കോടതിയില്‍ നിന്ന് ഇളവ്, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ഹര്‍ദിക് പട്ടേല്‍
ദില്ലി: സംവരണ പ്രക്ഷോഭ കേസില്‍ ഇളവ് ലഭിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ഹര്‍ദിക് പട്ടേല്‍. കോണ്‍ഗ്രസിനുള്ള ശുഭസൂചനയാണിത്. അദ്ദേഹം മത്സരിച്ചാല്‍ പാട്ടീദാര്‍ വിഭാഗം അത് വൈകാരിക വിഷയമായി കാണാന്‍ വരെ സാധ്യതയുണ്ട്. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റാണ് ഹര്‍ദിക് പട്ടേല്‍. ഹര്‍ദിക്കിനെതിരായ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. പട്ടേല്‍ സംവരണ പ്രക്ഷോഭ കേസില്‍ 2018 ജൂലായിലാണ് വിസ്‌നഗര്‍ കോടതി ഹര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ആ വര്‍ഷം ഓഗസ്റ്റില്‍ തന്നെ ഹര്‍ദിക്കിന് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ശിക്ഷാ നടപടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടേല്‍ കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു.

തന്റെ ലക്ഷ്യം തിരഞ്ഞെടുപ്പില്‍ മത്സരിക്കുക മാത്രമല്ല, ജനസേവനം കൂടിയാണെന്ന് ഹര്‍ദിക് പട്ടേല്‍ പറയുന്നു. 2015ല്‍ പാട്ടീദാര്‍ സംവരണ പ്രക്ഷോഭത്തെ നയിച്ചത് പട്ടേലായിരുന്നു. ഒബിസി വിഭാഗത്തില്‍ സംവരണം വേണമെന്നായിരുന്നു ആവശ്യം. താന്‍ തെറ്റായ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ സുപ്രീം കോടതി അത് സ്‌റ്റേ ചെയ്തിരിക്കുകയാണ്. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കുണ്ട്. ഹൈക്കോടതി നേരത്തെ അദ്ദേഹത്തിന്റെ അപേക്ഷ നല്‍കിയതോടെ വലിയ പ്രതിസന്ധിയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ ഹര്‍ദിക് തീരുമാനിച്ചത്.
ഹര്‍ദിക് പട്ടേലിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാത്തത് അഭിപ്രായ പ്രകടനം നടത്താനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മനന്ദര്‍ സിംഗ് വാദിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം ഇതിനോടകം നഷ്ടപ്പെട്ട് കഴിഞ്ഞു. പോലീസ് അദ്ദേഹത്തെ വേട്ടയാടുകയാണെന്നും മനീന്ദര്‍ സിംഗ് കുറ്റപ്പെടുത്തി. കോടതിക്ക് മുന്നിലുള്ള വിഷയം ഹര്‍ദിക് മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതല്ല. അത് ക്രിമിനല്‍ നിയമത്തിന്റെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടതെന്നും, ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
അതേസമയം ഗുജറാത്ത് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഹര്‍ദിക് മത്സരിക്കുമെന്ന സൂചന നല്‍കുന്നത് കോണ്‍ഗ്രസിന് പുത്തനുണര്‍വാണ്. വലിയ തോതില്‍ യുവാക്കളെ സ്വാധീനിക്കാന്‍ ഹര്‍ദിക്കിന് സാധിക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കമില്ല. ഗുജറാത്തില്‍ വിജയിക്കാനായാല്‍ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനുള്ള കരുത്ത് വര്‍ധിപ്പിക്കാനും സാധിക്കും. ഇപ്പോള്‍ അദ്ദേഹം നേരിടുന്ന എതിര്‍പ്പുകളും ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കും. പാട്ടീദാര്‍ വിഭാഗത്തെ കോണ്‍ഗ്രസുമായി ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലൂടെ പട്ടേലിന് സാധ്യമാകും. ഹര്‍ദിക്കിനെ പരാജയപ്പെടുത്താന്‍ ഒരിക്കലും പാട്ടീദാര്‍ വിഭാഗം ആഹ്വാനം ചെയ്യുകയുമില്ല.
ഇത്തവണ യുവ വോട്ടര്‍മാരെ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം തന്നെ നയിക്കാന്‍ പോകുന്നത്. ജിഗ്നേഷ് മേവാനിയും ഇതോടൊപ്പമുണ്ട്. ഇവര്‍ രണ്ട് പേരും രണ്ട് വിഭാഗങ്ങളെ കോണ്‍ഗ്രസിനൊപ്പം ഉറപ്പിച്ച് നിര്‍ത്താനും സഹായിക്കും. കഴിഞ്ഞ തവണ നേരിയ മാര്‍ജിനിലാണ് കോണ്‍ഗ്രസിന് ഗുജറാത്തില്‍ ഭരണം നഷ്ടമായത്. ഇത്തവണ കനത്ത വെല്ലുവിളിയായി ആംആദ്മി പാര്‍ട്ടി മുന്നിലുണ്ട്. ഇതിനെയെല്ലാം മറികടക്കാന്‍ കോണ്‍ഗ്രസ് നന്നായി ബുദ്ധിമുട്ടും. സൂറത്തില്‍ വന്‍ നേട്ടമുണ്ടാക്കി ഇതിനോടകം കോണ്‍ഗ്രസിന് എഎപി വെല്ലുവിളിയായിരിക്കുകയാണ്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ എഎപിയില്‍ ചേരാനായി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications