എതിരാളികളുടെ വീട്ടില്‍വരെ പ്രചരണം നടത്തുന്ന ബിജെപിക്കാര്‍; ഗുജറാത്ത് വീണ്ടും മോദിക്ക് വഴിയൊരുക്കുമോ
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി അധികാരത്തിലിരിക്കുന്ന ബി ജെ പി വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. മാത്രമല്ല കഴിഞ്ഞ തവണ നേരിട്ട നേരിയതെങ്കിലുമായ തിരിച്ചടി മറികടക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ് ബി ജെ പി. പാര്‍ട്ടിയുടെ ലക്ഷ്യം ഈ നിയമസഭാ തെരഞ്ഞെടുപ്പ് മാത്രമല്ല.
ഒന്നര വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കുകയാണ് ബി ജെ പി ഇത്തവണ ചെയ്ത് കൊണ്ടിരിക്കുന്നത്. അതിനായി ഏറ്റവും അടിത്തട്ടില്‍ നിന്നാണ് ബി ജെ പി പ്രവര്‍ത്തിക്കുന്നത്. ഒരു കാലത്ത് കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന സംസ്ഥാനം ഇന്ന് കണ്ണെത്താ ദൂരത്തേക്ക് മാറി പോയതിന്റെ കാരണവും ഈ ഒരു തന്ത്രം കാരണമാണ്.

ബി ജെ പി പ്രവര്‍ത്തകരേയും നേതാക്കളേയും ഓരോ ടീമായി രൂപീകരിച്ച് സംസ്ഥാനത്തെ ഓരോ വീട്ടിലും കയറിയിറങ്ങി വോട്ടുകള്‍ ഉറപ്പിക്കുക എന്ന ജോലിയാണ് താഴെത്തട്ടില്‍ പാര്‍ട്ടി നടത്തുന്നത്. പ്രാദേശിക വോട്ടര്‍മാരുടെ വോട്ട് താല്‍പര്യം, രാഷ്ട്രീയം എന്നിവ എല്ലാം ഈ ടീമിന് ഹൃദിസ്ഥമായിരിക്കും. വര്‍ഷങ്ങളായി ശേഖരിച്ച പ്രാദേശിക വോട്ടര്‍മാരെക്കുറിച്ചുള്ള വിശദാംശങ്ങളുള്ള ഒരു ഡാറ്റാബേസിന്റെ സഹായത്തോടെ, പതിനൊന്ന് പേരടങ്ങുന്ന സംഘമാണ് ഓരോ വാര്‍ഡിലുമുള്ളത്.

ഇവര്‍ ആ വാര്‍ഡിലെ എല്ലാ വീടുകളിലും നേരിട്ടെത്തുകയും അവരുമായി വാട്‌സാപ്പ് വഴി ബന്ധപ്പെട്ടും കുടുംബങ്ങള്‍ക്ക് സൗജന്യ അരിയും വൈദ്യസഹായവും നല്‍കുന്ന സര്‍ക്കാര്‍ ക്ഷേമ പരിപാടികളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ പ്രചരണം എതിരാളികളുടെ വീട്ടില്‍ പോലും എത്തിക്കാന്‍ ഇതുവഴി ബി ജെ പിക്ക് സാധിക്കുന്നുണ്ട്.

ചാഞ്ചാട്ടമുള്ള വോട്ടുകള്‍ തങ്ങള്‍ക്കുറപ്പിക്കാന്‍ ഇത് വഴി സാധിക്കും എന്നാണ് ബി ജെ പി നേതാക്കള്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പതിറ്റാണ്ടിലേറെ മുഖ്യമന്ത്രിയായ സംസ്ഥാനമാണ് ഗുജറാത്ത്. അതിനാല്‍ സംസ്ഥാനത്ത് അടിയൊഴുക്കുകളൊന്നും ബി ജെ പിക്ക് പ്രതീക്ഷിക്കുന്നില്ല. ആം ആദ്മി ഇത്തവണ മത്സരരംഗത്തുണ്ടെങ്കിലും അത് കോണ്‍ഗ്രസ് വോട്ടില്‍ ആയിരിക്കും വിള്ളല്‍ വീഴ്ത്തുക എന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്.

അതിനാല്‍ തന്നെ സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലും എത്തി ഓരോ വോട്ടറെയും നേരില്‍ കണ്ട് പാര്‍ട്ടി അടിത്തറ ശക്തമാക്കാന്‍ ബി ജെ പി ശ്രമിക്കുന്നുണ്ട്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തന്റെ പാര്‍ട്ടിയുടെ പിന്തുണ വിപുലീകരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പരമാവധി സീറ്റ് നേടി മിഷന്‍ 450 എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുകയാണ് ബി ജെ പിയുടെ നീക്കം.

ദേശീയ നേതാക്കളെ അണിനിരത്തി മെഗാ റാലികള്‍ നടത്തുന്നതും ഈ തന്ത്രത്തിന്റെ മറ്റൊരു ഭാഗമാണ്. റാലികള്‍ പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും പാര്‍ട്ടിയുടെ പ്രചരണം എത്തിക്കാന്‍ സാധിക്കും. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രിയും പാര്‍ട്ടിയുടെ പ്രധാന തന്ത്രജ്ഞനുമായ അമിത് ഷാ, പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന അടിത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ പ്രൊഫഷണല്‍ പോള്‍ അനലിസ്റ്റുകളെ വെച്ച് വിശകലനം ചെയ്യും.

ഇത് അടിസ്ഥാനമാക്കിയാണ് അമിത് ഷാ സാമൂഹിക സഖ്യങ്ങള്‍ ഉണ്ടാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹിന്ദു ദേശീയത, പുതിയ സാമൂഹിക, ജാതി കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കല്‍, സ്ത്രീകള്‍ക്കും ക്ഷേമ പരിപാടികള്‍ക്കും പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ എന്നിവയാണ് കോണ്‍ഗ്രസിന് പകരം ബി ജെ പി എന്ന ഓപ്ഷനിലേക്ക് ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് എന്ന് സ്‌കൂള്‍ ഓഫ് മോഡേണ്‍ മീഡിയ ഡീന്‍ നളിന്‍ മേത്ത പറയുന്നു.

അതേസമയം ഇത്തരത്തില്‍ സര്‍വ്വ സന്നാഹങ്ങളുമുള്ള വലിയ ശൃംഖലയുണ്ടെങ്കിലും ബി ജെ പി അജയ്യമല്ല. ശക്തരായ പ്രാദേശിക നേതാക്കള്‍ ഇല്ലാത്തതിനാല്‍ ആണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് അടിത്തറ ഉറപ്പിക്കാന്‍ ബി ജെ പി ശ്രമിക്കുന്നുണ്ടെങ്കിലും പ്രാദേശിക വികാരം മറികടക്കുക എളുപ്പമല്ല.












Click it and Unblock the Notifications