സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; തമിഴ്‌നാട് മുന്‍ സ്‌പെഷ്യല്‍ ഡിജിപി രാജേഷ് ദാസിന് 3 വര്‍ഷം തടവ്
ചെന്നൈ: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് മുന്‍ സ്‌പെഷ്യല്‍ ഡിജിപി രാജേഷ് ദാസിന് മൂന്ന് വര്‍ഷത്തെ തടവ്. പതിനായിരം രൂപ പിഴയായും അദ്ദേഹം അടയ്ക്കണം. വില്ലുപുരം കോടതിയാണ് ശിക്ഷ വിധിച്ചത്. 2021ല്‍ രാജേഷ് ദാസിനെതിരെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു.
പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള ഡ്യൂട്ടിക്കിടെ തന്നെ മുന്‍ സ്‌പെഷ്യല്‍ ഡിജിപി പീഡിപ്പിച്ചുവെന്നായിരുന്നു ഇവര്‍ ആരോപിച്ചത്. അതേസമയം അന്നത്തെ ചെങ്കല്‍പ്പേട്ട് എസ്പി ഡി കണ്ണന് 500 രൂപ പിഴയും കോടതി ചുമത്തി. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ പരാതി നല്‍കുന്നതില്‍ നിന്ന് തടയാന്‍ ഇയാള്‍ ശ്രമിച്ചുവെന്നും കോടതി പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക്, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് പരാതിക്കാരി അടങ്ങുന്ന സംഘമായിരുന്നു സുരക്ഷയൊരുക്കിയിരുന്നത്. ആ സമയത്ത് രാജേഷ് ദാസ് സ്‌പെഷ്യല്‍ ഡിജിപിയായിരുന്നു. വാഹനത്തില്‍ വെച്ച് രാജേഷ് ദാസ് തന്നെ പീഡിപ്പിച്ചുവെന്നാണ് ഇവര്‍ ആരോപിച്ചിരുന്നത്.
എന്നാല്‍ എസ്പി കണ്ണന്‍, പോലീസ് ഉദ്യോഗസ്ഥയെ പരാതി നല്‍കരുതെന്ന് പറഞ്ഞ് തടഞ്ഞിരുന്നു. ഇതാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ കാരണമായത്. തമിഴ്‌നാട് സിബി-സിഐഡി വിഭാഗം രാജേഷ് ദാസിനെതിരെ കേസെടുത്തതോടെ, അദ്ദേഹത്തെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മദ്രാസ് ഹൈക്കോടതി, മുന്‍ ഡിജിപിക്കെതിരായ ആരോപണങ്ങളില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്വേഷണത്തെ ഹൈക്കോടതി നിരീക്ഷിക്കുമെന്നും അറിയിച്ചിരുന്നു.
അതേസമയം രാജേഷ് ദാസിന് അപ്പീല്‍ നല്‍കാന്‍ കോടതി മുപ്പത് ദിവസത്തെ സാവകാശം നല്‍കിയ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഡിഎംകെ പ്രചാരണത്തില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു.
രാജേഷ് ദാസിനെതിരായ നടപടികള്‍, ഡിഎംകെ അധികാരത്തില്‍ വന്നാല്‍ വേഗത്തിലാക്കുമെന്ന് സ്റ്റാലിന്‍ ഉറപ്പ് നല്‍കിയിരുന്നു. നേരത്തെ ഡിജിപിക്കെതിരെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പരാതി നല്‍കാന്‍ പോകുന്നതിനിടെ നൂറ്റമ്പതോളം പോലീസുകാരെത്തി തടയാന്‍ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications