ഹരിയാനയിൽ രണ്ടും കൽപിച്ച് ബിജെപി; പ്രകടനപത്രിക പുറത്ത്, 'മിനിമം താങ്ങുവില, സ്ത്രീകൾക്ക് ധനസഹായം'
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിൽ വമ്പൻ വാഗ്‌ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക പുറത്ത്. കർഷകരെയും വനിതകളെയും യുവാക്കളെയും ഒരുപോലെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് ഇതിലുള്ളത്. മുൻ അഗ്നിവീറുകൾക്ക് സ്ഥിരം ജോലി ഉറപ്പാക്കൽ, വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കൽ എന്നിങ്ങനെ ഒട്ടേറെ ജനകീയ പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
ഇരുപത് വാഗ്‌ദാനങ്ങൾ അടങ്ങിയ ഒരു പരമ്പര തന്നെ ബിജെപി ഹരിയാനയിൽ ജനങ്ങൾക്ക് മുൻപിലേക്ക് വച്ചിട്ടുണ്ട്. ക്ഷേമപ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, തൊഴിൽ മേഖലകൾക്ക് ഊന്നൽ നൽകിയാണ് ഈ പ്രഖ്യാപനങ്ങൾ വന്നിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഹരിയാനയിലെ ഭരണകക്ഷിയായ ബിജെപി ഇക്കുറി ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഈ പ്രകടന പത്രിക തയ്യാറാക്കിയതെന്ന് വ്യക്തമാണ്.

വനിതകൾക്ക് മാസംതോറും ധനസഹായം നൽകും എന്നതുൾപ്പടെ പ്രകടന പത്രികയിൽ പറയുന്നുണ്ട്. ലാഡോ ലക്ഷ്‌മി യോജനയ്ക്ക് കീഴിൽ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2100 രൂപ ധനസഹായം ഉറപ്പാക്കുമെന്ന് ബിജെപി വാഗ്‌ദാനം ചെയ്യുന്നു. ഓരോ നഗരത്തിലും 50,000 സ്വദേശികൾക്ക് വീതം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ടുള്ള 10 വ്യാവസായിക നഗരങ്ങളുടെ നിർമ്മാണവും പദ്ധതികളിൽ ഉൾപ്പെടുന്നു.
2 ലക്ഷം പേർക്ക് ഉറപ്പായ സർക്കാർ ജോലിയും ദേശീയ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്‌കീമിന് കീഴിൽ 5 ലക്ഷം വ്യക്തികൾക്ക് അധിക തൊഴിലവസരങ്ങളും നൽകുമെന്ന് അവർ വാഗ്‌ദാനം ചെയ്യുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പത്രിക ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ജെപി നദ്ദയാണ് പുറത്തിറക്കിയത്.
റോഹ്ത്തക്കിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻ ലാൽ ബദോലി എന്നിവരും പങ്കെടുത്തു. വനിതാ വോട്ടർമാരെ ആകർഷിക്കാനുള്ള ഒന്നിലേറെ വാഗ്‌ദാനങ്ങൾ വേറെയും പത്രികയിലുണ്ട്. ഹർഘർ ഗൃഹാനി യോജനയ്ക്ക് കീഴിൽ 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ, അവൽ ബാലിക യോജന വഴി ഗ്രാമപ്രദേശങ്ങളിലെ വനിതാ കോളേജ് വിദ്യാർത്ഥികൾക്ക് സ്‌കൂട്ടറുകൾ കൊടുക്കും എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങൾ.
അതേസമയം, ഇക്കുറി ഹരിയാനയിൽ ബിജെപിക്ക് വലിയ വെല്ലുവിളിയാവുമെന്ന് കരുതുന്ന കോൺഗ്രസ് കഴിഞ്ഞ ദിവസമാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 18 മുതൽ 60 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 2000 ധനസഹായവും സംസ്ഥാന വ്യാപകമായ രീതിയിൽ ജാതി സർവേയും നടത്തുമെന്നാണ് കോൺഗ്രസിന്റെ പ്രധാന വാഗ്‌ദാനങ്ങൾ.
ഒക്ടോബർ അഞ്ചിനാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയിൽ 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയപ്പോൾ കോൺഗ്രസിന് 31 സീറ്റുകളാണ് ലഭിച്ചത്. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയെടുത്ത മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് അധികാരം തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.












Click it and Unblock the Notifications