ഹരിയാന വർഗീയ സംഘർഷം: ഗുരുഗ്രാമില്‍ വെള്ളിയാഴ്ചത്തെ ജുമാ നമസ്കാരം ഒഴിവാക്കി മുസ്ലീം കൗൺസിൽ
ഗുരുഗ്രാം: വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗുരുഗ്രാമിലെ പള്ളികളിലും തുറസ്സായ സ്ഥലങ്ങളിലും ജുമാ (വെള്ളിയാഴ്ചത്തെ പ്രത്യേക നമസ്കാരം) നമസ്കാരം നടത്തരുതെന്ന് വിശ്വാസികളോട് അഭ്യർത്ഥിച്ച് ഹരിയാന മുസ്ലീം കൗൺസിൽ. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഏറെ പ്രധാനപ്പെട്ട ജുമാ നമസ്കാരം ഒഴിവാക്കുന്നതെന്ന് മുസ്ലിം കൗൺസിൽ അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ച ജുമാ നമസ്കാരത്തിനായി പള്ളികളിൽ എത്തരുതെന്ന് ഗുരുഗ്രാമിലെ ഇമാമുമാർ നഗരത്തിലെ മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ഗുഡ്ഗാവ് മുസ്ലീം കൗൺസിൽ വക്താവ് അൽതാഫ് അഹമ്മദ് പറഞ്ഞു. "മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ജുമാ നമസ്‌കാരം ജമാഅത്തായി നടക്കേണ്ട ഒരു നിർബന്ധ ബാധ്യതയാണ്. എന്നിരുന്നാലും സമീപകാല വർഗീയ കലാപങ്ങൾ കണക്കിലെടുക്കുമ്പോൾ, അവർ മിക്കവാറും ഈ ആഴ്ചയെങ്കിലും പള്ളികളിൽ പ്രാർത്ഥനയിൽ നിന്ന് വിട്ടുനിൽക്കും, "അദ്ദേഹം പറഞ്ഞു.

ഗുരുഗ്രാമിൽ തുറസ്സായ സ്ഥലത്ത് വെള്ളിയാഴ്ച പ്രാർത്ഥന നടത്തില്ലെന്ന് മുസ്ലീം ഏകതാ മഞ്ച് പ്രസിഡന്റ് ഹാജി സജ്ജാദ് ഖാനും പറഞ്ഞു. "മുമ്പും, ഗുരുഗ്രാമിൽ നമസ്കാരം നിർവ്വഹിക്കുന്നതിനെതിരെ എതിർപ്പുണ്ടായിരുന്നു. നുഹിലെ അക്രമം കണക്കിലെടുത്ത്, നമ്മുടെ ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തത്," ഹാജി സജ്ജാദ് വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിൽ പ്രാർത്ഥിക്കുന്നതോ പള്ളികളിൽ ഒത്തുകൂടുന്നതോ ഒഴിവാക്കണമെന്ന് ഗുരുഗ്രാമിലെ ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഫ്തി സലീം ഖാസ്മി വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചു. 'സാഹോദര്യം നിലനിർത്തേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെ്. തുറന്ന സ്ഥലത്ത് നമസ്‌കരിക്കരുതെന്നും അവരുടെ വീടുകളിൽ തുടരണമെന്നും ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. മസ്ജിദിൽ താമസിക്കുന്ന ആളുകൾക്ക് മാത്രമേ അവിടെ വെച്ച് നമസ്കരിക്കാൻ കഴിയൂ, "അദ്ദേഹം പറഞ്ഞു.
മുസ്ലീം സമുദായത്തിലെ അംഗങ്ങൾ വെളളിയാഴ്ച ജില്ലാ പൊലീസ് മേധാവി നിശാന്ത് കുമാർ യാദവിനെ സന്ദർശിച്ച് സുരക്ഷാ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുകയും വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. എല്ലാ മുസ്ലീം പള്ളികളിലും പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും എല്ലാ സുരക്ഷാ നടപടികളും ശക്തമാണെന്നും യാദവ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്, ആളുകൾക്ക് പള്ളികളിൽ നമസ്‌കരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽപ്പോലും അവർക്ക് സമാധാനപരമായി അതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, എല്ലാ സെൻസിറ്റീവ് ഏരിയകളിലും ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications