ഹരിയാനയിൽ ഭരണത്തുടർച്ച ലഭിക്കുമോ? ഈ 3 കാര്യങ്ങൾ തുണച്ചാൽ ഹാട്രിക്കെന്ന്', ബിജെപി പ്രതീക്ഷ ഇങ്ങനെ
ഡൽഹി: ഹരിയാനയിൽ മൂന്നാം തവണയും ഭരണം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി ജെ പി. ശക്തമായ ഭരണവിരുദ്ധ വികാരമാണ് വീണ്ടും അധികാരം നേടാനുള്ള പാർട്ടി മോഹങ്ങൾക്ക് കരിനിഴൽ വീഴ്ത്തുന്നത്. ഈ സാഹചര്യത്തിൽ തന്ത്രം മാറ്റി വിജയം ഉറപ്പാക്കുന്നുള്ള നീക്കങ്ങളാണ് പാർട്ടി നടത്തുന്നത്. പ്രധാനമായും മൂന്ന് കാര്യങ്ങളിലൂന്നിയാണ് ബി ജെ പി പ്രധാനമായും പ്രചരണം നടത്തുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഗ്രാമീണ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഗ്രാമീണ മേഖലയിലെ 45 ഓളം നിയമസഭ സീറ്റുകളിൽ കോൺഗ്രസ് വലിയ മുന്നേറ്റം നേടുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഗ്രാമീണ വോട്ടർമാരെ ലക്ഷ്യം വെച്ചുള്ള പ്രചരണത്തിന് ബി ജെ പി പ്രധാന്യം നൽകി. ഇതിനായി ആർഎസ്എസിന്റെ പിന്തുണയും നേതൃത്വം നേടിയെടുത്തിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് ബിജെപിക്ക് വേണ്ടി പ്രചരണ രംഗത്തുണ്ടായിരുന്നില്ല. സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു നേതൃത്വം വിട്ട് നിന്നത്. ഇത് തിരിച്ചടിയായെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ആർഎസ്എസിന്റെ പിന്തുണയും ബി ജെ പി തേടിയത്. പാർട്ടിക്ക് വേണ്ടി താഴെ തട്ടിലിറങ്ങിയുള്ള പ്രചരണമായിരുന്നു ആർഎസ്എസ് കാഴ്ചവെച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളും വികസന മുന്നേറ്റങ്ങളും ജനങ്ങൾക്കിടയിൽ ചർച്ചയാക്കി മാറ്റാനും ആർഎസ്എസ് ശ്രമിച്ചു. ഇതിനായി 150 വളണ്ടർമാരെ ആർഎസ്എസ് നിയോഗിച്ചിരുന്നു.
ജാട്ട് ഇതര വോട്ടുകളും ലക്ഷ്യം
സംസ്ഥാനത്തിന്റെ 27 ശതമാനം ജാട്ട് വിഭാഗങ്ങളാണ്. പൊതുവെ കോൺഗ്രസിനെ പിന്തുണയ്ക്കുന്നവരാണ് സമുദായം. ജാട്ട് ഇതര വോട്ടുകളാണ് ബിജെപി പ്രധാനമായും കണ്ണുവെയ്ക്കുന്നത്. ബ്രാഹ്മണ സമുദായം, ബനിയ വിഭാഗം, ഗുജ്റാർ, രാജ്പുട്, പഞ്ചാബി, സുനാറാസ്, സൈനീസ്, റോർ, കുംറാസ് തുടങ്ങിയ വിഭാഗങ്ങളുടെ പിന്തുണയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്.
മാത്രമല്ല മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനിയെ നിയോഗിച്ചതോടെ ദളിത് വിഭാഗത്തിന്റെ പിന്തുണ നേടാനായെന്നും ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്. ദളിത് വിഭാഗക്കാരിയും കോൺഗ്രസ് നേതാവുമായ കുമാരി സിൽജയ്ക്കെതിരെ പാർട്ടിയിൽ നിന്നും ജാതി അധിക്ഷേപം നേരിട്ടപ്പോൾ വിഷയം രാഷ്ട്രീയമായി ആയുധമാക്കാൻ ബിജെപി ശ്രമിച്ചിരുന്നു.
കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ ഗുണം ചെയ്യുമോ
തങ്ങൾ ഒറ്റക്കെട്ടാണെന്ന് അവകാശപ്പെടുമ്പോഴും കോൺഗ്രസിൽ മുൻ മുഖ്യമന്ത്രി ഭൂപേന്ദർ സിംഗ് ഹൂഡ വിഭാഗവും മുതിർന്ന ദളിത് നേതാവായ കുമാരി സെൽജയുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ ഹൂഡ ക്യാമ്പിന് കൂടുതൽ സീറ്റുകൾ ലഭിച്ചത് സിൽജയെ ചൊടിപ്പിച്ചിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നെല്ലാം അവർ വിട്ട് നിന്നിരുന്നു. എന്നാൽ പിന്നീട് ദേശീയ നേതൃത്വം ഇടപെട്ടാണ് സിൽജയെ അനുനയിപ്പിച്ചത്. കോൺഗ്രസ് ക്യാമ്പിലേക്ക് മടങ്ങിയെത്തിയെങ്കിലും സിൽജയ്ക്കും അനുയായികൾക്കും ഉള്ളിലുണ്ടായ മുറിവ് ഉണങ്ങിയിട്ടില്ലെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. ഇതെല്ലാം ഗുണം ചെയ്താൽ ഭരണത്തുടർച്ച സാധ്യമാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.












Click it and Unblock the Notifications