ഗുജറാത്തിൽ പോരാട്ടത്തിനൊരുങ്ങി കോൺഗ്രസ്; ബിടിപി ഉപാധ്യക്ഷൻ പാർട്ടിയിൽ ചേർന്നു
ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു. ഈ മാസം അവസാനത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രാദേശിക തലത്തിൽ നേതാക്കൾക്ക് പ്രത്യേക പരിപാടികൾ നടത്താൻ ഒരുങ്ങുകയാണ് നേതൃത്വം. കഴിഞ്ഞ തവണ മുന്നേറ്റം കാഴ്ച വെച്ച മോദിയുടെ തട്ടകത്തിൽ ഇക്കുറി അട്ടിമറിയാണ് കോൺഗ്രസ് പ്രതീക്ഷ. അഞ്ച് നിയമസഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളിൽ നിന്നും കരകയറാനും മുഖം മിനുക്കാനുമുള്ള അവസരമായും കോൺഗ്രസ് ഗുജറാത്തിനെ കാണുന്നുണ്ട്.
അതിനിടെ പാർട്ടി പ്രതീക്ഷകൾ കരുത്ത് പകർന്ന് സംസ്ഥാനത്തെ പ്രമുഖനായ നേതാവ് കോൺഗ്രസിൽ ചേർന്നിരിക്കുകയാണ്. ഭാരതീയ ട്രൈബര്‍ പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ രാജേഷ് വസവയാണ് കോൺഗ്രസിൽ ചേർന്നത്.

രാജ് വാസവ എന്നറിയപ്പെടുന്ന ബറൂച്ച് സ്വദേശിയായ രാജേഷ് വാസവ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഛോട്ടാ ഉദേപൂർ മണ്ഡലത്തിൽ നിന്ന് ബിടിപി ടിക്കറ്റിൽ മത്സരിച്ചിരുന്നു. യുണൈറ്റഡ് കോളേജ് ഓഫ് ലണ്ടനിലെ പൂർവ്വ വിദ്യാർത്ഥിയായ വാസവ 2017 ൽ ബി ടി പിയുടെ തുടക്കം മുതൽ സംസ്ഥാനത്ത് ആദിവാസി ക്ഷേമത്തിനായുള്ള നിരവധി പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.

ഗുജറാത്തിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് രഘു ശർമ, ഗുജറാത്ത് പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ജഗദീഷ് താക്കൂർ, പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്വ, ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ എന്നിവരുടെ സാന്നിധ്യത്തിലാണ് വാസവ കോൺഗ്രസിൽ ചേർന്നത്. അഹമ്മദാബാദൽ നടന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് സുഖ്റാം രാത്വ അദ്ദേഹത്തെ സ്വാഗതം ചെയ്തു.

രാജ് വാസവ ഗുജറാത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട, ഗോത്രവർഗക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനായാണ് കോൺഗ്രസിൽ ചേർന്നത്. ആദിവാസികളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ഭിന്നിപ്പിന്റെ തന്ത്രങ്ങൾക്ക് വഴങ്ങാതെയാണ് അദ്ദേഹം ഇതുവരെ പ്രവർത്തിച്ചതെന്നും സുഖ്റാം രാത്വ പറഞ്ഞു. ഗുജറാത്തിൽ കോൺഗ്രസിന്റെ വിജയത്തിനായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും, രാത്വ പറഞ്ഞു.

ഗുജറാത്തിൽ കഴിഞ്ഞ 25 വർഷമായി ബിജെപി അധികാരത്തിലാണ്, അവർ ആദിവാസികളെ കന്നുകാലികളായാണ് കണക്കാക്കുന്നതെന്ന് വസവ കുറ്റപ്പെടുത്തി. നമ്മുടെ നഗരങ്ങളഅ സംരക്ഷിക്കണമെങ്കിൽ ആദിവാസി സംസ്കാരങ്ങൾ സംരക്ഷിക്കപ്പെടണം. വരും ദിവസങ്ങളിൽ, കോൺഗ്രസ് പാർട്ടിയുടെ ഭാഗമായി, സ്റ്റാച്യു ഓഫ് യൂണിറ്റി, സിങ്ക് സ്മെൽറ്റർ പ്രോജക്ട് തുടങ്ങിയ പദ്ധതികൾക്കെതിരെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും വസവ പറഞ്ഞു.2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ക്രൗഡ് പുള്ളറായിരുന്നു രാജേഷ് വസവ. ബിടിപി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര റാത്വയെ പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് ആക്ട് പ്രകാരം അറസ്റ്റിലായതോടെയായിരുന്നു വസവ മത്സര രംഗത്ത് ഇറങ്ങിയത്.

ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവാണ് പ്രതിപക്ഷ നേതാവായ സുഖ്റാം രത്വയും. 2017 ൽ 77 സീറ്റുകളായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് നേടിയത്. അതായത് 1995 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്ക്. 8 ഓളം മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെ വോട്ടുകൾക്കായിരുന്നു കോൺഗ്രസ് പരാജയപ്പെട്ടത്. ഇക്കുറി സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂലമായ സാഹചര്യമാണെന്നാണ് സംസ്ഥാന നേതാക്കൾ ആവശ്യപ്പെടുന്നത്. അതേസയം ആം ആദ്മിയുടേയും കൂടി കനടന്ന് വരവോടെ സംസ്ഥാനത്ത് ശക്തമായ ത്രികോണ പോരാട്ടത്തിനാകും വേദിയാകുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications