ എന്ന് മനസ്സിലാക്കാം.
ഇനി യു എ ഇയിലെ വിലയിലേക്ക് വരികയാണെങ്കില്‍ വെള്ളിയാഴ്ചത്തെ വില നിലവാര പ്രകാരം ഒരു ഗ്രാമിന് കൊടുക്കേണ്ടത് 326 യുഎഇ ദിർഹമാണ് (7730 ഇന്ത്യന്‍ രൂപ). പവന്‍ എന്ന നിലയിലാണെങ്കില്‍ 61840 രൂപയോളം വരും. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ 2080 രൂപയുടെ കുറവാണ് യു എ ഇയില്‍. അതായത് മൂന്ന് രാജ്യങ്ങളിലെ വില നിലവാരം പരിശോധിക്കുമ്പോള്‍ ചൈനയിലാണ് സ്വർണ്ണത്തിന് വില ഏറ്റവും കുറവ്.












Click it and Unblock the Notifications