നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുത്: മുന്നറിയിപ്പുമായി ഖലിസ്ഥാനി നേതാവ്
ഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്തെ വിവിധ വിമാന സര്‍വ്വീസുകള്‍ക്ക് നേരേ വലിയ തോതിലുള്ള ബോംബ് ഭീഷണികളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇതില്‍ പലതും വ്യാജമാണെന്ന് തെളിഞെങ്കിലും ആശങ്ക ഇപ്പോഴും ശക്തമാണ്. ഇതിനിടയില്‍ തന്നെയാണ് വിമാന യാത്രക്കാരെ കൂടുതല്‍ ആശങ്കയിലാക്കിക്കൊണ്ട് ഖാലിസ്ഥാനി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ ഒരു മുന്നറിയിപ്പും വന്നിരിക്കുന്നത്.
എയർ ഇന്ത്യ ജീവനക്കാർക്കാണ് ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ മുന്നറിയിപ്പ്. നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. "സിഖ് വംശഹത്യയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് ഈ തീയതികളിൽ എയർ ഇന്ത്യ വിമാനത്തിന് നേരെ ആക്രമണം ഉണ്ടായേക്കാം". എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനമായ ഭീഷണി ഉയർത്തിയ നേതാവാണ് ഗുർപത്വന്ത് സിംഗ് പന്നൂന്‍. വിമാനങ്ങള്‍ക്ക് നേരെ നിരന്തരം ബോംബ് ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് ഖലിസ്ഥാനി നേതാവിന്റെ മുന്നറിയിപ്പും എന്നതിനാല്‍ തന്നെ ഇതിനെ വലിയ പ്രധാന്യത്തോടെ തന്നെയാണ് കാണുന്നത്. കാനഡയിലും യുഎസിലും ഇരട്ട പൗരത്വമുള്ള ഗുർപത്വന്ത് സിംഗ് പന്നൂന്‍ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ് എഫ് ജെ) സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ്.
മറ്റൊരു ഭീകരന്‍ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകം ഉൾപ്പെടെയുള്ള സംഭവങ്ങളില്‍ ഖാലിസ്ഥാനി ഭീകരർ ഇന്ത്യയെ ലക്ഷ്യമിട്ടേക്കാമെന്ന മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്. ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിലെ പങ്കിനെ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വരെ അവതാളത്തിലായ സാഹചര്യത്തില്‍ കൂടിയാണ് ഇത്തരം മുന്നറിയിപ്പ്.
ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ പേര് മാറ്റുമെന്നും നവംബർ 19 ന് അടച്ചിടേണ്ടി വരുമെന്നും അവകാശപ്പെട്ടുകൊണ്ടുള്ള ഒരു വീഡിയോ പന്നൂൻ 2023 നവംബറില്‍ പുറത്തിറക്കിയിരുന്നു. ക്രിമിനൽ ഗൂഢാലോചന, മതത്തിൻ്റെ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരമുള്ള വിവിധ കുറ്റകൃത്യങ്ങൾ ചുമത്തി എന്‍ എ ഐ കേസെടുത്ത വ്യക്തി കൂടിയാണ് ഇദ്ദേഹം.
അതേസമയം ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം സ്ഫോടനത്തിന്റെ അന്വേഷണവും ഖലിസ്ഥാനി ഭീകരറിലേക്ക് നീളുകയാണ്. ഡല്‍ഹി രോഹിണി പ്രശാന്ത് വിഹാറിലെ സി ആര്‍ പിഎഫ് സ്‌കൂളിനു സമീപത്തായി നടന്ന സ്ഫോടനത്തില്‍ ഏതെങ്കിലും ഖലിസ്ഥാനി സംഘടനകള്‍ക്ക് പങ്കുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഖലിസ്ഥാനുമായി ബന്ധമുള്ള ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന ടെലഗ്രാം ചാനലിലാണ് സ്ഫോടനത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഇതോടെയാണ് ആ വഴിക്കുമുള്ള അന്വേഷണം ആരംഭിച്ചത്.












Click it and Unblock the Notifications