ഗ്യാൻവാപി; മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി തള്ളി അലഹബാദ് ഹൈക്കോടതി
അലഹബാദ്: ഗ്യാൻവാപി മസ്ജിദ് കേസ് വാരണാസി കോടതിയിൽ തുടരുന്നത് ചോദ്യം ചെയ്ത് കൊണ്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. കേസ് ജില്ലാ കോടതിയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ആരാധനക്ക് അനുമതി തേടിയുള്ള ഹിന്ദു സ്ത്രീകളുടെ ഹരജി നിലനിൽക്കുമെന്നും വ്യക്തമാക്കി.
2012 ലായിരുന്നു ആരാധനയ്ക്ക് അനുമതി തേടി അഞ്ച് ഹിന്ദു സ്ത്രീകൾ ഹർജി സമർപ്പിച്ചത്. പള്ളിയുടെ പുറംഭിത്തിയിൽ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങൾ ഉണ്ടെന്നും ആരാധിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ ഇതിനെതിരെ മസ്ജിദ് കമ്മിറ്റി ജില്ലാ കോടതിയെ സമീപിച്ചുവെങ്കിലും ഹിന്ദു സ്ത്രീകളുടെ ഹർജി നിലനിൽക്കുമെന്ന് ജില്ലാ കോടതി ഉത്തരവിടുകയായിരുന്നു. തുടർന്നാണ് 1991ലെ ആരാധനാലയ നിയമം, 1995ലെ സെൻട്രൽ വഖഫ് നിയമം എന്നിവ പ്രകാരം 2022 സെപ്തംബറിലെ വിധി പരിഗണിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് (എ ഐ എം) കമ്മിറ്റിയും ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും ഹൈക്കോടതിയിൽ ഹർജി നൽകിയത്.

അതേസമയം ഹൈക്കോടതി വിധിയെ ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ സ്വാഗതം ചെയ്തു. 'വിധി ചരിത്രപരമാണ്. അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി നിലനിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ചെടുത്തോളം വലിയ വിജയമാണ് ഇത്. ഗ്യാൻവാപി മസ്ജിജിദിന്റെ സ്ഥാനത്ത് മഹത്തായ ഒരു ശിവക്ഷേത്രം നിർമ്മിക്കുന്ന ദിവസം വിദൂരമല്ലെന്ന് താൻ പ്രതീക്ഷിക്കുന്നു', ഹരിശങ്കർ പറഞ്ഞു.
'പള്ളിയുടെ മുഴുവൻ പരിസരവും ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് സർവേ നടത്തണമെന്ന് ഞങ്ങൾ അപേക്ഷ നൽകിയിരുന്നു. ഇതിൽ മെയ് 19 നകം എതിർവാദം ഫയൽ ചെയ്യാൻ പള്ളി കമ്മിറ്റിക്ക് വാരണാസി ജില്ലാ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മെയ് 22 ന് വാദം കേൾക്കും', ഹരിശങ്കർ പറഞ്ഞു. ഗ്യാൻവാപി പള്ളിയിൽ ശാസ്ത്രീയ പരിശോധന നടത്താൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് നേരത്തേ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ശിവലിംഗം കണ്ടെത്തി എന്ന് അവകാശപ്പെടുന്ന ഭാഗത്ത് പരിശോധന നടത്താനായിരുന്നു അനുമതി നൽകിയത്.
പതിനാറാം നൂറ്റാണ്ടില്‍ കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്താണ് ഗ്യാൻവാപി പള്ളി പണിതതെന്നാണ് ഹർജിക്കാരുടെ വാദം. ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെയായിരുന്നു ഗ്യാൻവാപി വിഷയം വീണ്ടും ചർച്ചയായത്.












Click it and Unblock the Notifications