ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടത് ശിവലിംഗമല്ല; അഭിഭാഷകന്‍ തെറ്റിദ്ധരിപ്പിച്ചു, അപ്പീല്‍ പോകുമെന്ന് കമ്മിറ്റി
ലഖ്‌നൗ: കോടതി നിര്‍ദേശ പ്രകാരം സര്‍വ്വെ നടത്തിയ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടത് ശിവലിംഗമല്ല എന്ന് പള്ളിക്കമ്മിറ്റിയുടെ അഭിഭാഷകന്‍. പള്ളിയില്‍ അംഗശുദ്ധ വരുത്താന്‍ വെള്ളം കരുതുന്ന ചെറിയ കുളത്തില്‍ വീഡിയോഗ്രാഫി സര്‍വ്വെയില്‍ ശിവലിംഗം കണ്ടു എന്നാണ് പരാതിക്കാരുടെ പ്രതിനിധിയായി സര്‍വ്വെയില്‍ പങ്കെടുത്ത അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെയും ഇയാള്‍ സമീപിച്ചിരുന്നു. തുടര്‍ന്ന് ഈ സ്ഥലം സംരക്ഷിക്കാനും ആരെയും അവിടേക്ക് കടത്തി വിടരുതെന്നും കോടതി ഉത്തരവിട്ടു.
എന്നാല്‍ പള്ളിയില്‍ വെള്ളം നിറച്ചുവച്ചിരിക്കുന്ന സ്ഥലത്ത് കണ്ടത് ശിവലിംഗമല്ലെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ് പരാതിക്കാരുടെ അഭിഭാഷകന്‍ പുറത്തുവിട്ടിരിക്കുന്നതെന്നും വിവരം അറിഞ്ഞ ഉടനെ കോടതി സീല്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നുവെന്നും അന്‍ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ റഈസ് അഹമ്മദ് അന്‍സാരി പറഞ്ഞു. സീല്‍ ചെയ്തതോടെ വുദു എടുക്കാന്‍ ബദല്‍ സംവിധാനം ഒരുക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വുസൂഖാനയില്‍ കണ്ടത് ശിവലിംഗമല്ല. അത് ഫൗണ്ടൈന്‍ മാത്രമാണ്. മുഗള്‍ കാലത്തെ നിര്‍മിതികളുടെ ഭാഗമാണത്. ഈ ഭാഗം സീല്‍ ചെയ്യണമെന്ന കോടതി ഉത്തരവ് വന്ന പിന്നാലെയാണ് റഈസ് അന്‍സാരിയുടെ പ്രതികരണം. കോടതിയുടേത് തിടുക്കത്തിലുള്ള നടപടിയാണ്. സര്‍വ്വെ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പാണ് കോടതി ഇടപെടല്‍. ഇക്കാര്യത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും അന്‍സാരി പറഞ്ഞു. പള്ളിയില്‍ സര്‍വ്വെ നടത്താന്‍ വാരണാസി കോടതി ഉത്തരവിട്ടിരുന്നു. ഇതിന് അലഹാബാദ് ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് പള്ളി കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ വാദം കേള്‍ക്കും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ ബെഞ്ചാണ് വാദം കേള്‍ക്കുക.
ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തി വന്ന സര്‍വ്വെ ഇന്ന് രാവിലെയാണ് അവസാനിച്ചത്. തൊട്ടുപിന്നാലെയാണ് ഞങ്ങള്‍ ജയിച്ചെന്നും തെളിവ് ലഭിച്ചെന്നും അഭിഭാഷകന്‍ വിഷ്ണു ജെയിന്‍ മാധ്യമങ്ങളെ അറിയിച്ചത്. ഇക്കാര്യം കോടതിയെയും അറിയിച്ചു. തുടര്‍ന്ന് അംഗശുദ്ധി വരുത്തുന്ന കുളം സീല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു.
12 അടി നീളവും എട്ട് ഇഞ്ച് വീതിയുമുള്ള ശിവലിംഗമാണ് കണ്ടത് എന്നാണ് അഭിഭാഷകന്‍ പറയുന്നത്. സര്‍വ്വെ നടത്തിയ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഉള്‍പ്പെടുന്ന കമ്മീഷന്റെ റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും. ഹിന്ദുക്കളും മുസ്ലിങ്ങളും കോടതി ഉത്തരവ് പാലിക്കുകയും സര്‍വ്വെ പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് വാരണാസി കളക്ടര്‍ കൗശാല്‍ രാജ് ശര്‍മ പറഞ്ഞു. കമ്മീഷന്റെ കണ്ടെത്തല്‍ സംബന്ധിച്ച് ഒന്നും വെളിപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications